നിങ്ങള്‍ക്ക് പേരുമാറ്റാനാകും, ജനങ്ങള്‍ക്ക് സര്‍ക്കാരിനെ തന്നെ മാറ്റാനുള്ള കഴിവുണ്ടെന്ന് ഓര്‍ക്കണം; കേന്ദ്രത്തോട് പ്രകാശ് രാജ്
national news
നിങ്ങള്‍ക്ക് പേരുമാറ്റാനാകും, ജനങ്ങള്‍ക്ക് സര്‍ക്കാരിനെ തന്നെ മാറ്റാനുള്ള കഴിവുണ്ടെന്ന് ഓര്‍ക്കണം; കേന്ദ്രത്തോട് പ്രകാശ് രാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th September 2023, 4:20 pm

 

ബെംഗളൂരു: കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയുടെ പേര് മാറ്റി ഭാരത് എന്നാക്കാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്. സര്‍ക്കാരിന് ഇത്തരത്തില്‍ പേരുമാറ്റാന്‍ മാത്രമേ കഴിയൂവെന്നും ജനങ്ങള്‍ക്ക് സര്‍ക്കാരിനെ തന്നെ മാറ്റാനുള്ള കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സിയിലെ ‘ഇന്ത്യ’ മാറ്റി ഭാരത് എന്നെഴുതുന്ന സതീഷ് ആചാര്യയുടെ കാര്‍ട്ടൂണ്‍ എക്‌സില്‍ പങ്കുവെച്ചായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.

 

 

‘പേടിയോടെ മാത്രമേ നിങ്ങള്‍ക്ക് പേരുകള്‍ മാറ്റാന്‍ കഴിയൂ. ഞങ്ങള്‍ ഇന്ത്യക്കാര്‍ക്ക് നിങ്ങളെയും നിങ്ങളുടെ സര്‍ക്കാരിനെയും മാറ്റാന്‍ കഴിയും, അഭിമാനത്തോടെ തന്നെ,’ പ്രകാശ് രാജ് പറഞ്ഞു.

ജസ്റ്റ് ആസ്‌ക്കിങ്, ഇന്ത്യ എന്നീ ഹാഷ് ടാഗുകളോടെയാണ് പ്രകാശ് രാജ് ഈ പ്രതികരണം എക്‌സില്‍ കുറിച്ചത്.

യൂട്യൂബര്‍ ധ്രുവ് റാഠി അടക്കമുള്ള സെലിബ്രിറ്റകളും പേരുമാറ്റത്തെ പരിഹസിച്ച് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന പേര് നല്‍കിയ പശ്ചാത്തലത്തിലാണ് ഔദ്യോഗിക രേഖകളില്‍ ഇന്ത്യക്ക് പകരം ഭാരത് എന്നാക്കാന്‍ കേന്ദ്രം നീക്കം നടത്തുന്നതെന്നാണ് ധ്രുവ് റാഠി പറഞ്ഞിരുന്നത്. ഇങ്ങനെയാണെങ്കില്‍ പ്രധാനമന്ത്രി തന്റെ പേര് മാറ്റാനും മടിക്കില്ലെന്ന് പരിഹസിച്ചിരുന്നു.

അതേസമയം, വിഷയത്തില്‍ കടുത്ത പ്രതിഷേധം വന്നതോടെ പേരുമാറ്റത്തില്‍ നിന്ന് കേന്ദ്രം പിന്നോട്ട് പോയെന്നാണ് നിലവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍.
രാജ്യത്തിന്റെ പേര് ഇന്ത്യ എന്നതില്‍ നിന്നും ‘ഭാരത്’ എന്ന് മാറ്റുമെന്ന റിപ്പോര്‍ട്ടുകള്‍ അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ഇന്ന് പ്രതികരിച്ചു.

സെപ്റ്റംബറില്‍ ചേരുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇന്ത്യയുടെ പേര് മാറ്റി ‘ഭാരത്’ എന്ന് മാറ്റുമെന്നായിരുന്നു കഴിഞ്ഞ ദിവസം വന്ന റിപ്പോര്‍ട്ടുകള്‍. ഇത് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലടക്കം ആഘോഷമാക്കിയിരുന്നു.

Content Highlight: Actor Prakash Raj criticizes reports that the central government is planning to change India’s name to Bharat