ചെന്നൈ: നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്ന സെന്‍ട്രല്‍ വിസ്തയുടെ ചിത്രങ്ങള്‍ എടുക്കുന്നതും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും വിലക്കുന്ന കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ നിര്‍മാണത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും വിലക്കുന്നത്, നിങ്ങള്‍ ചെയ്യുന്നത് വൃത്തികേടാണെന്ന ബോധ്യം ഉള്ളതുകൊണ്ടാണ് എന്ന് പ്രകാശ് രാജ് തന്റെ ട്വീറ്റില്‍ പറയുന്നു.
സെന്‍ട്രല്‍ വിസ്തയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകയെ തടയുന്ന ദ ക്വിന്റിന്റെ വീഡിയോ റിപ്പോര്‍ട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘പ്രിയ പരമോന്നത നേതാവേ, സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്, ഫോട്ടോകളും വീഡിയോകളുമെടുക്കുന്നത് എല്ലാം നിങ്ങള്‍ വിലക്കിയിരിക്കുന്നു. കാരണം നിങ്ങള്‍ക്കറിയാം വൃത്തികേടാണ് നിങ്ങള്‍ ചെയ്യുന്നത് എന്ന്. അല്ലേ? വെറുതെ ചോദിച്ചതാണ്,’ പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.
ദല്‍ഹിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് മൂന്നാഴ്ചയായിട്ടും സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍ത്തി വെച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന ദ ക്വിന്റിന്റെ മാധ്യമ പ്രവര്‍ത്തകയെയാണ് നിര്‍മാണ പ്രവര്‍ത്തകര്‍ തടഞ്ഞത്.
നിങ്ങള്‍ക്ക് ഇവിടെ നിന്ന് വീഡിയോ എടുക്കാന്‍ അനുവാദമില്ലെന്നായിരുന്നു കോണ്‍ട്രാക്ടര്‍മാര്‍ പറഞ്ഞത്.
നിര്‍മാണ പ്രവര്‍ത്തനത്തിനായെത്തിയ തൊഴിലാളികള്‍ സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് കഴിയുന്നതെന്നും ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗേറ്റിന്റെ അടുത്ത് നിന്ന് ചിത്രീകരിക്കുന്നതില്‍ സുരക്ഷയുമായി ബന്ധപ്പെട്ട തടസ്സങ്ങളുണ്ടെന്നായിരുന്നു പ്രധാന കോണ്‍ട്രാക്ടര്‍ ഷപൂര്‍ജി പല്ലോന്‍ജി മാധ്യമപ്രവര്‍ത്തകയോട് പറഞ്ഞത്.
എന്നാല്‍ താന്‍ റോഡില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതില്‍ നിന്ന് എന്നെ തടയാന്‍ നിങ്ങള്‍ക്ക് സാധിക്കില്ലെന്നാണ് മാധ്യമപ്രവര്‍ത്തക മറുപടി പറയുന്നത്.
സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്ഥലങ്ങളില്‍ 7-8 വരെ തൊഴിലാളികളാണ് ഒരു ടെന്റില്‍ കഴിയേണ്ടി വരുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു. തിങ്ങി നിറഞ്ഞ് കിടക്കുന്നതില്‍ ബുദ്ധിമുട്ടുള്ളതിനാല്‍ കുറേ തൊഴിലാളികള്‍ ഇവരുടെ വീടുകളിലും മറ്റു സ്ഥലങ്ങളിലുമാണ് കിടക്കുന്നതെന്നും തൊഴിലാളികള്‍ വീഡിയോയില്‍ പറയുന്നുണ്ട്. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തൊഴിലാളികളോട് സംസാരിക്കുന്നതും തടയുകയായിരുന്നു.
എന്നാല്‍ ദല്‍ഹിയുടെ ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് എല്ലാ തൊഴിലാളികളെയും കണ്‍സ്ട്രക്ഷന്‍ സൈറ്റിലാണ് പാര്‍പ്പിക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് കേന്ദ്രം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
കൊവിഡിനിടയില്‍ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച കേസ് ദല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക