ഹൈദരാബാദ്: രാഷ്ട്രീയത്തിൽ പ്രവേശിച്ച നടന്മാരിൽ പ്രകാശ് രാജ്, കമൽ ഹാസൻ അടക്കമുള്ളവർ പരാജയപ്പെട്ടപ്പോൾ വിജയിച്ചതാരാണെന്ന അവതാരകന്റെ ചോദ്യത്തിന് നരേന്ദ്ര മോദിയെന്ന് മറുപടി നൽകി പ്രകാശ് രാജ്.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിജയം കൈവരിച്ച അഭിനേതാവാണ് മോദിയെന്നും സ്വന്തമായി കോസ്റ്റ്യൂം ഡിപ്പാര്‍ട്ട്‌മെന്റ്, ഹെയര്‍ സ്റ്റൈൽ ഡിപ്പാര്‍ട്ട്‌മെന്റ്, മേക്കപ്പ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവ ഉള്ള വ്യക്തിയാണ് അദ്ദേഹമെന്നും പ്രകാശ് രാജ് പറഞ്ഞു. താന്‍ കണ്ടതില്‍ വെച്ച് പ്രസംഗങ്ങളും ആഖ്യാനങ്ങളും ഏറ്റവും നന്നായി അവതരിപ്പിക്കുന്ന നല്ലൊരു നടനാണ് മോദിയെന്ന് പ്രകാശ് രാജ് വിമര്‍ശിച്ചു.
വരാനിരിക്കുന്ന തെലങ്കാന തെരഞ്ഞെടുപ്പിനിടയില്‍ ടിവി9 തെലുഗു ചാനലില്‍ ‘പ്രകാശ് രാജ് ആന്റ് ഫൈവ് എഡിറ്റേഴ്‌സ്’ എന്ന അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍.ഡി.ടി.വി ചാനല്‍ എഡിറ്ററുടെ ചോദ്യത്തിനുള്ള മറുപടിയായാണ് പ്രകാശ് രാജിന്റെ വിമര്‍ശനം.
താന്‍ ഒരു ഇന്ത്യന്‍ പൗരനാണെന്ന നിലയിലും രാജ്യത്ത് കരമടക്കുന്ന വ്യക്തി എന്ന നിലയിലും ഇവിടെയുള്ള രാഷ്ട്രീയ നേതാക്കളോട് ചോദ്യം ചോദിക്കാനുള്ള അവകാശം എനിക്കുണ്ടെന്ന് പ്രകാശ് രാജ് പറഞ്ഞു. ചില വിഷയങ്ങള്‍ കണ്ണില്‍ പെട്ടാല്‍ അതുസംബന്ധിച്ച് സംസാരിക്കാതിരിക്കാൻ തനിക്ക് അന്ധത ബാധിച്ചിട്ടില്ലെന്നും, തന്നെ അന്ധനാക്കാന്‍ എഡിറ്റമാര്‍ ഈ അവസരത്തില്‍ ശ്രമിക്കരുതെന്നും പ്രകാശ് രാജ് മുന്നറിയിപ്പ് നല്‍കി.
പപ്പു എന്ന് വിളിച്ച് ആക്ഷേപിച്ചവര്‍ക്കുള്ള മറുപടിയാണ് രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്രയെന്ന് പ്രകാശ് രാജ് പറഞ്ഞു. അദ്ദേഹം ഒരുപാട് സാധാരണക്കാരായ മനുഷ്യരോട് സംസാരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് പ്രകാശ് കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് നടപ്പിലാക്കുന്ന വികസന പദ്ധതികള്‍ പുരോഗമനപരമാണെന്നും ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കേണ്ട രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ അവരുടെ ഉത്തരവാദിത്തങ്ങള്‍ മറക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.