വര്‍ഷം 1988. മലയാളത്തിന്റെ നിത്യഹരിത നായകന്‍ പ്രേംനസീര്‍ അഭിനയിച്ച് പൂര്‍ത്തീകരിച്ച അവസാനത്തെ സിനിമ ധ്വനിയുടെ അവസാന ഘട്ട ഷൂട്ടിംഗ് കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ വെച്ച് നടക്കുന്നു. ഉച്ചയോടെ ഷൂട്ടിംഗ് അവസാനിപ്പിച്ച് ചെന്നൈയിലേക്ക് പറക്കാനാണ് നസീറിന്റെ പ്ലാന്‍. ഷൂട്ടിംഗിനിടയില്‍ നസീറിനോട് ഒരു അഭിമുഖത്തിനുള്ള സമയം ചോദിച്ച് കാത്തുനില്‍ക്കുകയായിരുന്നു മാധ്യമപ്രവര്‍ത്തകനും ഗാന ഗ്രന്ഥ രചയിതാവുമായ രവി മേനോന്‍.
സിവില്‍ സ്റ്റേഷനിലെ ആളൊഴിഞ്ഞ ഒരു ഓഫീസ് മുറിയില്‍ നസീറിനെയും കാത്തുനിന്ന രവി മേനോന്റെ അടുത്തേക്ക് പതിനഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ബാലന്‍ കടന്നുവന്നു. കറുത്ത മുഖം. പരിഭ്രമം നിഴലിക്കുന്ന കണ്ണുകള്‍. നെറ്റിയിലേക്ക് വാര്‍ന്നുകിടക്കുന്ന തലമുടി. മുണ്ടും ഷര്‍ട്ടും വേഷം.
രവി മേനോനും പ്രേംനസീറും അഭിമുഖത്തിനിടെ
കുറച്ചുനേരം വാതില്‍ക്കല്‍ മറഞ്ഞുനിന്നശേഷം മടിച്ചുമടിച്ച് മുറിക്കുള്ളിലേക്ക് കടന്നുചെന്ന ആ ബാലന്‍ രവി മേനോനോട് പറഞ്ഞു; തമിഴ് കലര്‍ന്ന മലയാളത്തില്‍: ‘നസീര്‍ സാര്‍ വരുമ്പോള്‍ ഒരു മിനിറ്റ് സംസാരിക്കാന്‍ സമ്മതിക്കണം. ഒരു കത്ത് കൊടുക്കാനാണ്. ഉടന്‍ പൊയ്ക്കൊള്ളാം.’
അല്‍പ സമയത്തിനുള്ളില്‍ പ്രേം നസീര്‍ മുറിയിലേക്ക് വന്നു. പ്രേം നസീറുമായി രവി മോനോന്‍ അഭിമുഖം നടത്തിക്കൊണ്ടിരിക്കുന്നതിനിടെ വീണ്ടും വാതില്‍ക്കല്‍ ആ ബാലന്റെ രൂപം. നസീറിനെ കാണാന്‍ പരിഭ്രമത്തോടെ കാത്തു നില്‍ക്കുകയാണവന്‍. രവി മേനോന്‍ കാര്യം പറഞ്ഞതോടെ നസീര്‍ ബാലനെ അകത്തേക്ക് വിളിച്ചു.
ഇടറിയ ശബ്ദത്തില്‍ അവന്‍ പറഞ്ഞു: ‘സാര്‍, ഞാന്‍ ശിവരാജന്റെ മകനാണ്. ഗൂഡല്ലൂരില്‍ നിന്ന് വരുന്നു. അപ്പ ഒരു കത്ത് തന്നേല്‍പ്പിച്ചിട്ടുണ്ട്. സാറിനു തരാനാണ്.’ ഷര്‍ട്ടിന്റെ കീശയില്‍ നിന്ന് അവന്‍ ഒരു കവര്‍ പുറത്തെടുത്തു നീട്ടി.
എഴുത്ത് കൈപ്പറ്റിയ നസീര്‍ അത്ഭുതത്തോടെ ആ ബാലന്റെ മുഖത്ത് നോക്കി ചോദിച്ചു: ‘ഓഹോ.. ശിവരാജന് ഇത്രയും വലിയ മകനോ? അപ്പയ്ക്ക് സുഖമാണോ മോനെ? കണ്ടിട്ട് വര്‍ഷങ്ങളായില്ലേ. ബിസിനസ്സൊക്കെ എങ്ങനെ?’
