| Tuesday, 22nd March 2022, 8:53 pm

അതിജീവിതമാര്‍ ഒരിക്കലും മുഖം മറച്ച് അപമാന ഭാരത്താല്‍ ഏതെങ്കിലും മാളത്തില്‍ ഒളിച്ചിരിക്കേണ്ടവരല്ല; പ്രേംകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ചെറുത്ത് നില്‍പ്പിന്റെ സന്ദേശം കൂടിയായിരുന്നു ഇപ്രാവശ്യത്തെ ഐ.എഫ്.എഫ്.കെയുടെ ഉദ്ഘാടന വേദിയില്‍ കണ്ടതെന്ന് നടനും ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍മാനുമായ പ്രേംകുമാര്‍. ലോകമെമ്പാടും അടിച്ചമര്‍ത്തപ്പെട്ടവരുടെ പോരാട്ടത്തിന്റെ ശബ്ദം കൂടിയാണ് മേളയില്‍ മുഴങ്ങി കേള്‍ക്കുന്നതെന്നും പ്രേംകുമാര്‍ റിപ്പോര്‍ട്ടര്‍ ടി.വിയോട് പറഞ്ഞു.

ഫ്രെയ്മിങ് ഓഫ് കോണ്‍ഫ്‌ളിക്ട്‌സ് എന്ന് പറയും, സംഘര്‍ഷഭരിതമായ ജീവിതം നയിക്കുന്നവരുടെ കഥ പറയുന്ന സിനിമകള്‍ ഈ വിഭാഗത്തില്‍ ഉണ്ട്. കുറേ രാജ്യങ്ങളിലെ ഇത്തരം പ്രശ്‌നങ്ങള്‍ പറയുന്ന കഥകള്‍ ഈ മേളയുടെ ഒരു ആകര്‍ഷണം തന്നെയാണ്. അപ്പോള്‍ അത്തരം ഒരു അതിജീവന പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന ഒരു സന്ദേശം സിനിമകളുടെ തെരഞ്ഞെടുപ്പ് മുതല്‍ ഞങ്ങള്‍ തുടങ്ങിയതാണെന്നും അദ്ദേഹം പറയുന്നു.

‘ഉദ്ഘാടന വേദിയില്‍ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം നല്‍കി ആദരിച്ച കുര്‍ദിഷ് സംവിധായക ലിസ ചലാനും പോരാളിയാണ്. തുര്‍ക്കിയില്‍ വെച്ച് നടന്ന ഐ.എസ്.ഐ.എസ്് ഭീകരരുടെ ബോംബാക്രമണത്തിലാണ് ലിസയുടെ ഇരു കാലുകളും നഷ്ടമാകുന്നത്. പക്ഷെ ഇരുകാലുകള്‍ തകര്‍ന്നിട്ടും അതില്‍ തളര്‍ന്നു പോകാതെ അവര്‍ സിനിമ എന്നതിനെ ഒരു ആവേശമാക്കി, വികാരമാക്കി ഹൃദയത്തില്‍ കൊണ്ടുനടന്നു.

അവര്‍ ഇപ്പോഴും ചിന്തിക്കുന്നത് സിനിമയെ കുറിച്ചാണ്. കാലുകള്‍ പോയതിനെ കുറിച്ചൊന്നും അവര്‍ വ്യാകുലപ്പെടുന്നില്ല. അവര്‍ സിനിമയെ കുറിച്ച് വലിയ സ്വപ്നങ്ങള്‍ നെയ്യുകയും ചെയ്തു. ഉദ്ഘാടന വേദിയിലേക്ക് വരുമ്പോള്‍ പോലും അവര്‍ അവരുടെ പുതിയ സിനിമയുടെ പണിപ്പുരയിലായിരുന്നു. ആ തിരക്കില്‍ നിന്നാണ് ലിസ ഇവിടെ വരുന്നത്. അങ്ങനെ ഒരു വ്യക്തിക്കാണ് ഐ.എഫ്.എഫ്.കെ സ്പിരിറ്റ് ഓഫ് ദി അവാര്‍ഡ് നല്‍കിയത്.

അത് തന്നെ നമ്മള്‍ ലോകത്തിന് കൊടുക്കുന്ന ഒരു മാതൃകയാണ്. ഭീകരാക്രമണങ്ങള്‍ക്കെതിരെ, മതതീവ്രവാദങ്ങള്‍ക്കെതിരെ, ലോകമെമ്പാടും നടക്കുന്ന അക്രമങ്ങള്‍ക്കെതിരെയുള്ള, അതിജീവനത്തിന്റെ പോരാട്ടങ്ങള്‍ക്ക് നല്‍കുന്ന ഒരു ആദരവ് ആയും ഐക്യദാര്‍ഢ്യമായും ആ പുരസ്‌കാരം മാറിയിരുന്നു.

ഉദ്ഘാടന ദിവസം പ്രേക്ഷകര്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ച് വരവേറ്റ കുറെ അതിഥികളെ നമ്മള്‍ കണ്ടു. അതില്‍ നമ്മുടെ മലയാളത്തിന്റെ തന്നെ അഭിമാനമായ അതിഥിയെയും വരവേറ്റു. ഇരകളാക്കപ്പെട്ടവര്‍, അല്ലെങ്കില്‍ അതിജീവിതമാര്‍ ഒരിക്കലും മുഖം മറച്ച് അപമാന ഭാരത്താല്‍ ഏതെങ്കിലും മാളത്തില്‍ ഒളിച്ചിരിക്കേണ്ടവരല്ല.

ഒരു പൊതു സമൂഹത്തില്‍ ധൈര്യത്തോടെ കടന്നു വരികയും തങ്ങള്‍ക്ക് സംഭവിച്ചതിനെ കുറിച്ച് തുറന്ന് സമൂഹത്തോട് പറയുകയും അവര്‍ ചെയ്യുന്നു. അവരാരും കുറ്റവാളികളല്ല, അവരാരും തെറ്റുചെയ്തവരല്ല, ഇത്തരം അതിജീവതമാര്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നു.

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്ക് എതിരെ പോരാട്ടം നടത്താനുള്ള നേതൃത്വം ഏറ്റെടുക്കേണ്ട പോരാളികളാണ് അവര്‍. അങ്ങനെ ഒരു സന്ദേശം കൂടി ഐ.എഫ്.എഫ്.കെയുടെ ഉദ്ഘാടന വേദി സമൂഹത്തോട് പറയുകയായിരുന്നു. അത് ലോകത്തിന് തന്നെ ഒരു വലിയ മാതൃകയാണെന്നും പ്രേംകുമാര്‍ പറഞ്ഞു.

Content Highlights: Actor Premkumar says about survivors include Bhavana

We use cookies to give you the best possible experience. Learn more