Entertainment news
നമ്മുടെ ജാതകത്തില്‍ പ്രശ്‌നമുണ്ടല്ലോയെന്ന് ആടുജീവിതത്തിന്റെ ലൊക്കേഷനില്‍ നിന്നും ഷാജിയേട്ടനെ വിളിച്ചു ചോദിച്ചു; അതിനൊരു കാരണമുണ്ടായിരുന്നു: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 21, 05:31 am
Wednesday, 21st December 2022, 11:01 am

കാപ്പ കണ്ട് ഇറങ്ങുമ്പോള്‍ മനസില്‍ നില്‍ക്കുക ചിത്രത്തിന്റെ ട്രെയ്‌ലറില്‍ കാണുന്ന ഹീറോയിക് മൊമന്റ്‌സോ ആക്ഷന്‍ സീക്വന്‍സുകളോ അല്ലെന്ന് നടന്‍ പൃഥ്വിരാജ്. അതുകൊണ്ടാണ് ഷാജി കൈലാസിന്റെ ഏറ്റവും നല്ല ചിത്രമായിരിക്കും കാപ്പയെന്ന് താന്‍ പറഞ്ഞതെന്നും പൃഥ്വിരാജ് പറഞ്ഞു.

താന്‍ പറയുന്ന സജന്‍ഷസ് ഒന്നും ഷൂട്ടിങ്ങ് സമയത്ത് ഷാജി കൈലാസ് സിനിമയില്‍ ഉള്‍കൊള്ളിച്ചില്ലെന്നും ഇത് വേറെ ലൈനിലാണ് പിടിക്കാന്‍ പോകുന്നതെന്നാണ് അപ്പോള്‍ പറയാറുള്ളതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”കാപ്പയുടെ ട്രെയ്‌ലറില്‍ കാണുന്ന ആക്ഷന്‍സ് സീന്‍സെല്ലാം ഒരു കമേഴ്ഷ്യല്‍ സിനിമയുടെ ഭാഷയില്‍ കണ്‍സീവ് ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഒരു കഥാപാത്രത്തെ ഹീറോ ആയിട്ട് പ്ലേസ് ചെയ്യുന്നത് ഒക്കെ ആ സിനിമയിലുണ്ട്.

ഞാന്‍ ആ സിനിമ മുഴുവന്‍ കണ്ടതാണ്. കണ്ട് കഴിയുമ്പോള്‍ നമ്മുടെ മനസില്‍ തങ്ങി നില്‍ക്കുക ഈ ഹീറോയിക് മൊമന്റ്‌സോ ആക്ഷന്‍ സീക്വന്‍സുകളോ അല്ല. ഈ സിനിമയില്‍ ഭയങ്കര ഇമോഷണല്‍ കോര്‍ ഉണ്ട്. സിനിമ തീര്‍ന്നിട്ട് എന്റെ മനസില്‍ ശരിക്കും തങ്ങി നിന്നതും അതൊക്കെയാണ്.

അതുകൊണ്ടാണ് കടുവയുടെ സക്‌സസ് സെലിബ്രേഷനില്‍ വെച്ച് ഷാജി ഏട്ടന്റെ ഏറ്റവും നല്ല സിനിമയാണ് കാപ്പ എന്ന് ഞാന്‍ പറഞ്ഞത്. ഈ സിനിമ അദ്ദേഹമാണ് സംവിധാനം ചെയ്യാന്‍ പോകുന്നതെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ആടുജീവിതത്തിന്റെ ലൊക്കേഷനില്‍ ആയിരുന്നു.

ചേട്ടാ നമ്മുടെ ജാതകത്തില്‍ എന്തോ പ്രശ്‌നമുണ്ടല്ലോയെന്നാണ് ഞാന്‍ അവിടെ നിന്നും വിളിച്ച് ചോദിച്ചത്. കാരണം കടുവ കഴിഞ്ഞ് പെട്ടെന്ന് തന്നെ ഒന്നിച്ച് കാപ്പ വരുന്നു. കാരണം ഇത് പ്ലാന്‍ഡ് അല്ലായിരുന്നു.

അന്ന് ഇത് എങ്ങനെയാണ് എടുക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചിരുന്നു. മോനെ ഇത് ഞാന്‍ വേറെ ലൈനിലാണ് പിടിക്കാന്‍ പോകുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഷാജി ഏട്ടന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ ഞാന്‍ ഒരു അസിസ്റ്റന്റ് ഡയറക്ടറെ പോലെയാണ്. ഞാന്‍ അടുത്ത് ചെന്ന് ഓരോ സജഷന്‍സ് പറയും. ഇത് വേറെ പാറ്റേണാണ്, അതിന്റെ ആവശ്യമില്ലെന്നാണ് തിരിച്ച് പറയുക. സ്ഥിരം ഷാജി കൈലാസ് ചിത്രങ്ങളില്‍ നിന്നും വേറെ സ്റ്റൈല്‍ പിടിക്കാനായിട്ടാണ് ആദ്യം മുതലേ അദ്ദേഹം പ്ലാന്‍ ചെയ്തത്,” പൃഥ്വിരാജ് പറഞ്ഞു.

കടുവയുടെ വിജയത്തിനു ശേഷം ഷാജി കൈലാസും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കാപ്പ. ജി.ആര്‍ ഇന്ദുഗോപന്റെ പ്രശസ്തമായ കഥയായ ശംഖുമുഖിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

content highlight:actor prithviraj about kaappa movie and shaji kailas