അല്‍പ നേരം ഒന്നും മിണ്ടാതെ നസീറിന്റെ മുഖത്ത് നോക്കിനിന്ന ശേഷം ബാലന്‍ പറഞ്ഞു. ‘അപ്പ പോയി, ഒരാഴ്ച മുന്‍പ്. കാന്‍സറായിരുന്നു. മരിക്കുന്നതിന് മുന്‍പ് എഴുതിത്തന്ന കത്താണ്. എന്ത് വന്നാലും നേരിട്ടു വന്ന് സാറിന്റെ കയ്യില്‍ ഏല്‍പ്പിക്കണം എന്ന് പറഞ്ഞു.’
നസീറിന്റെ മുഖത്തെ പുഞ്ചിരിയുടെ തിളക്കം മാഞ്ഞു. അച്ഛന്റെ മരണ വിവരം നസീറിനെ അറിയിച്ച ശേഷം ബാലന്‍ നിശബ്ദനായി നടന്നകന്നു.
പ്രേംനസീര്‍
ഗൂഡല്ലൂരിലെ ഏതോ ഒരു കച്ചവടക്കാരനുമായി നസീറിന് എന്ത് ബന്ധം എന്ന ആലോചനയിലായിരുന്നു രവി മേനോന്‍. ആ ആശ്ചര്യത്തിന് വിരാമമിട്ടുകൊണ്ട് നസീര്‍ ശിവരാജന്റെ കഥ രവി മേനോനോട് പറഞ്ഞു. വിചിത്രമായ ഒരു കഥ. സിനിമയെ ജീവനെപ്പോലെ സ്നേഹിക്കുകയും ഒടുവില്‍ അത്രതന്നെ തീവ്രമായി വെറുക്കുകയും ചെയ്ത ഒരാളുടെ കഥ.
1970കളുടെ തുടക്കത്തിലാവണം. വലിയ തിരക്കുള്ള നടനാണ് അന്ന് പ്രേം നസീര്‍. സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്ക് പറന്നു നടക്കുന്ന കാലം. ചെന്നൈയിലെ വീട്ടില്‍ നിന്ന് പതിവുപോലെ ഒരു ദിവസം രാവിലെ ഷൂട്ടിംഗിന് തയ്യാറായി ഇറങ്ങുമ്പോള്‍ ഗേറ്റിന് മുന്നില്‍ മെലിഞ്ഞുണങ്ങിയ ഒരു രൂപം. കായംകുളത്ത് നിന്ന് സിനിമയില്‍ അഭിനയിക്കാന്‍ അവസരം തേടി വന്നിരിക്കുകയാണ്. ആഴ്ചകളായി സിനിമാ ലൊക്കേഷനുകളിലും സ്റ്റുഡിയോ കവാടങ്ങള്‍ക്ക് മുന്നിലും പതിവായി വന്ന് കാത്തുനില്‍ക്കാറുണ്ടെങ്കിലും അതുവരെ നസീറിന്റെ കണ്ണില്‍ പെട്ടിരുന്നില്ല.
കയ്യിലെ കാശ് മുഴുവന്‍ തീര്‍ന്നു. പട്ടിണി കിടന്നും പൈപ്പുവെള്ളം കുടിച്ചും ചെന്നൈ നഗരത്തില്‍ അലഞ്ഞു നടക്കുകയാണയാള്‍. ‘അഭിനയം എന്ന് വെച്ചാല്‍ എനിക്ക് ജീവനാണ് സാര്‍. എന്ത് റോളും കൈകാര്യം ചെയ്യും. ചോദിച്ചവരെല്ലാം പറയുന്നു നസീര്‍ സാര്‍ വിചാരിച്ചാല്‍ അവസരം കിട്ടുമെന്ന്. എന്നെ രക്ഷിക്കണം.” നസീറിന്റെ കാലുകളില്‍ കമിഴ്ന്നുവീണ് ശിവരാജന്‍ യാചിച്ചു.
