വര്‍ഷങ്ങള്‍ക്കിപ്പുറവും ആളുകള്‍ തന്റെ സിനിമ കാണണമെന്നാണ് ആഗ്രഹമെന്ന് നടന്‍ പ്രഭാസ്. അത്രയും കാലം സിനിമയില്‍ നിലനില്‍ക്കാന്‍ കഴിഞ്ഞാല്‍ അത് തന്നെ വലിയ ഭാഗ്യമാണെന്നും പ്രഭാസ് പറയുന്നു.
മലയാള സിനിമയില്‍ മമ്മൂട്ടി സാറും മോഹന്‍ലാല്‍ സാറും ജയറാം സാറുമൊക്കെ മുപ്പതും നാല്‍പ്പതും വര്‍ഷമായി ഇന്‍ഡസ്ട്രിയില്‍ തുടരുന്നവരാണെന്നും അങ്ങനെ നിലനില്‍ക്കാന്‍ ഒരുപാട് അധ്വാനം വേണമെന്നും പ്രഭാസ് സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘ ഒരുപാട് അധ്വാനം വേണം ഇവരെപ്പോലെ നിലനില്‍ക്കാന്‍. പലപ്പോഴും ഭയങ്കരമായി പൊരുതേണ്ടി വരും. ജയിക്കുക, തോല്‍ക്കുക, ഓരോ വീഴ്ചയില്‍ നിന്നുമെഴുന്നേറ്റ് വീണ്ടും പൊരുതുക.അത്രയുമൊക്കെ സമയം ഞങ്ങളുടെ തലമുറയ്ക്കുണ്ടാവുമോ എന്നറിയില്ല. അവരെപ്പോലെ പൊരുതാന്‍ കഴിവുള്ളവരാണോ ഞങ്ങള്‍ എന്ന കാര്യത്തിലും സംശയമുണ്ട്.
എങ്കിലും അടുത്ത പത്തുവര്‍ഷത്തേക്കെങ്കിലും സിനിമയില്‍ നിലനില്‍ക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. അതിനുള്ളില്‍ സിനിമയെ കുറിച്ച് കൂടുതല്‍ പഠിക്കാനും മനസിലാക്കാനും പറ്റും. ബാഹുബലി വരെയുള്ള കാലം ഒരൊഴുക്കായിരുന്നു. എന്നാല്‍ അതിന് ശേഷമുള്ള ഓരോ ദിവസവും ഓരോ പരീക്ഷണങ്ങളാണ്. ശരിക്കുമൊരു എക്‌സ്പിരിമെന്റല്‍ സ്റ്റേജ്. ഇനി വരുന്ന വര്‍ഷങ്ങളില്‍ എനിക്ക് മനസിലായേക്കാം എങ്ങനെയാണ് ഒരു ഇന്ത്യന്‍ സിനിമ വേണ്ടതെന്ന്, പ്രഭാസ് പറഞ്ഞു.
മലയാള സിനിമകള്‍ കാണാറുണ്ടോ എന്ന ചോദ്യത്തിന് ഈയടുത്ത് ട്രാന്‍സും ലൂസിഫറും കണ്ടെന്നായിരുന്നു പ്രഭാസിന്റെ മറുപടി. മിന്നല്‍ മുരളിയെ കുറിച്ച് ഒരുപാട് കേട്ടു. പക്ഷേ ഇതുവരെ കാണാന്‍ പറ്റിയിട്ടില്ല. സമയം കിട്ടുമ്പോള്‍ അതും കാണണം. രാധേ ശ്യാം എന്ന സിനിമയ്ക്കും അടുത്ത മലയാളി ബന്ധമുണ്ട്. അതില്‍ ജയറാം സാര്‍ അഭിനയിച്ചിട്ടുണ്ട്. സിനിമയുടെ മലയാളം പരിഭാഷയ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് പൃഥ്വിരാജാണ്. ഇനി വരുന്ന സലാര്‍ എന്ന ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിക്കുന്നുമുണ്ട്.
മലയാളത്തിലേയും തെലുങ്കിലേയും സിനിമകള്‍ തമ്മില്‍ എന്തൊക്കെ വ്യത്യാസങ്ങളാണ് തോന്നിയിട്ടുള്ളത് എന്ന ചോദ്യത്തിന് മലയാളം സിനിമ കൂടുതല്‍ റിയലസ്റ്റിക് ആണെന്നായിരുന്നു പ്രഭാസിന്റെ മറുപടി.
വളരെ നാച്ചുറലാണ് മലയാള സിനിമയിലുള്ളവരുടെ അഭിനയം. തെലുങ്കിലും ഇപ്പോള്‍ അങ്ങനെയുള്ള ചില സിനിമകള്‍ ഇറങ്ങുന്നുണ്ട്. അര്‍ജ്ജുന്‍ റെഡ്ഡി, പുഷ്പ പോലുള്ളവ. എങ്കിലും കമേഴ്ഷ്യല്‍ സിനിമകള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. മലയാളത്തില്‍ ലൂസിഫറും കമേഴ്ഷ്യല്‍ സിനിമയാണ്. പക്ഷേ അതിലും റിയല്‍ എലമെന്റുണ്ട്. പതുക്കെ തെലുങ്കും അങ്ങനെയാവുമായിരിക്കാം, പ്രഭാസ് പറഞ്ഞു.
Content Highlight: Actor Prabhas about Mammootty and Mohanlal