|

ലാലേട്ടന്റെ വണ്‍മാന്‍ ഷോ, അതാണ് ആറാട്ട്: പ്രശാന്ത് അലക്‌സാണ്ടര്‍ പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: വളരെ നാളുകള്‍ക്ക് ശേഷം തിയേറ്ററില്‍ വ്യത്യസ്തമായ സിനിമാ അനുഭവമായിരിക്കും മോഹന്‍ലാലിന്റെ ‘ആറാട്ട്’ നല്‍കുകയെന്ന് നടന്‍ പ്രശാന്ത് അലക്‌സാണ്ടര്‍. മോഹന്‍ലാലിന്റെ വണ്‍മാന്‍ ഷോയാണ് ആറാട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഒരുപാട് താരങ്ങള്‍ ഇതില്‍ അഭിനയിക്കുന്നുണ്ട്. എങ്കിലും ലാലേട്ടന്റെ പ്രകടനം കണ്ണെടുക്കാതെ കാണും,’ പ്രശാന്ത് പറഞ്ഞു.

ലാലേട്ടനില്‍ നമ്മള്‍ ഇഷ്ടപ്പെടുന്ന കുസൃതി, തമാശ, ഡയലോഗ്, ദേഷ്യപ്പെടല്‍, അടി, പാട്ട് ഇതെല്ലാം ചേര്‍ന്ന ഒരു ഗംഭീര മാസ് എന്റര്‍ടെയിനറാണ് ആറാട്ട്. ലാലേട്ടനെ ആഘോഷിക്കാന്‍ വേണ്ടി തിയേറ്ററില്‍ പോകാമെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.

പതിനെട്ട് കോടി രൂപ ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ആറാട്ട്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് ‘ആറാട്ടി’ല്‍ മോഹന്‍ലാല്‍ എത്തുന്നത്.

ഒരിടവേളക്ക് ശേഷം മോഹന്‍ലാല്‍- ബി. ഉണ്ണികൃഷ്ണന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. മോഹന്‍ലാലിനെ വെച്ച് ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണിത്. വില്ലനാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം.

പുലിമുരുകന് ശേഷം ഉദയകൃഷ്ണ എഴുതുന്ന മോഹന്‍ലാല്‍ ചിത്രം കൂടിയാണ് ആറാട്ട്. ബി. ഉണ്ണികൃഷ്ണനുവേണ്ടി ആദ്യമായിട്ടാണ് ഉദയകൃഷ്ണ തിരക്കഥ എഴുതുന്നത്.

ഒരു പ്രത്യേക ലക്ഷ്യത്തോടെ നെയ്യാറ്റിന്‍കരയില്‍ നിന്ന് പാലക്കാട് എത്തുന്ന ഗോപന്റെ കഥയാണ് ആറാട്ട്. ചിത്രത്തില്‍ മോഹന്‍ലാല്‍ ഉപയോഗിക്കുന്ന കറുത്ത ബെന്‍സ് കാറും അതിന്റെ നമ്പറും വൈറലായിരുന്നു. തെന്നിന്ത്യന്‍ സൂപ്പര്‍ താരം ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിലെ നായിക. ഐ.എ.എസ്. ഓഫീസറായിട്ടാണ് താരം എത്തുന്നത്.

നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് ആറാട്ടിലെ മറ്റു താരങ്ങള്‍.

ക്യാമറ: വിജയ് ഉലകനാഥ്, എഡിറ്റര്‍: സമീര്‍ മുഹമ്മദ്. സംഗീതം: രാഹുല്‍ രാജ്. കലാസംവിധാനം: ജോസഫ് നെല്ലിക്കല്‍. വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യര്‍. പാലക്കാട്, ഹൈദരാബാദ് എന്നിവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Prashanth Alexandar  Aaraattu  Mohanlal Unnikrishnan B Udaykrishna Rahul Raj

Latest Stories

Video Stories