ഇത്തരത്തിലുള്ള നിരവധി പേരെ ദിനംപ്രതി കണ്ടുമുട്ടുന്ന നസീറിന് അതില്‍ അത്ഭുതം തോന്നിയില്ല. ചെറിയൊരു തുക നിര്‍ബന്ധിച്ചു കയ്യിലേല്‍പ്പിച്ച ശേഷം ശിവരാജനെ നസീര്‍ ഉപദേശിച്ചു: ‘അഭിനയമോഹം ഉപേക്ഷിച്ചു നാട്ടിലേക്ക് തിരിച്ചു ചെന്ന് എന്തെങ്കിലും മാന്യമായ തൊഴില്‍ ചെയ്തു ജീവിക്കൂ. സിനിമക്ക് പിന്നാലെ അലഞ്ഞു ജീവിതം പാഴാക്കരുത്.’
രവി മേനോന്‍
ശിവരാജന്‍ അത് കേള്‍ക്കാന്‍ തയ്യാറായില്ല. എന്തുവന്നാലും സിനിമാനഗരം വിട്ടു മടങ്ങിപ്പോകുന്ന പ്രശ്നമില്ല. അഭിനയിക്കാന്‍ അവസരം കിട്ടിയില്ലെങ്കില്‍ സംവിധായകനോ ക്യാമറാമാനോ വരെ ആകാന്‍ തയ്യാറാണെന്നായിരുന്നു ശിവന്റെ നിലപാട്. സിനിമയുടെ വഴികളെ കുറിച്ച് കാര്യമായ പിടിപാടൊന്നുമില്ല അയാള്‍ക്കെന്ന് നസീറിന് അപ്പോള്‍ മനസ്സിലായി.
പട്ടിണി കിടന്ന് കിടന്ന് ഒടുവില്‍ ശിവരാജന്‍ എവിടെയെങ്കിലും കുഴഞ്ഞുവീഴുമോ എന്നായിരുന്നു നസീറിന്റെ പേടി. വീണ്ടും വീണ്ടും ഉപദേശിച്ചു നോക്കി. എന്ത് ഫലം? തന്റെ ജീവിതത്തില്‍ നിന്ന് ഈ മനുഷ്യന്‍ അത്ര വേഗം മാഞ്ഞുപോകില്ലെന്ന് നിത്യഹരിതനായകന്‍ മനസ്സിലാക്കാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.
തുടര്‍ന്നുള്ള ആഴ്ചകളില്‍ എല്ലാ ദിവസവും മഹാലിംഗപുരത്തെ നസീറിന്റെ വീടിന് മുന്നില്‍ അതിരാവിലെ തന്നെ ശിവരാജന്‍ എത്തും. ദിവസം ചെല്ലുന്തോറും അയാളുടെ മുഖത്തെ ക്ഷീണവും കരുവാളിപ്പും കൂടിക്കൂടി വന്നു. കാഴ്ച്ചയില്‍ ഭ്രാന്തനെപ്പോലെയായി അയാള്‍. അത് കണ്ട് നിസ്സഹായനായ നസീറിന് എങ്ങനെയെങ്കിലും അയാളെ സഹായിക്കണം എന്നായി.
നസീറിന്റെ ഉപദേശങ്ങള്‍ക്കൊടുവില്‍ ജീവിക്കാന്‍ വേണ്ടി ഒരു ജോലി ചെയ്യാന്‍ ശിവരാജന്‍ സമ്മതിച്ചു. നസീര്‍ സ്വന്തം കയ്യില്‍ നിന്ന് പണം മുടക്കി ശിവരാജന് ഒരു ഇസ്തിരിക്കടയിട്ടുകൊടുത്തു. സഞ്ചരിക്കുന്ന ഇസ്തിരിക്കട. പൂര്‍ണ മനസ്സോടെയല്ലെങ്കിലും നസീര്‍ താമസിക്കുന്ന ലേഡി മാധവന്‍ നായര്‍ കോളനിയുടെ പരിസരത്ത് ഇസ്തിരിവണ്ടിയുന്തി ശിവന്‍. പതുക്കെ ജോലിയുമായി ശിവരാജന്‍ ഇണങ്ങിച്ചേര്‍ന്നു. മദ്യപാനവും പുകവലിയും പോലുള്ള ദുശീലങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ ഇസ്തിരിക്കടയില്‍ നിന്നുള്ള വരുമാനം സ്വരുക്കൂട്ടി നഗര പരിസരത്ത് തന്നെ ഒരു ഡ്രൈ ക്ലീനിങ്ങ് കടയും ശിവരാജന്‍ തുടങ്ങി.
ബിസിനസ് മെച്ചപ്പെട്ടുവന്നു. ജീവിതം പച്ച പിടിച്ചു. എങ്കിലും സിനിമയോടുള്ള ഭ്രമം പൂര്‍ണ്ണമായും ഉപേക്ഷിച്ചില്ല. ഒരിക്കല്‍ ഒരു സ്റ്റുഡിയോ പരിസരത്തു വെച്ച് കണ്ടുമുട്ടിയ സീത എന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ ശിവരാജന്‍ ജീവിത പങ്കാളിയാക്കി. നസീറിന്റെ ശുപാര്‍ശയില്‍ കോടമ്പാക്കത്ത് ഒരു കൊച്ചു വാടക വീടും ശിവരാജന്‍ സംഘടിപ്പിച്ചു.
ഇടക്കൊക്കെ നസീറിനെ കാണാന്‍ ചെല്ലും. പഴയ അസ്ഥികൂടത്തിന്റെ സ്ഥാനത്ത് ഊര്‍ജസ്വലനായ ഒരു ചെറുപ്പക്കാരനെ കാണുമ്പോള്‍ നസീറിനും സന്തോഷമാകും. ശിവരാജന് കുഞ്ഞ് ജനിച്ചപ്പോള്‍ ഭാര്യയേയും കൂട്ടി മധുരപലഹാരവുമായി എ.വി.എം സ്റ്റുഡിയോയില്‍ ചെന്ന് നസീറിനെ കണ്ട് സന്തോഷം അറിയിച്ചു.
പ്രേംനസീര്‍
പക്ഷേ ശിവരാജന്റെ കുടുംബത്തിലെ ആ വസന്തകാലം അധികം നീണ്ടില്ല. വരുമാനം കൂടിയതോടെ ശിവരാജന്റെ കുടുംബബന്ധത്തിലും താളപ്പിഴകള്‍ ഉണ്ടായി. ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന ശിവരാജന്റെ ഭാര്യ സീത സിനിമയില്‍ സജീവമായതോടെ ഉണ്ടായി വന്ന മറ്റൊരു ബന്ധം ഇവരുടെ കുടുംബത്തില്‍ വിള്ളലുകള്‍ വീഴ്ത്തി.
ഒരു ദിവസം മകനെയും കൂട്ടി ശിവരാജന്‍ നസീറിനെ കാണാന്‍ ചെന്നു. സ്വന്തം കട ഭാര്യയുടെ പേരില്‍ എഴുതിക്കൊടുത്ത് നാട് വിട്ടു പോകാനുള്ള ഒരുക്കത്തിലായിരുന്നു അയാള്‍. ജീവിതത്തില്‍ നിന്ന് ഒളിച്ചോടാതെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നസീര്‍ അയാള്‍ക്ക് ഉപദേശം നല്‍കി. സിനിമയിലെ ഡ്രൈ ക്ളീനിംഗ് ജോലികളുടെ കരാര്‍ സംഘടിപ്പിച്ചു തരാം എന്ന് നസീര്‍ പറഞ്ഞപ്പോള്‍ ആദ്യമായി അയാള്‍ പൊട്ടിത്തെറിച്ചു. സിനിമ എന്ന വാക്കേ വെറുത്തു തുടങ്ങിയിരുന്നു ശിവരാജന്‍. നസീര്‍ നല്‍കിയ തുകയുമായി മകനെയും കൂട്ടി ശിവരാജന്‍ ഗൂഡല്ലൂരിലേക്ക് നാടുവിട്ടു. അവസാന കൂടിക്കാഴ്ചയില്‍ നസീറിനെ ചേര്‍ത്തുപിടിച്ച് പൊട്ടിക്കരഞ്ഞു.
