| Friday, 13th October 2023, 8:37 am

'അദ്ദേഹം ഒരു ഇതിഹാസമാണ്, മണിച്ചേട്ടന്റെ പേര് എനിക്കൊപ്പം പറയുന്നത് ഒരുപാട് വേദനയുണ്ടാക്കുന്നു'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാടക രംഗത്ത് നിന്നും മലയാള സിനിമയിലേക്ക് ഉയർന്നു വന്ന നടനാണ് പ്രമോദ് വെളിയനാട്. ചുരുങ്ങിയ കാലയളവിൽ പ്രേക്ഷരുടെ ശ്രദ്ധ നേടിയെടുത്ത പ്രമോദ് തന്റെ അഭിനയ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ്.

‘ മണി ചേട്ടന്റെ പേരുമായി എന്തിനാണ് എന്റെ പേര് വലിച്ചിഴക്കുന്നത്?’ എന്നാണ് പ്രമോദ് ചോദിക്കുന്നത്. താൻ അടുത്ത കലാഭവൻ മണിയാണെന്ന് പറയുന്നവർക്ക് മറുപടി നൽകുകയാണ് പ്രമോദ്. മാസ്റ്റർ ബിനിനോട് സംസാരിക്കുകയായിരുന്നു താരം.

‘ഇപ്പോൾ നിലവിൽ ഞാൻ നേരിടുന്നൊരു പ്രശ്നം എന്റെ സിനിമകളും അഭിമുഖങ്ങളും കണ്ടിട്ട് ചില ആളുകൾ കുട്ടനാടിന്റെ കലാഭവൻ മണി, അടുത്ത മണിച്ചേട്ടൻ എന്നൊക്കെ എന്നെ കുറിച്ച് പറയുന്നുതാണ്. അതെനിക്ക് വലിയ വേദന ഉണ്ടാക്കുന്നുണ്ട്. ആ മനുഷ്യന്റെ പേരുമായിട്ട് എന്തിനാണ് എന്റെ പേര് വലിച്ചിഴക്കുന്നത്?

അദ്ദേഹം ഒരു ഇതിഹാസമാണ്. വലിയ മനുഷ്യനാണ്. ചില ആളുകൾ കമന്റ് ഇടാറുണ്ട് ഇവനാണോ കലാഭവൻ മണി, നീ ഏതാ എന്നൊക്കെ. അവരോട് എനിക്ക് പറയാനുള്ളത് ഇതൊന്നും ഞാൻ എനിക്കിട്ട പേരല്ലയെന്നാണ്. അദ്ദേഹത്തെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. എന്റെ ജീവന്റെ ജീവനാണ്. അദ്ദേഹത്തിനൊപ്പം എന്റെ പേര് പറയരുതെന്ന് എനിക്ക് ആഗ്രഹമുണ്ട്.

മലയാളത്തിൽ 26 വർഷം നാടകം കളിച്ചിട്ട് അതിൽ ഒരു ദിവസം മാത്രമാണ് ഞാൻ മേക്ക് അപ്പ് ചെയ്യാതെ അഭിനയിച്ചിട്ടിള്ളൂ. അത് മണിച്ചേട്ടൻ മരിച്ച ദിവസമാണ്. അദ്ദേഹത്തിന്റെ മരണ വാർത്ത കേട്ട് ഞാൻ തരിച്ചു നിന്ന് പോയിട്ടുണ്ട്. അന്ന് എന്റെ കാലൊടിഞ്ഞിരിക്കുന്ന സമയമായിരുന്നു. അതിനോടൊപ്പം ഈ വാർത്ത കൂടെ അറിഞ്ഞപ്പോൾ ഞാൻ മാനസികമായി തകർന്ന് പോയി.

കൂട്ടുകാരനാണ് മണി ചേട്ടന്റെ മരണ വാർത്ത എന്നെ വിളിച്ചു പറയുന്നത്. ആ മനുഷ്യന്റെ പേര് പറയുന്നതിലൊക്കെ സന്തോഷമുണ്ട്. പക്ഷെ നമുക്കൊന്നും എത്തിപിടിക്കാൻ പറ്റാത്ത ഉയരത്തിലാണ് മണി ചേട്ടൻ. അദ്ദേഹം അമ്പിളി അമ്മാവനാണ്.

ആ മനുഷ്യൻ അവിടെ ഇരുന്നോട്ടെ. എന്റെ പേര് അദ്ദേഹത്തിനൊപ്പം പറയുന്നത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം. അങ്ങനെ പറയാതിരിക്കാൻ ശ്രമിക്കുക,’പ്രമോദ് വെളിയനാട് പറയുന്നു.

Content Highlight : Actor Pramodh Veliyanad Talk About Kalabhavan Mani

We use cookies to give you the best possible experience. Learn more