പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ വലിയ വിജയത്തിലേക്ക് കുതിക്കുകയാണ്. മാസ്സ് ആക്ഷന്‍ എന്റര്‍ടൈനറായി ഒരുക്കിയ ചിത്രം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.
പൃഥ്വിരാജിന്റെ കരിയറിലേയും വലിയ ഹിറ്റുകളില്‍ ഒന്നായി കടുവ മാറുമെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി എത്തിയത് നടി സംയുക്ത മേനോനായിരുന്നു. തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാളികള്‍ ഏറ്റെടുത്ത സംയുക്തയുടെ മികച്ച കഥാപാത്രങ്ങളില്‍ ഒന്ന് തന്നെയാണ് കടുവയിലേത്. കടുവ ഷൂട്ടിങ് സമയത്തെ ചില രസകരമായ കാര്യങ്ങള്‍ പങ്കുവെക്കുകയാണ് സംയുക്തയും പൃഥ്വിയും. സിനിമയ്ക്കിടെയുള്ള വര്‍ക്ക് ഔട്ടിനെ കുറിച്ചാണ് താരങ്ങള്‍ സംസാരിക്കുന്നത്.
ഞാന്‍ എവിടെ ട്രാവല്‍ ചെയ്താലും ഞാന്‍ താമസിക്കുന്ന ഹോട്ടലിന്റെ തൊട്ടടുത്ത് ജിം ഉണ്ടെന്ന് ഉറപ്പുവരുത്തും. അങ്ങനെ ഇല്ലാത്ത ഹോട്ടലാണെങ്കില്‍ എന്റെ റൂമിന് അടുത്തായി ഒരു ജിം സെറ്റ് അപ്പ് ചെയ്യും. ആദ്യമായിട്ടാണ് എന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന ഒരു നായിക എക്‌സ്‌ക്യൂസ് മീ പൃഥ്വിയുടെ ജിം ഞാനൊന്ന് യൂസ് ചെയ്‌തോട്ടെ എന്ന് ചോദിച്ചത് (ചിരി), പൃഥ്വിരാജ് പറഞ്ഞു.
ഫിറ്റ്‌നെസ് കാര്യമായി ശ്രദ്ധിക്കുന്ന സംയുക്ത എല്ലാ ദിവസവും ജിമ്മില്‍ പോകുന്ന ആളാണോ എന്ന ചോദ്യത്തിനായിരുന്നു പൃഥ്വിയുടെ മറുപടി.
ഫിറ്റ്‌നെസ് ഭയങ്കരമായി ഇഷ്ടപ്പെടുന്ന ആളാണ് താനെന്നായിരുന്നു ഇതിനോടുള്ള സംയുക്തയുടെ മറുപടി. ‘ എനിക്ക് ഫിറ്റ്‌നെസ് ഭയങ്കര ഇഷ്ടമാണ്. പാഡ്‌ലിങ്, കയാക്കിങ് പോലുള്ള ആക്ടിവിറ്റീസൊക്കെ എനിക്ക് ഇഷ്ടമാണ്. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഈ ഫിസിക് ഞാന്‍ ഇങ്ങനെ ആക്കി എടുത്തത്. വര്‍ക്ക് ഔട്ടിനെ കുറിച്ച് പറഞ്ഞാല്‍ ഭക്ഷണം കഴിക്കാന്‍ തോന്നിയാല്‍ നന്നായി കഴിക്കുന്ന ആളാണ് ഞാന്‍. പക്ഷേ ഒന്നോ രണ്ടോ കിലോ കുറയ്ക്കണമെന്ന് തോന്നിയാല്‍ അതില്‍ മാത്രമേ ഞാന്‍ ഫോക്കസ് ചെയ്യുള്ളൂ. എക്‌സ്ട്രീം ഫിറ്റ്‌നെസ് എന്നത് എന്റെ ലക്ഷ്യമൊന്നുമല്ല.
പിന്നെ ഞാന്‍ വര്‍ക്ക് ചെയ്യുന്ന സിനിമയുടെ ഡയരക്ടര്‍മാരൊന്നും ഒരു എക്‌സ്ട്രീം തിന്‍ ആയിട്ടുള്ള ഫിസിക് അപ്രീഷ്യേറ്റ് ചെയ്യുന്നവരുമായിരുന്നില്ല,’ സംയുക്ത പറഞ്ഞു.
