കഴക്കൂട്ടം: പെട്രോള്‍-ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് ക്ഷണിച്ച പരിപാടിക്ക് നടന്നെത്തി നടന്‍ പ്രേംകുമാര്‍. താന്‍ പഠിച്ച കഴക്കൂട്ടം സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പരിപാടിയുമായി ബന്ധപ്പെട്ടാണ് അദ്ദേഹം പ്രതിഷേധ സൂചകമായി നടന്നെത്തിയത്.
സ്‌കൂളിലെ കുട്ടികള്‍ക്ക് അമ്മന്‍ കോവില്‍ ഓഡിറ്റോറിയത്തില്‍ വെച്ച് സ്മാര്‍ട്ട് ഫോണ്‍ ലൈബ്രറി പദ്ധതി പ്രകാരം ഫോണുകള്‍ വിതരണം ചെയ്യുന്ന പരിപാടിയിലേക്കാണ് പ്രേം കുമാറിനെ ക്ഷണിച്ചിരുന്നത്. പരിപാടിയില്‍ കുട്ടികള്‍ക്ക് ഫോണുകള്‍ വിതരണം ചെയ്തത് പ്രേംകുമാറാണ്.
പ്രേം കുമാറിന് പരിപാടിയില്‍ പങ്കെടുത്ത് തിരിച്ചു പോകാന്‍ സംഘാടകര്‍ വാഹനം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും അദ്ദേഹം സ്വീകരിച്ചിരുന്നില്ല.
അരക്കിലോമീറ്റര്‍ അകലെയുള്ള വീട്ടില്‍ നിന്നും പ്രേംകുമാര്‍ നടന്നു വരികയും ചടങ്ങ് കഴിഞ്ഞ് നടന്നു പോകുകയുമായിരുന്നു.
രാജ്യത്ത് ഇന്ധനവില കുത്തനെ ഉയരുന്നതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്. കേരളത്തില്‍ ചിലയിടങ്ങളില്‍ പ്രീമിയം പെട്രോളിന് നൂറ് രൂപ കടന്ന ദിവസം സൈക്കിള്‍ ഓടിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച് നടന്‍ ബിനീഷ് ബാസ്റ്റിന്‍ രംഗത്തെത്തിയിരുന്നു. കേന്ദ്രത്തില്‍ ബി.ജെ.പി. അധികാരത്തിലെത്തിയപ്പോള്‍ തന്നെ താന്‍ ഒരു സൈക്കിള്‍ വാങ്ങി വെച്ചിരുന്നു എന്നായിരുന്നു ബിനീഷ് ഫേസ്ബുക്കിലെഴുതിയത്.
പെട്രോള്‍-ഡീസല്‍ വിലവര്‍ധനവിനെതിരെ കോണ്‍ഗ്രസും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
പെട്രോള്‍ വിലയ്ക്ക് പുറമെ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ഡീസല്‍ വിലയും 100 രൂപ കടന്നിട്ടുണ്ട്. രാജസ്ഥാനിലെ വിവിധ പട്ടണങ്ങളിലും മധ്യപ്രദേശിലെ ചില നഗരങ്ങളിലുമാണ് ഡീസല്‍ വില 100 കടന്നത്.
കേരളത്തില്‍ അടുത്തിടെയാണ് പെട്രോള്‍ വില നൂറ് രൂപ കടന്നത്. കേരളത്തില്‍ 2021 ഫെബ്രുവരിയില്‍ 86 രൂപയായിരുന്ന പെട്രോള്‍ വില നാല് മാസം കൊണ്ടാണ് 100 രൂപ കടന്നത്.
കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയില്‍ ഇന്ധനവില കൂട്ടിയിരുന്നില്ല. എന്നാല്‍ ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് ഇന്ധനവില വീണ്ടും ഉയര്‍ന്നത്.