| Thursday, 27th May 2021, 4:21 pm

നിനക്ക് ഒരു ഫ്രോഡ് ലുക്കുണ്ട്, അത് ഈ കഥാപാത്രത്തിന് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അന്ന് ലാലു ചേട്ടന്‍ പറഞ്ഞു; നടന്‍ പ്രശാന്ത് അലക്‌സാണ്ടര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ഓപ്പറേഷന്‍ ജാവ എന്ന ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമിലും ഹിറ്റായി മാറിയതോടെ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെപ്പറ്റിയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ചിത്രത്തിലെ ബഷീര്‍ എന്ന സൈബര്‍ സെല്‍ ഉദ്യോഗസ്ഥനായി എത്തി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ് പ്രശാന്ത് അലക്‌സാണ്ടര്‍.

നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങളാണ് തന്നെ തേടി അധികവും എത്തിയതെന്ന് പറയുകയാണ് പ്രശാന്ത്. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് പ്രശാന്തിന്റെ പ്രതികരണം.

‘ലാല്‍ജോസ് ചേട്ടന്‍ സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീടിലാണ് ആദ്യത്തെ നെഗറ്റീവ് വേഷം ചെയ്യുന്നത്. അന്ന് ലാലു ചേട്ടന്‍ പറഞ്ഞിരുന്നു നിനക്ക് ഒരു ഫ്രോഡ് ലുക്കാണ് അത് പരമാവധി പ്രയോജനപ്പെടുത്തണം ഈ കഥാപാത്രത്തിനെന്ന്. അപ്പോഴാണ് ഞാനും അത് തിരിച്ചറിയുന്നത്. ഓര്‍ഡിനറിയിലാണ് പിന്നീട് നെഗറ്റീവ് വേഷത്തിലെത്തുന്നത്,’ പ്രശാന്ത് പറയുന്നു.

തനിക്ക് ലഭിക്കുന്ന കഥാപത്രങ്ങള്‍ക്കൊക്കെ ഒരു തല്ലുകൊള്ളി സ്വഭാവമുണ്ടെന്നും ഒരു നടനെന്ന നിലയില്‍ നല്ലവനായ ഒന്നും ചെയ്യാനില്ലാത്ത കഥാപാത്രങ്ങളേക്കാള്‍, തനിക്കിഷ്ടം അല്‍പം മോശക്കാരനെങ്കിലും എന്തെങ്കിലും ചെയ്യാനുള്ള കഥാപാത്രങ്ങളാണെന്നും പ്രശാന്ത് പറഞ്ഞു.

അവതാരകനായി കരിയര്‍ തുടങ്ങിയ പ്രശാന്ത് കഴിഞ്ഞ 19 വര്‍ഷമായി ചെറിയ ചെറിയ വേഷങ്ങളിലൂടെ സിനിമയില്‍ സജീവമാണ്. അടുത്തിടെയാണ് ശ്രദ്ധിക്കപ്പെട്ട് വേഷങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയത്.

വാസ്തവം, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വി.സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പത്മ ഉദയ് നിര്‍മിച്ച ചിത്രമാണ് ഓപ്പറേഷന്‍ ജാവ.

വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ലുക്ക്മാന്‍, ബിനു പപ്പു, ഇര്‍ഷാദ് അലി, പ്രശാന്ത് അലക്സാണ്ടര്‍, ദീപക് വിജയന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ക്യാമറ ഫായിസ് സിദ്ദീഖും എഡിറ്റിംഗ് നിഷാദ് യൂസഫും നിര്‍വഹിച്ചിരിക്കുന്നു. ജോയ് പോള്‍ എഴുതിയ വരികള്‍ക്ക് ജേക്സ് ബിജോയ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: Actor Prashant Alexander Opens About Film Career

We use cookies to give you the best possible experience. Learn more