| Sunday, 25th December 2022, 3:48 pm

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ആടുജീവിതം പ്രിമിയര്‍ ചെയ്യണമെന്നാണ് ആഗ്രഹം; പക്ഷെ അതിനൊരു തടസമുണ്ട്: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസിയുടെ സംവിധാനത്തിലൊരുങ്ങുന്ന ആടുജീവിതം. ബെന്യാമിന്റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന സിനിമയില്‍ നടന്‍ പൃഥ്വിരാജാണ് കേന്ദ്ര കഥാപാത്രമായെത്തുന്നത്.

ചിത്രത്തിന്റെ റിലീസ് സമയത്തെ കുറിച്ചും റിലീസിനെ കുറിച്ചുള്ള തങ്ങളുടെ പ്രതീക്ഷകളെ കുറിച്ചും സംസാരിക്കുകയാണ് എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തില്‍ താരം.

2023ലെ കാന്‍ ഫിലിം ഫെസ്റ്റിവലിലൂടെ ചിത്രം പ്രിമിയര്‍ ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും എന്നാല്‍ ചിത്രത്തിന്റെ എല്ലാ വര്‍ക്കുകളും ആ സമയത്ത് തീരുമോ എന്ന് സംശയമാണെന്നും പൃഥ്വി പറയുന്നു.

”വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ആടുജീവിതം ഷൂട്ടിങ് പൂര്‍ണമായും കഴിഞ്ഞു. അതിന്റെ എഡിറ്റിങ്ങും കഴിഞ്ഞു. വി.എഫ്.എക്‌സ് വര്‍ക്കുകളും എ.ആര്‍. റഹ്മാര്‍ സാറിന്റെ വര്‍ക്കുമാണ് ഇനി നടക്കേണ്ട പ്രധാന വര്‍ക്കുകള്‍.

2023 കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രിമിയര്‍ ചെയ്യാന്‍ ശ്രമിക്കണം എന്നുള്ളതായിരുന്നു ബ്ലെസി ചേട്ടന്റെയും എന്റെയും ആഗ്രഹം. എന്നാല്‍ കാനിലേക്ക് സിനിമ സബ്മിറ്റ് ചെയ്യാനുള്ള ഫൈനല്‍ ഡേറ്റ് 2023 മാര്‍ച്ച് ആണെന്ന് തോന്നുന്നു.

അതിന് മുമ്പ് ഞാനിപ്പോള്‍ പറഞ്ഞ ഈ രണ്ട് വര്‍ക്കുകളും തീരുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്, ബ്ലെസി ചേട്ടനും. തീര്‍ന്നില്ലെങ്കിലും അടിത്ത ഏതെങ്കിലുമൊരു വലിയ ഇന്റര്‍നാഷണല്‍ പ്ലാറ്റ്‌ഫോമില്‍ ഒരു വേള്‍ഡ് പ്രീമിയര്‍ നടത്തിയതിന് ശേഷം ലോകമെമ്പാടും ആ സിനിമ റിലീസ് ചെയ്യണം എന്നുള്ളതാണ് ആഗ്രഹം.

ഇത് ബ്ലെസി ചേട്ടന്റെയും എന്റെയും ആ സിനിമയില്‍ വര്‍ക്ക് ചെയ്ത എല്ലാവരുടെയും ഒരു വലിയ എഫേര്‍ട്ടാണ്. എനിക്ക് തോന്നുന്നത് മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ശ്രമമായിരിക്കാം ഈ സിനിമ,” പൃഥ്വിരാജ് പറഞ്ഞു.

അതേസമയം ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കാപ്പയാണ് പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രം. സിനിമക്ക് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. അപര്‍ണ ബാലമുരളി, ആസിഫ് അലി, അന്ന ബെന്‍, ജഗദീഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

Content Highlight: Actor Prithviraj about Aadujeevitham movie

We use cookies to give you the best possible experience. Learn more