ന്യൂദല്‍ഹി: പാര്‍ലമെന്റ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് നടന്‍ പ്രകാശ് രാജ്. ‘വിശ്വഗുരുവിന്റെ ഗൃഹപ്രവേശ ചടങ്ങിന് അഭിനന്ദിങ്ങള്‍’ എന്നാണ് പ്രകാശ് രാജ് ട്വീറ്റില്‍ കുറിച്ചത്.
ജസ്റ്റ് ആസ്‌കിങ് എന്ന ഹാഷ് ടാഗോടെ ചെയ്ത ട്വീറ്റില്‍ ഇംഗ്ലീഷിലും കന്നഡയിലും അദ്ദേഹം പങ്കുവെച്ചു.
സുപ്രീം കോടതി അഭിഭാഷകനായ പ്രാശാന്ത് ഭൂഷനും വിഷയത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്.
പാര്‍ലമെന്റ് പ്രവര്‍ത്തിക്കുന്നില്ലെങ്കിലും അതിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം മത നേതാക്കളെ പങ്കെടുപ്പിച്ച് ആര്‍ഭാടത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുമ്പോള്‍ ഭരണഘടനയെ അവഗണിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
മോദിക്ക് കഴിഞ്ഞ ദിവസം സ്വര്‍ണചെങ്കോല്‍ കൈമാറിയ തമിഴ്‌നാട്ടിലെ തഞ്ചാവൂരിലെ ശൈവമഠമായ തിരുവാടുതുറൈ അധീനത്തില്‍ നിന്നുള്ള ഹിന്ദു സന്ന്യാസി സംഘത്തിനൊപ്പം മോദിയും ധനമന്ത്രി നിര്‍മല സീതാരാമും നില്‍ക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രതിപക്ഷ കക്ഷികളുടെ ബഹിഷ്‌കരണത്തിനിടെ പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ലോക്‌സഭാ സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപം പ്രധാനമന്ത്രി ചെങ്കോല്‍ സ്ഥാപിച്ചു. രാവിലെ ഏഴ് മണിക്ക് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് ഹോമം നടത്തി. തുടര്‍ന്ന് പാര്‍ലമെന്റ് ലോബിയില്‍ സര്‍വമത പ്രാര്‍ത്ഥനാ ചടങ്ങുകളും ഉണ്ടായിരുന്നു.