| Saturday, 16th April 2022, 4:07 pm

എന്നെപ്പോലെ ഒരാള്‍ക്ക് സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍സ് നിലനിര്‍ത്തിക്കൊണ്ടുപോകുക വലിയ ബാധ്യതയാണ്; തുടരുന്നതിന് കാരണമുണ്ട്: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഷ്യല്‍മീഡിയയില്‍ വലിയ ഫോളോവേഴ്‌സുള്ള നടനാണ് പൃഥ്വിരാജ്. പൃഥ്വിയുടെ മിക്ക പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. സിനിമയെ കുറിച്ചും മകളെ കുറിച്ചും ലൊക്കേഷന്‍ വിശേഷങ്ങളുമെല്ലാം പൃഥ്വിരാജ് തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടിലൂടെ പങ്കുവെക്കാറുണ്ട്.

എന്നാല്‍ സോഷ്യല്‍മീഡിയ നിലനിര്‍ത്തിക്കൊണ്ടുപോകുക എന്ന് പറയുന്നത് തന്നെപ്പോലെ ഒരാള്‍ക്ക് വലിയ ബാധ്യതയാണെന്നും സോഷ്യല്‍ മീഡിയ ഉപേക്ഷിക്കാത്തതിന് കാരണമുണ്ടെന്നും പറയുകയാണ് പൃഥ്വി. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്നെപ്പോലെ ഒരാള്‍ക്ക് ഈ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍സ് നിലനിര്‍ത്തിക്കൊണ്ടുപോകുക എന്നത് വലിയ ബാധ്യതയാണ്. സോഷ്യല്‍മീഡിയയ്ക്ക് പുറത്ത് ജീവിക്കാന്‍ താത്പര്യപ്പെടുന്ന ആളാണ് ഞാന്‍.

പിന്നെ എന്താണ് അങ്ങ് പോയ്ക്കൂടെ എന്നുള്ള ചോദ്യം പ്രസക്തമാണ്. എന്താണ് പോകാത്തത് എന്ന് ചോദിച്ചാല്‍ സിനിമയെ സംബന്ധിച്ച് ഏറ്റവും വലിയ പബ്ലിസിറ്റി പ്ലാറ്റ്‌ഫോം ആണ് ഷോഷ്യല്‍ മീഡിയ. അതായത് ലീഡ് ആക്ടേഴ്‌സിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോംസ് ആണ് ദി ബിഗ്ഗെസ്റ്റ് പബ്ലിസിറ്റി പ്ലാറ്റ്‌ഫോം.

ഏത് പുതിയ സിനിമ ഉണ്ടാക്കിയാലും നിര്‍മാതാവിന് കോസ്റ്റില്ലാതെ പബ്ലിസിറ്റി ചെയ്യാന്‍ പറ്റുന്ന പ്ലാറ്റ്‌ഫോം ആണ് ഇത്. ഇവിടുത്തെ ലീഡിങ് ന്യൂസ് പേപ്പറില്‍ 40 ലക്ഷം രൂപയ്ക്ക് ഒരു ഫ്രണ്ട് പേജ് ആഡ് കൊടുത്താല്‍ ആ ആഡ് ന്യൂസ് പേപ്പറില്‍ കാണുന്നതിന്റെ പത്തിരട്ടി ആള്‍ക്കാര്‍ എന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കാണും.

അതുള്ളതുകൊണ്ട് തന്നെ നമുക്ക് സോഷ്യല്‍ മീഡിയ വേണ്ടെന്ന് വെക്കാനും പറ്റില്ല. ഞാനുള്‍പ്പെടെയുള്ള പലരും സോഷ്യല്‍ മീഡിയയിലെ ഫോളോവേഴ്‌സിനെ കൂട്ടാന്‍ ശ്രമിക്കുന്നത് മാര്‍ക്കറ്റിങ് മിഷനറി എന്ന നിലയ്ക്കാണ്.

തീര്‍ച്ചയായും നമ്മുടെ ആരാധകരുമായും നമ്മളെ ഇഷ്ടപ്പെടുന്നവരുമായും ഇന്ററാക്ട് ചെയ്യാന്‍ കഴിയും എന്നത് സന്തോഷമുള്ള കാര്യമാണ് പക്ഷേ ഞാന്‍ തുറന്ന് നിങ്ങളോട് പറയുകയാണ് ആരുടേയും പ്രയോറിറ്റി അതല്ല, പൃഥ്വിരാജ് പറഞ്ഞു.

പൃഥ്വി ഇടുന്ന പോസ്റ്റുകളുടെ കാപ്ഷന്‍സ് ആരാണ് സജസ്റ്റ് ചെയ്യുന്നത് എന്ന ചോദ്യത്തിന് അത് ആ പോസ്റ്റിനെ അടിസ്ഥാനപ്പെടുത്തിയിരിക്കുമെന്നായിരുന്നു പൃഥ്വിയുടെ മറുപടി.

ജന ഗണ മനയുടെ ഫസ്റ്റ് ടീസറിനൊപ്പം ഗാന്ധിയുടെ വാചകം പോകണമെന്നത് ഷാരിസിന്റേയും ഡിജോയുടേയും നിര്‍ദേശമായിരുന്നു. അത് ഞാന്‍ സെലക്ട് ചെയ്യുന്നതല്ല. എന്നാല്‍ ഒരു പേഴ്‌സണല്‍ പോസ്റ്റില്‍ നമ്മള്‍ ഇടുന്ന കാപ്ഷന്‍ നമ്മളുടേത് തന്നെയായിരിക്കും. അതിന് ഒരു റൂള്‍ ഒന്നും ഇല്ല, പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Actor Prithviraj About His Social media Handles

We use cookies to give you the best possible experience. Learn more