| Thursday, 31st March 2022, 4:32 pm

അഞ്ച് വര്‍ഷം കൊണ്ട് ഭാവനയുടെ കടുത്ത ആരാധകനായി മാറി; എനിക്കറിയുന്ന സിനിമാലോകത്തുള്ളവര്‍ ഭാവനയുടെ തിരിച്ചുവരവില്‍ സന്തോഷിക്കുന്നവരാണ്: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടി ഭാവന വീണ്ടും സിനിമയിലേക്ക് വരുന്നതില്‍ സന്തോഷമെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ്. അഞ്ച് വര്‍ഷം കൊണ്ട് ഭാവനയുടെ കടുത്ത ആരാധകനായി താന്‍ മാറിയെന്നും പൃഥ്വിരാജ് പറഞ്ഞു. തനിക്കറിയാവുന്ന സിനിമാലോകത്തുള്ളവര്‍ ഭാവനയുടെ തിരിച്ചുവരവില്‍ സന്തോഷിക്കുന്നവരാണെന്നും ഭാവനയ്ക്ക് നീതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു. മീഡിയവണ്ണിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എനിക്ക് ഭയങ്കര സന്തോഷമുണ്ട്. ഞാന്‍ എന്നും ഭാവനയുടെ സുഹൃത്തായിരുന്നു പക്ഷേ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം കൊണ്ട് ഞാന്‍ അവരുടെ ഒരു വലിയ ആരാധകനായി മാറി, പൃഥ്വി പറഞ്ഞു.

ഭാവനയ്‌ക്കൊപ്പം സിനിമാമേഖലയിലുള്ള ചിലര്‍ നിന്നില്ലെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് സിനിമാലോകം എന്ന് പറയുന്നത് ഒരേപോലുള്ള ലോകത്തില്‍ ജീവിക്കുന്ന ഒരു പറ്റം ആളുകളല്ലെന്നായിരുന്നു പൃഥ്വിയുടെ മറുപടി.

ഞാന്‍ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളാണ്. എനിക്ക് എന്റേതായ ഒരു ലോകമുണ്ട്. എനിക്ക് ആ ലോകമേ അറിയുകയുള്ളൂ. ആ വേള്‍ഡില്‍ എല്ലാവരും ഭാവനയുടെ തിരിച്ചുവരവില്‍ സന്തോഷിക്കുന്നവരാണ്. മറിച്ച് മറ്റൊരാളുടെ ലോകത്ത് എന്താണെന്ന് എനിക്ക് അറിയില്ല. ഞാന്‍ അതിന്റെ ഭാഗമല്ല.

എന്നാല്‍ വെളിയില്‍ നില്‍ക്കുന്നവര്‍ക്ക് ഇതെല്ലാം ഒരു ലോകമാണെന്ന ചിന്തവരും. എന്നാല്‍ അങ്ങനെ അല്ല. ഞാന്‍ ജീവിക്കുന്ന എന്റേതായ ലോകത്തില്‍ എല്ലാവരും ഭയങ്കര പോസിറ്റിവിറ്റിയിലാണ് ഭാവനയുടെ തിരിച്ചുവരവിനെ കാണുന്നത്. ഭാവനയ്ക്ക് നീതി കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്,’ പൃഥ്വിരാജ് പറഞ്ഞു.

ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ ഉദ്ദേശ്യം നിറവേറ്റപ്പെടണമെന്ന് നേരത്തെ പൃഥ്വിരാജ് പറഞ്ഞിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് തീരുമാനിക്കേണ്ടത് രൂപികരിക്കപ്പെട്ടവരാണെന്നും പൃഥ്വിരാജ് പറഞ്ഞു. സെറ്റുകളില്‍ ജോലി സാഹചര്യം മെച്ചപ്പെടുമെങ്കില്‍ അത് വലിയ കാര്യമാണെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ ലൂസിഫര്‍ ഷൂട്ട് ചെയ്യുമ്പോള്‍ അവര്‍ സെറ്റ് വിസിറ്റ് ചെയ്തിരുന്നു, എന്നോട് സംസാരിച്ചിരുന്നു. എന്തുകൊണ്ട് റിപ്പോര്‍ട്ട് പുറത്തുവിടുന്നില്ല. അതിന്റെ അധികാരം ആര്‍ക്കാണ് എന്ന് എനിക്ക് അറിയില്ല. എന്റെ ആഗ്രഹം ആ എക്സൈസ്, ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ ഉദ്ദേശ്യം എന്താണോ അത് നടപ്പാക്കുക എന്നതാണ്,’ പൃഥ്വിരാജ് വ്യക്തമാക്കി.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ പല വിഗ്രഹങ്ങളും വീണുടയുമെന്ന് നടി പാര്‍വതി തിരുവോത്തും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. റിപ്പോര്‍ട്ട് നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പാര്‍വതി പറഞ്ഞു.സിനിമാ മേഖലയിലെ സ്ത്രീ സംരക്ഷണത്തിനായി ശബ്ദമുയര്‍ത്തിയപ്പോള്‍ അവസരം നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ് കിട്ടിയെന്നും ആഭ്യന്തര പരാതി പരിഹാര സെല്ലിനെതിരെ പ്രവര്‍ത്തിച്ചത് സിനിമാ മേഖലയിലെ കരുത്തരാണെന്നും പാര്‍വതി പറഞ്ഞിരുന്നു.

Content Highlight: Actor Prithviraj About Actress Bhavana Comeback

We use cookies to give you the best possible experience. Learn more