ശിവരാജന്റെ ശിഷ്ട ജീവിതത്തിന്റെ കഥ നസീര്‍ അറിഞ്ഞത് മകന്‍ കൈമാറിയ കത്തില്‍ നിന്നാണ്. ആ കഥയുടെ രത്നച്ചുരുക്കം ഇങ്ങനെ: ഗൂഡല്ലൂരില്‍ ഒരു കൊച്ചു ഇസ്തിരിക്കട തുടങ്ങിക്കൊണ്ട് ജീവിതം ഒന്നില്‍ നിന്ന് വീണ്ടും കരുപ്പിടിപ്പിക്കുന്നു. മകന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ പുതിയ യാത്രയില്‍ കൂട്ടായി. അവനെ പഠിപ്പിക്കുക മാത്രമല്ല തൊഴിലില്‍ തനിക്കിണങ്ങുന്ന പിന്‍ഗാമിയാക്കി വളര്‍ത്തിയെടുക്കുക കൂടി ചെയ്തു. മരണശേഷം തന്റെ ബിസിനസ്സിന്റെ ചുമതല അവന്റെ കൈകളില്‍ സുരക്ഷിതമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ലായിരുന്നു അയാള്‍ക്ക്.
കത്ത് അവസാനിപ്പിക്കും മുന്‍പ് വികാരനിര്‍ഭരമായ ഒന്നുരണ്ടു വരികള്‍ കൂടി കുറിച്ചിട്ടുണ്ട് ശിവരാജന്‍: ‘ദൈവത്തേക്കാള്‍ എനിക്ക് കടപ്പാടുള്ളത് ജീവിതം ജീവിച്ചു തീര്‍ക്കാന്‍ സഹായിച്ച നസീര്‍ സാറിനോടാണ്. പല തവണ വിഷം കഴിച്ചു മരിക്കാന്‍ ആഗ്രഹിച്ചിട്ടുണ്ട്. അപ്പോഴെല്ലാം എന്നെ പിന്തിരിപ്പിച്ചത് സാറിന്റെ സ്നേഹ പൂര്‍ണ്ണമായ പുഞ്ചിരിയാണ്. എന്നോട് അങ്ങ് കാണിച്ച സ്നേഹം എന്റെ മകനോടും ഉണ്ടാവണമെന്ന് പ്രാര്‍ത്ഥിക്കുന്നു…”
അഭിമുഖ സംഭാഷണത്തിന് ശേഷം പ്രേം നസീറിനോട് നന്ദി പറഞ്ഞു പിരിയവേ സിവില്‍ സ്റ്റേഷന്റെ വരാന്തയില്‍ വെച്ച് രവി മേനോന്റെ ചുമലില്‍ കൈയിട്ടുകൊണ്ട് നസീര്‍ ചോദിച്ചു. ‘കത്തുമായി എന്നെ കാണാന്‍ വന്ന ആ കുട്ടിയുടെ പേരെന്തെന്ന് അറിയുമോ അനിയന്?’ രവി മേനോന്‍ ഇല്ലെന്നു തലയാട്ടിയപ്പോള്‍ ചിരിയോടെ നസീര്‍ പറഞ്ഞു: ‘പ്രേം നസീര്‍. അവന് ആ പേരു കൊണ്ട് ഗുണമുണ്ടാകുമോ എന്തോ. പാവം ശിവന്‍, എന്നോടുള്ള സ്നേഹം കൊണ്ട് ഇട്ട പേരായിരിക്കാം.’
നസീര്‍ അഭിനയിച്ചു തീര്‍ത്ത അവസാന ചിത്രമായിരുന്നു ധ്വനി. ചിത്രം പുറത്തിറങ്ങി ഒരു മാസം തികയും മുന്‍പ് 1989 ജനുവരി 16ന് പ്രേം നസീര്‍ ഓര്‍മ്മയായി. അന്ന് പതിനഞ്ച് വയസ്സുണ്ടായിരുന്ന ഗൂഡല്ലൂരിലെ ശിവരാജന്റെ മകന്‍ പ്രേം നസീറിന് ഇന്ന് 45 വയസ്സ് കഴിഞ്ഞിട്ടുണ്ടാകും. സാക്ഷാല്‍ പ്രേം നസീര്‍ നല്‍കിയ പണംകൊണ്ട് തുടങ്ങിയ കടയുമായി പ്രേം നസീറിന്റെ സ്വന്തം ശിവരാജന്റെ മകന്‍ ജൂനിയര്‍ പ്രേം നസീര്‍ ഇന്നും ഗൂഡല്ലൂരിലുണ്ടാകാം. ആരുമറിയാതെ…
Content Highlight: Actor Prem Nazir, a memoir about his dear friend