കടുവയുടെ വിജയത്തിനു ശേഷം ഷാജി കൈലാസും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കാപ്പ. ജി.ആര്‍. ഇന്ദുഗോപന്റെ പ്രശസ്തമായ കഥയായ ശംഖുമുഖിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
കാപ്പയില്‍ താന്‍ ഉപയോഗിച്ച സ്ലാങ്ങിനെക്കുറിച്ച് പറയുകയാണ് പൃഥ്വിരാജ്. ചിത്രത്തില്‍ തനിക്ക് മാത്രം ഇഷ്ടമുള്ള രീതിക്ക് സംസാരിക്കാനുള്ള ലൈസന്‍സ് ഉണ്ടായിരുന്നവെന്നാണ് പൃഥ്വിരാജ് പറഞ്ഞത്.
തിരുവനന്തപുരത്ത് ജനിച്ച് വളര്‍ന്ന വ്യക്തിയായത് കൊണ്ട് തനിക്ക് സ്ലാങ്ങില്‍ സംസാരിക്കാന്‍ എളുപ്പമായിരുന്നുവെന്നും സിനിമകളില്‍ സാധാരണ ഉപയോഗിക്കുന്ന ഭാഷയല്ല യഥാര്‍ത്ഥത്തില്‍ ഉള്ളതെന്നും നടന്‍ പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”കാപ്പയില്‍ ഞാന്‍ പറയുന്ന ഡയലോഗുകള്‍ എന്റെ ഇഷ്ടത്തിന് പറയാനുള്ള ലൈസന്‍സ് എനിക്ക് ഉണ്ടായിരുന്നു. സാധാരണ ഫ്രണ്ട്‌സുമായിട്ടൊക്കെ സംസാരിക്കുന്ന പോലെ തന്നെയാണ് ഇതില്‍ ഞാനും ജഗദീഷ് ഏട്ടനും സംസാരിച്ചിട്ടുള്ളത്.
തിരുവന്തപുരത്തുള്ള എന്റെ സുഹൃത്തുക്കള്‍ വിളിക്കുമ്പോള്‍ അറിയാതെ ഞാന്‍ പഴയ തിരുവനന്തപുരത്തെ സ്ലാങ്ങില്‍ സംസാരിക്കാറുണ്ട്. രാജമാണിക്യം അല്ലാതെ പല സിനിമകള്‍ കാരണം ഫേമസ് ആയ തിരുവനന്തപുരം ഭാഷയുണ്ട്. പക്ഷെ അത് അത്ര കോമണ്‍ അല്ല. ആ സ്ലാങ്ങാണ് നമ്മള്‍ ഉപയോഗിക്കുന്നത് എന്ന് കാണിക്കാനായി കുറച്ച് പെരുപ്പിച്ചാണ് സിനിമയില്‍ കാണിക്കുക.
അവിടെ ജനിച്ച് വളര്‍ന്ന ആളായത് കൊണ്ട് സിനിമ ചെയ്യാന്‍ എളുപ്പമായിരുന്നു. ഡയലോഗ് കയ്യില്‍ തന്നിട്ട് എനിക്ക് ഇഷ്ടമുള്ള രീതിയില്‍ പറയാന്‍ പറയുമായിരുന്നു,” പൃഥ്വിരാജ് പറഞ്ഞു.