| Tuesday, 20th December 2022, 7:13 pm

കാപ്പയിലെ ഈ രണ്ട് കഥാപാത്രങ്ങളായിരിക്കും പ്രേക്ഷകരുടെ മനസില്‍ നില്‍ക്കുക; സസ്‌പെന്‍സിനെക്കുറിച്ച് പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കടുവയുടെ വിജയത്തിനു ശേഷം ഷാജി കൈലാസും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കാപ്പ. ജി.ആര്‍ ഇന്ദുഗോപന്റെ പ്രശസ്തമായ കഥയായ ശംഖുമുഖിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. ചിത്രം കണ്ട് തിയേറ്ററില്‍ നിന്നും ഇറങ്ങുമ്പോള്‍ മനസില്‍ നില്‍ക്കുക അതിലെ രണ്ട് കഥാപാത്രങ്ങളായിരിക്കുമെന്നും ശംഖുമുഖി വായിച്ചിട്ടുള്ളവര്‍ക്ക് ആ കാര്യം അറിയാമായിരിക്കമെന്നും പൃഥ്വിരാജ് പറഞ്ഞു.

”നായക കഥാപാത്രങ്ങളുടെ നിഴലായിട്ടാണ് സ്ത്രീകഥാപാത്രങ്ങളെ സിനിമയില്‍ കാണിക്കുകയെന്ന് മാധ്യമങ്ങള്‍ പരാതി പറയാറുണ്ട്. കാപ്പയിലെ രണ്ട് സ്ത്രീകഥാപാത്രങ്ങളും വളരെ സ്‌ട്രോങ്ങാണ്.

ശംഖുമുഖി വായിച്ചിട്ടുള്ളവര്‍ക്ക് ആ കാര്യം അറിയാമായിരിക്കും. ഞാന്‍ ഇപ്പോള്‍ ആ സസ്‌പെന്‍സ് ബ്രേക്ക് ചെയ്യുന്നില്ല. ഈ സിനിമ കണ്ട് കഴിയുമ്പോള്‍ എനിക്ക് തോന്നുന്നത് ഇവരെ തന്നെയാകും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുക.

അപര്‍ണയും അന്നയും തന്നെയായിരിക്കും കാപ്പ കണ്ട് തിരിച്ച് വീട്ടില്‍ ചെല്ലുമ്പോള്‍ നിങ്ങളുടെ ഉള്ളില്‍ ഉണ്ടാവുക. കഥാപാത്രങ്ങള്‍ക്ക് എല്ലാം ഐഡന്റിറ്റിയുണ്ട്. ആരും ആരുടെയും നിഴലില്‍ അല്ല,” പൃഥ്വിരാജ് പറഞ്ഞു.

ആസിഫ് അലി, ജഗദീഷ്, ദിലീഷ് പോത്തന്‍, അന്ന ബെന്‍, അപര്‍ണ ബാലമുരളി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍. ഇന്ദുഗോപന്‍ തന്നെയാണ് കാപ്പയുടെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഫെഫ്ക റൈറ്റേഴ്സ് യൂണിയന് നിര്‍മാണ പങ്കാളിത്തമുള്ള ചിത്രം എന്ന പ്രത്യേകതയും കാപ്പക്കുണ്ട്. ചിത്രത്തിന്റെ റിലീസ് ഡിസംബര്‍ 22 ന് ആണ്.

content highlight: actor prithviraj about kappa movie

We use cookies to give you the best possible experience. Learn more