|

പ്രേംകുമാര്‍ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനായി നടന്‍ പ്രേംകുമാറിനെ നിയമിച്ച് ഉത്തരവായി. മൂന്ന് വര്‍ഷ കാലയളവിലേക്കാണ് നിയമനം.

ബീനാ പോളിന് പകരമാണ് നിയമനം. നേരത്തേ, ചലച്ചിത്ര അക്കാദമി ചെയര്‍മാനായി സംവിധായകന്‍ രഞ്ജിത്തിനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. സംവിധായകന്‍ കമലിന് പകരമായിരുന്നു രഞ്ജിത്തിന്റെ നിയമനം.

ചലച്ചിത്രത്തിനുവേണ്ടിയുള്ള കേരളത്തിലെ കേരള സര്‍ക്കാറിന്റെ സാംസ്‌കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണസ്ഥാപനമാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി.

മികച്ച ടെലിവിഷന്‍ നടനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങള്‍ പ്രേം കുമാറിന് ലഭിച്ചിട്ടുണ്ട്. നൂറില്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച നാടക നടനുള്ള സംസ്ഥാന പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

CONTENT HIGHLIGHTS:  Actor Premkumar has been appointed as the Vice Chairman of the Kerala Chalachithra Academy