| Monday, 31st October 2022, 9:17 pm

ഹിന്ദുത്വ അസംബന്ധങ്ങള്‍ എന്റെ സിനിമയിലൂടെ പ്രോത്സാഹിപ്പിക്കില്ല, ദേശസ്‌നേഹം എങ്ങനെ പ്രകടിപ്പിക്കണമെന്ന് തീരുമാനിക്കാന്‍ നിങ്ങളാരാണ്: പ്രകാശ് രാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹിന്ദുത്വ അജണ്ടകള്‍ പോലെയുള്ള അസംബന്ധങ്ങള്‍ തന്റെ സിനിമയിലൂടെ പ്രചരിപ്പിക്കില്ലെന്ന് നടന്‍ പ്രകാശ് രാജ്. ഇന്ത്യയിലെ പൗരനെന്ന നിലയില്‍ ശരിയും തെറ്റും തനിക്ക് തിരിച്ചറിയാനാവുമെന്നും ന്യൂസ് മിനിട്ടിന് നല്‍കിയ അഭിമുഖത്തില്‍ പ്രകാശ് രാജ് പറഞ്ഞു.

സമീപകാലത്ത് പുറത്തിറങ്ങുന്ന സിനിമകള്‍ ഹിന്ദുത്വ അജണ്ടയെ പിന്തുണയ്ക്കുന്നു എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ കാണുന്നുണ്ട്. സിനിമകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഇത് ശ്രദ്ധിക്കാറുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

‘ശരിയാണ്. ഞാനും ഇത് കാണാറുണ്ട്. ഒരു പൗരനെന്ന നിലയില്‍ ശരിയും തെറ്റും ഏതാണെന്ന് എനിക്ക് മനസിലാവും. ഇതുപോലെയുള്ള അസംബന്ധങ്ങള്‍ ഞാന്‍ പ്രോത്സാഹിപ്പിക്കില്ല. എന്റെ പുതിയ വെബ്ബ് സീരീസായ മുക്ബീര്‍ അങ്ങനെയുള്ള ഒന്നിനേയും പ്രോത്സാഹിപ്പിക്കുന്നില്ല. ആരാലും പ്രകീര്‍ത്തിക്കപ്പെടാത്ത സ്‌പൈ ഏജന്റുമാരെ പറ്റി ഒരു കൂട്ടം സംവിധായകര്‍ ചെയ്യുന്ന സീരീസാണിത്,’ പ്രകാശ് രാജ് പറഞ്ഞു.

‘രാജ്യത്തോടുള്ള സ്‌നേഹമെന്താണ്. രാജ്യത്തോടുള്ള സ്‌നേഹം എങ്ങനെയാണ് ഒരാള്‍ പ്രകടിപ്പിക്കുന്നത്. എന്റെ അഭിപ്രായത്തില്‍ ഒരു കര്‍ഷകന്‍ കൃഷി ചെയ്താണ് രാജ്യത്തോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നത്. ഈ രാജ്യത്തിലെ ഓരോ പൗരന്മാരും അവരുടെ രാജ്യത്തെ സ്‌നേഹിക്കുന്നുണ്ട്.

ചിലര്‍ ദേശസ്‌നേഹം എങ്ങനെ പ്രകടിപ്പിക്കണമെന്ന് തീരുമാനിക്കുന്നു. അതെങ്ങനെ പ്രകടിപ്പിക്കണമെന്ന് തീരുമാനിക്കാന്‍ നിങ്ങളാരാണ്? അതൊന്നും ശരിയല്ല. ഓരോരുത്തര്‍ക്കുമാവുന്ന രീതിയില്‍ അവര്‍ രാജ്യത്തോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നുണ്ട്.

ഡ്രൈവര്‍ വണ്ടിയോടിക്കും. പൈലറ്റ് വിമാനം പറത്തുന്നു, ലോക്കോ പൈലറ്റ് ട്രെയ്ന്‍ ഓടിക്കുന്നു, ഡോക്ടര്‍ ചികിത്സിക്കുന്നു, എഞ്ചിനിയര്‍മാരും ആര്‍ക്കിടെക്ടുകളും ജോലിയെടുക്കുന്നു. അവരെല്ലാം ഈ രാജ്യത്തിന്റെ ഭാഗമാണ്. അവരെല്ലാം രാജ്യത്തിന് വേണ്ടി നികുതിയടക്കുന്നവരാണ്. ആരും ഈ രാജ്യത്തെ വെറുക്കുന്നില്ല. അതാണ് പ്രധാനം. പ്രാദേശികമായി ദേശീയത നിര്‍മിക്കുന്നത് എന്തിനാണ്. ഇക്കാലത്ത് ദേശീയതയെ ദുര്‍വ്യാഖ്യാനം ചെയ്യുകയും ദുരുപയോഗം ചെയ്യുകയുമാണ്,’ പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Actor Prakash Raj says he will not promote nonsense like Hindutva agendas through his films

We use cookies to give you the best possible experience. Learn more