|

'എമ്പുരാനിലെ ആ സീന്‍ ഞാന്‍ ഷൂട്ട് ചെയ്തു കേട്ടോ'; എനിക്ക് അവരോട് പറയാനുള്ളത് അത് മാത്രമാണ്: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എമ്പുരാന്‍ എന്ന തന്റെ സിനിമയെ കുറിച്ചും ആ സിനിമ പൂര്‍ണതയിലെത്തിക്കാന്‍ നടത്തിയ ശ്രമങ്ങളെ കുറിച്ചും സിനിമയെ കുറിച്ചുള്ള തന്റെ സ്വപ്നത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ പൃഥ്വിരാജ്.

എമ്പുരാനിലെ ഫസ്റ്റ് ഹാഫിലെ ഒരു പ്രത്യേക സീന്‍ താന്‍ ഒരാളോട് നരേറ്റ് ചെയ്തപ്പോള്‍ അദ്ദേഹം തന്നോട് പറഞ്ഞ ചില കാര്യങ്ങളെ കുറിച്ചും പൃഥ്വിരാജ് സംസാരിക്കുന്നുണ്ട്.

എമ്പുരാന്റെ വര്‍ക്ക് തുടങ്ങുന്നതിന് മുന്‍പ് സിനിമയില്‍ ഇന്‍വെസ്റ്റ് ചെയ്യാനായി ഒരു ഒ.ടി.ടി പ്ലാറ്റ്‌ഫോം സമീപിച്ചിരുന്നെന്നും സൂം കോളിലായിരുന്നു അവര്‍ക്ക് താന്‍ കഥ നരേറ്റ് ചെയ്തതെന്നും പൃഥ്വി പറയുന്നു.

ഫസ്റ്റ് ഹാഫിലെ ഒരു പ്രത്യേക സീന്‍ എത്തിയപ്പോള്‍ അദ്ദേഹം സോറി, നിങ്ങള്‍ ഇത് എന്തൊക്കെയാണ് പറയുന്നത് എന്നാണ് ചോദിച്ചതെന്നും അതൊന്നും നടക്കാന്‍ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞെന്നും പൃഥ്വി പറയുന്നു.

ഇത് അദ്ദേഹം കേള്‍ക്കുണ്ടെങ്കില്‍ ‘ആ സീന്‍ ഞാന്‍ ഷൂട്ട് ചെയ്തു’ എന്നാണ് അദ്ദേഹത്തോട് തനിക്കിപ്പോള്‍ പറയാനുള്ളതെന്നും പൃഥ്വി പറയുന്നു.

‘ഈ സിനിമയുടെ പ്രൊജക്ട് കണ്‍സെപ്ഷന്‍ സ്റ്റേജില്‍ ഒരു മേജര്‍ ഒ.ടി.ടി സ്ട്രീമിങ് പ്ലാറ്റ് ഫോം സൂം കോളില്‍ എന്നോട് ഒരു നരേഷന്‍ ചോദിച്ചു. അവര്‍ക്ക് ഈ സിനിമയിലേക്ക് ഇന്‍വെസ്റ്റ് ചെയ്യാന്‍ വേണ്ടിയായിരുന്നു അത്.

ഞാന്‍ സൂം കോളില്‍ ഈ നരേഷന്‍ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഒരു പ്രത്യേക സീനില്‍, ഫസ്റ്റ് ഹാഫിലെ ഒരു മണിക്കൂറിന് ശേഷമുള്ള ഒരു സീന്‍ നരേറ്റ് ചെയ്തുകൊണ്ടിരുന്നപ്പോള്‍ അദ്ദേഹം എന്നോട് സോറി നിങ്ങള്‍ എന്താണ് ഈ പറയുന്നത് എന്ന് ചോദിച്ചു.

ഇതെങ്ങനെയാണ് നിങ്ങള്‍ പുള്‍ ഓഫ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്ന് ചോദിച്ചു. എങ്ങനെ എടുക്കുമെന്നാണ് പറയുന്നത് എന്നായിരുന്നു ചോദ്യം.

എന്റെ മനസില്‍ ഒരു മെത്തേര്‍ഡ് ഉണ്ട്. അത് എടുക്കാന്‍പറ്റും എന്ന് പറഞ്ഞപ്പോള്‍ അത് നടക്കുന്ന കാര്യമല്ല, ഇത് ഒരിക്കലും ചിന്തിക്കാന്‍ പറ്റാത്ത കാര്യമാണ് എന്ന് അദ്ദേഹം പറഞ്ഞു.

അദ്ദേഹം ഇന്നും അതേ സ്ട്രീമിങ് സര്‍വീസില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. എനിക്ക് നിങ്ങളോട് പറയാനുള്ളത് ഞാന്‍ ആ സീന്‍ ഷൂട്ട് ചെയ്തു കേട്ടോ എന്നു മാത്രമാണ്.

അതാണ് ഒരു സ്വപ്‌നത്തില്‍ വിശ്വസിക്കുന്നതും വിശ്വസിക്കാതിരിക്കുന്നതും തമ്മിലുള്ള വിശ്വാസം. ഇതെടുക്കാന്‍ പറ്റില്ലല്ലോ എന്ന് ഒരിക്കല്‍ പോലും ഒരു സീനില്‍ പോലും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിട്ടില്ല,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Actor Prithviraj about a Particular scene on Empuraan and his Reply to One OTT Platform