മലയാളം ഇന്‍ഡസ്ട്രിയില്‍ മാത്രമാണ് ഇതൊക്കെ നടക്കുന്നത്, മറ്റ് ഇന്‍ഡസ്ട്രിയില്‍ ഉള്ളവര്‍ക്ക് കേള്‍ക്കുമ്പോള്‍ അത്ഭുതമാണ്: പൃഥ്വിരാജ്
Entertainment news
മലയാളം ഇന്‍ഡസ്ട്രിയില്‍ മാത്രമാണ് ഇതൊക്കെ നടക്കുന്നത്, മറ്റ് ഇന്‍ഡസ്ട്രിയില്‍ ഉള്ളവര്‍ക്ക് കേള്‍ക്കുമ്പോള്‍ അത്ഭുതമാണ്: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 3rd January 2023, 10:12 am

ഷാജി കൈലാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായ ചിത്രമാണ് കാപ്പ. ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന് നിര്‍മാണ പങ്കാളിത്തമുള്ള ചിത്രമാണിത്. സിനിമയുടെ ലാഭത്തില്‍ നിന്നും ഒരു ഫണ്ട് റൈറ്റേഴ്‌സ് ആയിരുന്നവര്‍ക്കും ഇപ്പോഴും റൈറ്റേഴ്‌സായിട്ട് തുടരുന്നവര്‍ക്കും നല്‍കുക എന്നതാണ് ഇവരുടെ ലക്ഷ്യമെന്ന് പൃഥ്വിരാജ്. റൈറ്റേഴ്‌സിനെ സഹായിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇത് നമുക്ക് അഭിമാനിക്കാനുള്ള കാര്യമാണെന്നും മലയാളം ഇന്‍ഡസ്ട്രിയില്‍ മാത്രമാണ് ഇക്കാര്യങ്ങള്‍ നടക്കുന്നുള്ളുവെന്നും ഇത് അറിയുമ്പോള്‍ മറ്റ് ഇന്‍ഡസ്ട്രിയില്‍ ഉള്ളവര്‍ക്ക് അതിശയമാണെന്നും പൃഥ്വിരാജ് പറഞ്ഞു. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പരഞ്ഞത്.

”കാപ്പ ഒരു പ്രോജക്ടായി ചിന്തിക്കുന്നത് തന്നെ റൈറ്റേഴ്‌സ് യൂണിയന്റെ ഫണ്ട് ശേഖരണത്തിന് വേണ്ടിയാണ്. ഇന്ന് സജീവമായി വര്‍ക്ക് ചെയ്യാത്തവര്‍ക്ക് വേണ്ടി കൈനീട്ടം എന്ന പേരില്‍ മാസാമാസം ഒരു തുക റൈറ്റേഴ്‌സ് യൂണിയന്‍ നല്‍കുന്നുണ്ട്. അതായത് റൈറ്റേഴ്‌സ് ആയിരുന്നവര്‍ക്കും ഇപ്പോഴും റൈറ്റേഴ്‌സായിട്ട് തുടരുന്നവര്‍ക്കും ഒരു തുക നല്‍കും.

അതിലേക്ക് ഒരു ഫണ്ട് ശേഖരിക്കുക എന്നതാണ് ഈ സിനിമ കൊണ്ട് ലക്ഷ്യമിടുന്നത്. എന്ന് വെച്ച് ഞങ്ങളാരും ഫ്രീ ആയിട്ടല്ല ഈ സിനിമ ചെയ്തത്. അത് എടുത്ത് പറയേണ്ടതുണ്ട്. എല്ലാവര്‍ക്കും നല്ല ശമ്പളം തന്നിട്ടുണ്ട്.

ഈ സിനിമയുടെ ലാഭത്തില്‍ നിന്നും ഒരു തുക റൈറ്റേഴ്‌സ് യൂണിയന് കൈമാറി. റൈറ്റേഴ്‌സ് യൂണിയന് മാത്രമല്ല. ഇതുപോലെ ഡയറക്ടേഴ്‌സ് യൂണിയനും പ്രൊഡ്യൂസേഴ്‌സ് യൂണിയനും ഒക്കെ പ്രൊജക്ട്‌സ് പ്ലാന്‍ ചെയ്യുന്നുണ്ട്.

ഇത് നമുക്ക് അഭിമാനിക്കാനുള്ള കാര്യമാണ്. കാരണം മലയാളം ഇന്‍ഡസ്ട്രിയില്‍ മാത്രം നടക്കുന്ന കാര്യമാണ്. ഞാന്‍ ഇപ്പോള്‍ സലാറിന്റെ ഷൂട്ടിങ്ങിന് പോയപ്പോള്‍ കാപ്പ റൈറ്റേഴ്‌സ് യൂണിയന്റെ സിനിമയാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് അത്ഭുതമാണ്. നിങ്ങള്‍ക്ക് ഇത് എങ്ങനെ സാധിക്കുന്നു എന്നാണ് അവര്‍ ചോദിക്കുന്നത്,” പൃഥ്വിരാജ് പറഞ്ഞു.

കടുവയുടെ വിജയത്തിനു ശേഷം ഷാജി കൈലാസും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കാപ്പ. ജി.ആര്‍ ഇന്ദുഗോപന്റെ പ്രശസ്തമായ കഥയായ ശംഖുമുഖിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ആസിഫ് അലി, ജഗദീഷ്, ദിലീഷ് പോത്തന്‍, അന്ന ബെന്‍, അപര്‍ണ ബാലമുരളി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍. ഇന്ദുഗോപന്‍ തന്നെയാണ് കാപ്പയുടെ തിരക്കഥയും എഴുതിയിരിക്കുന്നത്.

content highlight: actor prithviraj about film kaappa movie