മലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനാകുന്ന സി.ബി.ഐയുടെ അഞ്ചാം ഭാഗമായ ‘സി.ബി.ഐ 5 ദി ബ്രെയിന്‍’. ചിത്രത്തിന്റെ പോസ്റ്റര്‍ പോലും ആരാധകരെ ആവേശം കൊള്ളിച്ചിരുന്നു. മമ്മൂട്ടി തന്നെയായിരുന്നു ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചത്. വലിയ സ്വീകാര്യതയാണ് പോസ്റ്റിന് പോലും ലഭിച്ചത്.
എസ്.എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ. മധു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടന്‍ പ്രശാന്ത് അലക്‌സാണ്ടറും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
സി.ബി.ഐ 5 ല്‍ എത്തിയതിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് പ്രശാന്ത് അലക്‌സാണ്ടര്‍. കുട്ടിക്കാലം മുതല്‍ കണ്ടുവളര്‍ന്ന ഒരു സിനിമയുടെ അഞ്ചാം ഭാഗത്തില്‍ മമ്മൂട്ടിയെപ്പോലൊരു താരത്തിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് തന്റെ ഏറ്റവും വലിയ ഭാഗ്യമാണെന്നാണ് പ്രശാന്ത് അലക്‌സാണ്ടര്‍ പറയുന്നത്. മൂവീമാന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ കുട്ടിയായിരുന്ന സമയത്ത് ആദ്യമായി സി.ബി.ഐ എന്ന വാക്ക് കേള്‍ക്കുന്നത് ‘ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്’ എന്ന സിനിമയിലാണ്. അന്ന് എന്റെ വിചാരം സി.ബി.ഐ ഡയറിക്കുറിപ്പ് എന്ന് പറയുന്നത് ഒരാളുടെ പേരായിരിക്കുമെന്നാണ്. പിന്നെയാണ് അത് ഡയറിയാണെന്നും ഡയറിയിലെ നോട്ട്‌സ് ആണെന്നും അത് സി.ബി.ഐയുടെ നോട്ടാണെന്നുമൊക്കെ മനസിലാകുന്നത്.
ആ പ്രായത്തില്‍ നമ്മള്‍ അത്രയല്ലേ ചിന്തിച്ചിട്ടുണ്ടാകൂ. അതിന് ശേഷമാണ് സേതുരാമയ്യര്‍ എന്ന പേര് ചര്‍ച്ചയാകുന്നത്. ജയിംസ് ബോണ്ടിനെപ്പറ്റിയും ഷെര്‍ലക് ഹോംസിനെപ്പറ്റിയും പറയുന്നത് പോലെ ഒരു ഐക്കോണിക് കഥാപാത്രമായി പിന്നീട് സേതുരാമയ്യര്‍ മാറുകയാണ്.
ലോകചരിത്രത്തില്‍ ഒരേയൊരു നടന് മാത്രമാണ് ഈ പറയുന്ന ഒന്നാം ഭാഗത്തിലെപ്പോലെ തന്നെ 30 വര്‍ഷങ്ങള്‍ക്ക് ശേഷം അഞ്ചാംഭാഗത്തിലും ഒരു ഇടിവും പറ്റാത്ത രീതിയില്‍ നില്‍ക്കാന്‍ പറ്റുന്നത്. ലോകചരിത്രത്തില്‍ ഒരേ ഒരാള്‍ക്ക് മാത്രമേ അത് സാധിച്ചിട്ടുള്ളൂ. അത് മമ്മൂക്ക എന്ന നടന് മാത്രമാണ്.
സേതുരാമയ്യര്‍ എന്ന കഥാപാത്രത്തിന് ഒപ്പം ആ അന്വേഷണത്തില്‍ അസിസ്റ്റന്റായി നില്‍ക്കാന്‍ പറ്റുക എന്ന് പറയുന്നത് എന്റെ പോസിറ്റീവായ വിധിയാണ്. നമ്മള്‍ കണ്ട് വളര്‍ന്ന കഥാപാത്രത്തിനൊപ്പം വര്‍ഷങ്ങള്‍ക്കിപ്പുറം നമ്മള്‍ നില്‍ക്കുകയാണ്. ഇതിന്റെ മൂന്നാം ഭാഗം തൊട്ട്, അതായത് സേതുരാമയ്യര്‍ സി.ബി.ഐയും നേരറിയാന്‍ സി.ബി.ഐയും ഷൂട്ട് ചെയ്യുമ്പോള്‍ ഞാന്‍ സിനിമയില്‍ അവസരം ചോദിച്ചുനടക്കുകയാണ്.
അതില്‍ ഏതെങ്കിലും ഒരു ഭാഗത്തില്‍ ഏതെങ്കിലും ഒരു ചെറിയ വേഷം ചെയ്തിരുന്നെങ്കില്‍ പോലും ഇന്ന് ഈ ഭാഗ്യം എനിക്ക് കിട്ടില്ല. അന്നത് കിട്ടാതിരുന്നപ്പോള്‍ ചിലപ്പോള്‍ വിഷമം ഉണ്ടായിട്ടുണ്ടാകും. പക്ഷേ ഇന്ന് ചിന്തിക്കുമ്പോള്‍ അത് ഇതിന് വേണ്ടിയിട്ടായിരുന്നു എന്ന ഫിലോസഫിയും കൂടി കാണാം, പ്രശാന്ത് അലക്‌സാണ്ടര്‍ പറഞ്ഞു.
മുകേഷ്, സായികുമാര്‍, രണ്‍ജി പണിക്കര്‍, രമേഷ് പിഷാരടി, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ആശ ശരത്ത്, മാളവിക മേനോന്‍ തുടങ്ങിയ താരങ്ങളും നിരവധി പുതുമുഖ അഭിനേതാക്കളും സിനിമയിലുണ്ട്. അഖില്‍ ജോര്‍ജാണ് സി.ബി.ഐ 5 ന്റെ ഛായാഗ്രാഹകന്‍. ജേക്‌സ് ബിജോയ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.
Content Highlight: Actor Prashant Alexander about CBI 5 and Mammootty