തിരുവനന്തപുരം: പി. കൃഷ്ണപിള്ളയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള സഖാവ് എന്ന ചിത്രത്തിലൂടെയാണ് നടന്‍ പ്രേംകുമാര്‍ മലയാള സിനിമയിലേക്ക് കടന്നുവന്നത്.
ചുരുങ്ങിയ കാലം കൊണ്ടുതന്നെ തന്റെതായ ഇടം സിനിമയില്‍ ഉണ്ടാക്കാന്‍ പ്രേം കുമാറിന് കഴിഞ്ഞിരുന്നു. എന്നാല്‍ തന്റെ ആദ്യ സിനിമയായ സഖാവും ചിത്രത്തിന് ഇതിവൃത്തമായ പി.കൃഷ്ണപിള്ളയുടെ ജീവിതവും തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് പ്രേം കുമാര്‍ പറയുന്നത്.
ദേശാഭിമാനിയില്‍ പി. കൃഷ്ണപിള്ളയെ കുറിച്ച് എഴുതിയ ലേഖനത്തിലാണ് പ്രേംകുമാര്‍ തന്റെ ആദ്യസിനിമയ്ക്കായി നടത്തിയ തയ്യാറെടുപ്പുകളും കൃഷ്ണപിള്ള തന്നെ സ്വാധീനിച്ചതിനെ കുറിച്ചും വിശദീകരിച്ചിരിക്കുന്നത്.
സിനിമയ്ക്കു വേണ്ടി പി. കൃഷ്ണപിള്ളയെ കുറിച്ചും അന്നത്തെ കാലത്തെക്കുറിച്ചും വിശദമായി മനസ്സിലാക്കുകയായിരുന്നു ആദ്യം ചെയ്തത്.
ഭാവനയെപ്പോലും അതിശയിപ്പിക്കുന്ന ആ അസാധാരണ വ്യക്തിത്വത്തെ അടുത്തറിയാന്‍ ശ്രമിച്ചു. അദ്ദേഹത്തിന്റെ ജീവചരിത്രവും അദ്ദേഹം രചിച്ച ലേഖനങ്ങളും പലതവണ വായിച്ചു. സഖാവിനെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞു. ലഭ്യമായ വിവരങ്ങള്‍ മുഴുവന്‍ ശേഖരിച്ചെന്നും പ്രേംകുമാര്‍ പറയുന്നു.
ഇങ്ങനെയൊരു മനുഷ്യന്‍ ജീവിച്ചിരുന്നു എന്ന് ഒരുപക്ഷേ വരുംതലമുറ വിശ്വസിച്ചേക്കില്ല. അത്രയ്ക്ക് അവിശ്വസനീയവും അസാധാരണവുമായിരുന്നു സഖാവിന്റെ ജീവിതവും വ്യക്തിത്വമെന്നും പ്രേംകുമാര്‍ പറഞ്ഞു.
അഭിനയിക്കുന്ന കഥാപാത്രങ്ങള്‍ നടന്‍ എന്ന വ്യക്തിയെ കുറച്ചൊക്കെ ചിലപ്പോള്‍ സ്വാധീനിക്കാറുണ്ട്. ഒരു കഥാപാത്രം നടന്റെ വ്യക്തിപരമായ ചിന്തകളെയും ആശയങ്ങളെയും കാഴ്ചപ്പാടുകളെയും വ്യക്തിത്വത്തെത്തന്നെയും മാറ്റിമറിച്ച അപൂര്‍വ അനുഭവമാണ് തനിക്കുണ്ടായതെന്നും പ്രേംകുമാര്‍ പറഞ്ഞു.