| Saturday, 7th October 2023, 8:26 am

'ജോഷി സാറിന് പേരറിയില്ല എന്റെ ഫോട്ടോ കാണിച്ച് ഇദ്ദേഹത്തെ വേണമെന്ന് പറഞ്ഞു; പക്ഷെ ആ പടം എനിക്ക് നഷ്ടമായി'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാടക വേദികളിൽ തിരക്കുള്ള നടനായി നിറഞ്ഞു നിൽക്കുമ്പോൾ അതുപേക്ഷിച്ച് ആഗ്രഹം കൊണ്ട് സിനിമയിൽ എത്തിയ നടനാണ് പ്രമോദ് വെളിയനാട്. ചുരുങ്ങിയ കാലം കൊണ്ട് കള, ജോൺ ലൂദർ, സൗദി വെള്ളക്ക, മഹാവീര്യർ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടാൻ പ്രമോദിന് സാധിച്ചു.

ഈയിടെ പ്രമോദ് അഭിനയിച്ച കിങ് ഓഫ് കൊത്തയെ കുറിച്ച് താരം പറഞ്ഞ അഭിപ്രായങ്ങൾ വലിയ രീതിയിൽ വിമർശനങ്ങൾ നേരിട്ടിരുന്നു. അഭിനയിച്ച സിനിമയെ നല്ലതായി കാണാൻ മാത്രമേ എനിക്ക് സാധിക്കുകയുള്ളു എന്നായിരുന്നു പ്രമോദ് അന്ന് പറഞ്ഞത്.

സിനിമയെ ഏറ്റവും സ്നേഹിക്കുന്ന പ്രമോദ് തന്റെ അഭിനയ ജീവിതത്തെ കുറിച്ച് പങ്കു വെക്കുകയാണ്.

‘നാടകം നിർത്തിയിട്ട് സിനിമയിലേക്ക് എത്തുമെന്ന് ഞാനെന്റെ സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല. ആദ്യത്തെ ഒരു വർഷം മാത്രമേ എനിക്ക് നാടകത്തിനായി അവസരം ചോദിക്കേണ്ടി വന്നിട്ടുള്ളൂ. കേരളത്തിലെ നമ്പർ വൺ സമിതികളിലാണ് ഞാൻ കളിച്ചത്’, പ്രമോദ് പറയുന്നു. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു പ്രമോദ്.

എനിക്ക് ഏറ്റവും വലിയ പ്രയാസവും പക്ഷെ സന്തോഷവും തോന്നിയ കാര്യം, ജോഷി സാറിന്റെ പുതിയ ആന്റണി എന്ന സിനിമയിൽ അദ്ദേഹത്തിന് എന്റെ പേരറിയാഞ്ഞിട്ട് മൊബൈലിൽ എന്റെ പടം എടുത്ത് ഈ ആളെ വേണം എന്ന് പറഞ്ഞു. പക്ഷെ ഞാൻ പുതിയ ചിത്രം അന്വേഷിപ്പിൻ കണ്ടെത്തുവിന്റെ തിരക്കിലായിരുന്നു 63 ദിവസം. ഞാൻ ഓർത്തു ദൈവമേ അദ്ദേഹമൊക്കെ നമ്മളെ കുറിച്ച് ചിന്തിക്കുന്നുണ്ടല്ലോ അല്ലെങ്കിൽ എന്നെയൊക്കെ കാണുന്നുണ്ടല്ലോയെന്ന്.

നമ്മൾ സിനിമ കാണാൻ തുടങ്ങിയ കാലം മുതൽ സ്‌ക്രീനിൽ കാണുന്നവരൊക്കെ നമ്മളെ ഓർക്കുമ്പോൾ സന്തോഷിക്കണ്ടേ? അവരൊക്കെ വിളിക്കുന്നു എന്ന് പറയുമ്പോൾ അതൊക്കെ വലിയ സന്തോഷമല്ലേ? ഇതിനെയൊന്നും അഹങ്കാരമെന്ന് വിളിക്കല്ലേ സുഹൃത്തുക്കളെ.

എന്റെ ഗുരുനാഥൻ എന്നോട് പറഞ്ഞിട്ടുണ്ട് നമ്മൾ ഒരു നാടകം പെർഫോം ചെയ്യുമ്പോൾ നിന്നെ തോല്പിക്കാൻ ഒരു മനുഷ്യനുമില്ല എന്ന് കരുതി പണിയെടുക്കണം.നിന്നെ തോല്പിക്കാൻ നീയല്ലാതെ വേറെ ആർക്കും പറ്റില്ല എന്നങ്ങ് സ്വയം വിചാരിച്ചാൽ ആർക്കും നമ്മളെ തോൽപിക്കാനാവില്ല’, പ്രമോദ് പറയുന്നു.

സിനിമയിൽ തന്നെ അടയാളപ്പെടുത്തുക എന്നതായിരുന്നു പ്രമോദിന്റെ ഏറ്റവും വലിയ സ്വപ്നം. നാടകത്തിലെന്ന പോലെ സിനിമയിലും തിളങ്ങാൻ പ്രമോദിന് കഴിയുമെന്നാണ് താരത്തിന്റെ പ്രതീക്ഷ. അനാവശ്യ വിമർശനകൾക്ക് ശ്രദ്ധ കൊടുക്കാതെ ഇനിയും മികച്ച വേഷങ്ങളുമായി മുന്നോട്ട് പോവാൻ തന്നെയാണ് പ്രമോദിന്റെ തീരുമാനം.

Content Highlight : Actor Pramodh Veliyanad Talks About Director Joshi

We use cookies to give you the best possible experience. Learn more