തനൊരുഫിറ്റ്‌നെസ് ഫ്രീക്കൊന്നുമല്ലെന്നും ഫിറ്റ്‌നെസും കാര്യങ്ങളുമെല്ലാം തന്റെ ലൈഫ് സ്റ്റൈലിന്റെ ഭാഗമാണെന്നായിരുന്നു പൃഥ്വിയുടെ മറുപടി. ‘ഞാന്‍ സൈനിക് സ്‌കൂളാണ് പഠിച്ചത്. അവിടെ ഫിസിക്കല്‍ ഫിറ്റ്‌നെസ് നമ്മുടെ കരിക്കുലത്തിന്റെ ഭാഗമാണ്. രാവിലെ നമ്മള്‍ എഴുന്നേറ്റാല്‍ ആദ്യം ഫിസിക്കല്‍ ട്രെയിനിങ് സെഷനില്‍ പങ്കെടുക്കണം.
കോളേജില്‍ പോയപ്പോള്‍ അതൊക്കെ വിട്ടു. പിന്നീട് സിനിമയില്‍ വന്നപ്പോഴാണ് ഇതിനെ കുറിച്ച് ഞാന്‍ കൂടുതല്‍ ബോധവാനായത്. ശരീരമാണ് നമ്മുടെയൊരു ഉപകരണമെന്ന് മനസിലായി. ഏതാണ്ട് ക്ലാസ്‌മേറ്റ്‌സൊക്കെ ചെയ്യുന്ന സമയത്താണ് ഞാന്‍ ജിമ്മില്‍ പോയുള്ള വര്‍ക്ക് ഔട്ട് തുടങ്ങുന്നത്. അന്ന് ജയേട്ടനും (ജയസൂര്യ) നരേനുമൊക്കെ ഫുള്‍ കളിയാക്കലായിരുന്നു എന്നെ.
ഓ ഇതാ ഇവന്‍ വെളുപ്പിന് നാല് മണിക്ക് നിര്‍മാല്യം തൊഴാന്‍ പോകുന്ന പോലെ ജിമ്മില്‍ പോവുകയാണ് എന്നൊക്കെ പറഞ്ഞു കളിയാക്കും. അത് കഴിഞ്ഞ് ഒരു ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍, ‘ഏടാ നമ്മളെ ഈ ചെസ്റ്റ് വര്‍ക്ക് ഔട്ട് എങ്ങനെയാ’ എന്ന് ചോദിച്ച് അവര്‍ എന്റെ അടുത്ത്
അഡൈ്വസ് ചോദിച്ചു വന്നു (ചിരി).
അന്ന് മുതല്‍ ഇന്ന് വരെ ഫിസിക്കല്‍ ട്രെയിനിങ് ഇല്ലാത്ത കാലയളവില്ല. രാവിലെ എഴുന്നേറ്റ് ഒരു മണിക്കൂര്‍ വര്‍ക്ക് ഔട്ട് ചെയ്യും. പിന്നെ ഞാന്‍ ഈ സ്ഥിരം തടി കൂട്ടുകയും കുറയ്ക്കുകയും മസിലുണ്ടാക്കുകയുമൊക്കെ ചെയ്യുന്നതുകൊണ്ടായിരിക്കാം എന്റേയും ഉണ്ണിയുടേയും (ഉണ്ണി മുകുന്ദന്‍) അടുത്തൊക്കെ ചിലര്‍ ടിപ്‌സ് ചോദിക്കും ‘ എങ്ങനെയാണ് ആക്ച്വലി ഇത് സാധിക്കുന്നതെന്ന്’ (ചിരി). ഇത് ചോദിക്കുമ്പോള്‍ അവര്‍ പ്രതീക്ഷിക്കുന്നത് ഇപ്പോള്‍ നമ്മള്‍ ഒരു രഹസ്യം പറഞ്ഞുകൊടുക്കുമെന്നാണ്. എന്നാല്‍ ഒട്ടും ഇന്ററസ്റ്റിങ് അല്ലാത്ത കാര്യങ്ങള്‍ മാത്രമാണ് അവരോട് പറയാനുണ്ടാകുക, പൃഥ്വി പറഞ്ഞു.