|

ഒന്നും ചെയ്യാതെ നില്‍ക്കുന്ന നന്മ മരത്തേക്കാള്‍ നല്ലത് നെഗറ്റീവായ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍: പ്രശാന്ത് അലക്‌സാണ്ടര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് സുപരിചിതനാണ് നടന്‍ പ്രശാന്ത് അലക്സാണ്ടര്‍. നായക കഥാപാത്രത്തെ വെല്ലുന്ന വില്ലന്‍ വേഷങ്ങളിലൂടെ മലയാളിയുടെ സ്വീകരണ മുറിയില്‍ പ്രശാന്ത് എത്തിയിട്ട് ഇരുപത് വര്‍ഷമാകുന്നു.

ഒന്നും ചെയ്യാതെ നില്‍ക്കുന്ന നന്മ മരത്തേക്കാള്‍ നല്ലത് നെഗറ്റീവാണെങ്കിലും കുറച്ച് ശ്രദ്ധിക്കപ്പെടുന്ന വേഷമല്ലേ എന്നാണ് പ്രശാന്ത് ചോദിക്കുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം ചോദിക്കുന്നത്.

നെഗറ്റീവ് കഥാപാത്രങ്ങളോട് ഇഷ്ടം കൂടുതലാണോ എന്ന ചോദ്യത്തിന് മറുപടിയായാണ് പ്രശാന്ത് സംസാരിക്കുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്ത ‘ അച്ഛനുറങ്ങാത്ത വീട്’ എന്ന സിനിമയിലാണ് പ്രശാന്ത് ആദ്യമായി നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അത് പ്രേക്ഷക പ്രീതി നേടുകയും ചെയ്തിരുന്നു.

ഈ സിനിമക്കു ശേഷം തന്നെ തേടി വന്നതൊക്കെയും നെഗറ്റീവ് കഥാപാത്രങ്ങളായിരുന്നുവെന്നും താരം പറയുന്നു.

‘ലാല്‍ ജോസ് സാര്‍ അന്ന് പറഞ്ഞിരുന്നു. ‘ നിനക്ക് നല്ലൊരു ഫ്രോഡ് ലുക്കുണ്ട്. നന്നായി ഉപയോഗിക്കണം’ എന്ന്. ആ പറഞ്ഞത് കുറിക്ക് കൊണ്ടു കാണും. ആക്ഷന്‍ ഹീറോ ബിജുവും ഓപ്പറേഷന്‍ ജാവയുമാണ് കൂടുതല്‍ പ്രേക്ഷക പ്രശംസ നേടിത്തന്ന കഥാപാത്രങ്ങള്‍,’ പ്രശാന്ത് പറയുന്നു.

അവതാരകനില്‍ നിന്ന് അഭിനേതാവായ വ്യക്തിയാണ് പ്രശാന്ത്. ഏഷ്യാനെറ്റിലെ ക്രേസി റെക്കോര്‍ഡ്സ് ആയിരുന്നു അദ്ദേഹം അവതാരകനായെത്തിയ പരിപാടി.

കമലിന്റെ സംവിധാനത്തില്‍ 2002ല്‍ പുറത്തിറങ്ങിയ ‘നമ്മള്‍’ എന്ന സിനിമയിലൂടെയായിരുന്നു പ്രശാന്ത് വെള്ളിത്തിരയിലെത്തിയത്. രാജ്കുമാര്‍ ഗുപ്തയുടെ സംവിധാനത്തില്‍ 2019ല്‍ പുറത്തിറങ്ങിയ ‘ ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്’ എന്ന ഹിന്ദി സിനിമയിലും താരം അഭിനയിച്ചു.

ബി. ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാകുന്ന ‘ആറാട്ട്’ ആണ് പ്രശാന്തിന്റെ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Prashant Alaxander About His Negative Noles on Movies

Video Stories