സ്വന്തമായി നിര്‍മ്മിക്കുന്ന സിനിമകളില്‍ അഭിനയിക്കാനാണ് തനിക്ക് ഇഷ്ടമെന്ന് തുറന്നുപറയുകയാണ് നടനും സംവിധായകനും കൂടിയായ പൃഥ്വിരാജ്. എന്റര്‍ടെയ്ന്‍മെന്റ് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് നിര്‍മ്മാതാവ് എന്ന റോളിനെകുറിച്ച് പൃഥ്വിരാജ് സംസാരിക്കുന്നത്.
നിര്‍മ്മിക്കുന്ന പടങ്ങളുടെ നിലവാരത്തിന്റെ നിയന്ത്രണം തന്റെ കയ്യിലായതുകൊണ്ട് കൂടുതല്‍ എളുപ്പത്തില്‍ അഭിനയവും മറ്റും ചെയ്യാനാകുമെന്നാണ് പൃഥ്വിരാജ് പറയുന്നത്. സ്വന്തമായി നിര്‍മ്മിക്കുന്ന ചിത്രങ്ങളിലാണോ മറ്റു ചിത്രങ്ങളിലാണോ അഭിനയിക്കാന്‍ എളുപ്പമെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പൃഥ്വിരാജ്.
‘പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രങ്ങളില്‍ അഭിനയിക്കാനാണ് എനിക്ക് കൂടുതല്‍ എളുപ്പം തോന്നിയിട്ടുള്ളത്. കാരണം പടത്തിന്റെ നിലവാരം ഉറപ്പാക്കുന്നതിന്റെ നിയന്ത്രണം എന്റെ കൈകളിലാണ്.
കാര്യങ്ങള്‍ തെറ്റിപ്പോയാല്‍ എനിക്ക് തിരുത്താന്‍ സാധിക്കും. എത്ര പണം ചെലവാക്കണം, എങ്ങനെ മുന്നോട്ടുപോകണം എന്ന കാര്യങ്ങളിലെല്ലാം എനിക്കും സുപ്രിയക്കും തീരുമാനങ്ങളെടുക്കാന്‍ കഴിയും.
ഞങ്ങളുടെ ബാനറില്‍ നിന്നും നിലവാരം കുറഞ്ഞ ഒരു സിനിമ പോലുമുണ്ടാകരുതെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്. പിന്നെ ആ സിനിമ വിജയിക്കുമോ ഇല്ലയോ എന്നുള്ളത് ഞങ്ങളുടെ നിയന്ത്രണത്തിലുള്ള വിഷയമല്ല, പക്ഷെ പ്രൊഡക്ഷന്റെ നിലവാരം ഞങ്ങളുടെ നിയന്ത്രണത്തിലാണ്. അതുറപ്പാക്കാന്‍ ശ്രമിക്കും.
അതുകൊണ്ട് തന്നെ ഞാന്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങളില്‍ അഭിനയിക്കുന്നതാണ് എനിക്ക് എളുപ്പം. കാരണം വരുന്ന സിനിമക്ക് ഒരു മിനിമം നിലവാരമുണ്ടാകുമെന്ന് എനിക്ക് ഉറപ്പുവരുത്താനാകും.
നിര്‍മാണം എന്നത് എനിക്ക് ഒരു അധികസമ്മര്‍ദമോ തലവേദനയോ അല്ല, സത്യത്തില്‍ എന്റെ സമ്മര്‍ദമില്ലാതാകുന്നത് നിര്‍മിക്കാന്‍ അവസരം കിട്ടുമ്പോഴാണ്,’ പൃഥ്വിരാജ് പറയുന്നു.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മിച്ച കുരുതി എന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ചിത്രത്തില്‍ ലായിഖ് പ്രധാന കഥാപാത്രത്തെയായിരുന്നു പൃഥ്വിരാജ് അവതരിപ്പിച്ചിരുന്നത്.
2017ല്‍ ആരംഭിച്ച പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് 9 എന്ന ചിത്രം നിര്‍മ്മിച്ചുകൊണ്ടാണ് ചലച്ചിത്ര നിര്‍മ്മാണരംഗത്തേക്ക് കടന്നുവരുന്നത്. ഡ്രൈവിംഗ് ലൈസന്‍സായിരുന്നു അടുത്ത ചിത്രം. രണ്ട് ചിത്രങ്ങളിലും പൃഥ്വരാജ് കേന്ദ്ര കഥാപാത്രങ്ങളെയായിരുന്നു അവതരിപ്പിച്ചിരുന്നത്.
നിലവില്‍ അന്യഭാഷ ചിത്രങ്ങളുടെ വിതരണത്തിലാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Actor Prithviraj abour producing movies and how it is stress relief for him