| Wednesday, 28th August 2024, 9:03 pm

എ.ആര്‍. റഹ്‌മാന്റെ ആ പാട്ടിനെപ്പറ്റി ആലോചിക്കുമ്പോള്‍ തന്നെ എനിക്ക് രോമാഞ്ചം വരും: പ്രശാന്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴില്‍ ഒരുകാലത്ത് നിറഞ്ഞു നിന്ന നടനാണ് പ്രശാന്ത്. നടനും സംവിധായകനുമായ ത്യാഗരാജന്റെ മകനാണ് പ്രശാന്ത്. 1990ല്‍ വൈഗാസി പൊറന്തിടിച്ച് എന്ന ചിത്രത്തിലൂടെയാണ് പ്രശാന്ത് തന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. എം.ടിയുടെ തിരക്കഥയിലൊരുങ്ങിയ പെരുന്തച്ചനിലൂടെ മലയാളത്തിലും പ്രശാന്ത് തന്റെ സാന്നിധ്യമറിയിച്ചു. കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച സിനിമകളുടെ ഭാഗമാകാന്‍ പ്രശാന്തിന് സാധിച്ചു.

90കളുടെ അവസാനം മുതല്‍ 2005 വരെ തമിഴില്‍ പ്രശാന്ത് മുന്‍നിര നായകനായി തിളങ്ങിയിരുന്നു. എന്നാല്‍ തുടര്‍പരാജയങ്ങള്‍ താരത്തിന് തിരിച്ചടിയായി മാറി. പിന്നീട് പ്രശാന്ത് സിനിമയില്‍ നിന്ന് വലിയ ഇടവേളയെടുത്ത് പിന്മാറി. വിജയ്- വെങ്കട് പ്രഭു എന്നിവര്‍ ഒന്നിക്കുന്ന ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിലൂടെ വീണ്ടും അഭിനയത്തില്‍ സജീവമാവുകയാണ് പ്രശാന്ത്. പ്രശാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമാണ് 1998ല്‍ റിലീസായ ജീന്‍സ്. ഷങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഐശ്വര്യ റായാണ് നായികയായത്.

ചിത്രത്തിന് സംഗീതം നിര്‍വഹിച്ചത് എ.ആര്‍. റഹ്‌മാനായിരുന്നു. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എ.ആര്‍. റഹ്‌മാന്‍ ഗാനത്തെക്കുറിച്ച് സംസാരിക്കുകയാണ് പ്രശാന്ത്. മണിരത്‌നം സംവിധാനം ചെയ്ത് 1993ല്‍ റിലീസായ തിരുടാ തിരുടാ എന്ന സിനിമയിലെ ‘രാസാത്തി’ എന്ന പാട്ടാണ് തന്റെ ഏറ്റവും ഫേവറെറ്റെന്ന് പ്രശാന്ത് പറഞ്ഞു. ആ പാട്ടിനെപ്പറ്റി ആലോചിക്കുമ്പോള്‍ തന്നെ തനിക്ക് രോമാഞ്ചം വരുമെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു. സിനി ഉലകത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രശാന്ത് ഇക്കാര്യം പറഞ്ഞത്.

‘എ.ആര്‍. റഹ്‌മാന്‍ സാര്‍ സംഗീതലോകത്തെ ജീനിയസ്സാണ്. അദ്ദേഹത്തിന് ഇനി പ്രൂവ് ചെയ്യാന്‍ ഒന്നും ബാക്കിയില്ല. അദ്ദേഹത്തിന്റെ സംഗീതത്തില്‍ രണ്ട് സിനിമകളില്‍ അഭനയിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ഇന്നും ആ പാട്ടുകളുടെ ഫ്രഷ്‌നസ് അപാരമാണ്. അതിന് മുകളില്‍ ചെയ്യാന്‍ വേറെ ആര്‍ക്കും പറ്റില്ല എന്നതാണ് സത്യം.

റഹ്‌മാന്‍ സാര്‍ സംഗീതം നല്‍കിയ പാട്ടുകളില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് തിരുടാ തിരുടായിലെ ‘രാസാത്തി’ എന്ന പാട്ടാണ്. ആ പാട്ടിലെ ‘കാരവീട്ട് തിണ്ണൈയിലേ കരിക്കു മഞ്ചള്‍ വരക്കയിലേ’ എന്ന പോര്‍ഷന്‍ വേറെ ലെവലാണ്. ആ പാട്ടിനെപ്പറ്റി ആലോചിക്കുമ്പോള്‍ തന്നെ എനിക്ക് രോമാഞ്ചം വരും. അത്രക്ക് ഇഷ്ടമുള്ള പാട്ടാണ് എനിക്ക് അത്,’ പ്രശാന്ത് പറഞ്ഞു.

Content Highlight: Actor Prasanth about his favorite song of A R Rahman

We use cookies to give you the best possible experience. Learn more