നടന്‍ പൂജപ്പുര രവി അന്തരിച്ചു
Obituary
നടന്‍ പൂജപ്പുര രവി അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 18th June 2023, 12:32 pm

പൂജപ്പുര: നടന്‍ പൂജപ്പുര രവി അന്തരിച്ചു. 86 വയസായിരുന്നു. മറയൂരിലെ മകളുടെ വീട്ടില്‍ വെച്ചാണ് മരണം സംഭവിച്ചത്. ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ ആറു മാസമായി മകളുടെ വീട്ടിലായിരുന്നു താമസം. വാര്‍ധക്യ സഹജമായ അസുഖങ്ങളുണ്ടായിരുന്നു.

പ്രധാനമായും ഹാസ്യവേഷങ്ങളിലൂടെയാണ് മലയാള സിനിമയില്‍ അദ്ദേഹം ശ്രദ്ധ നേടിയിരുന്നത്. നാടകങ്ങളിലൂടെയാണ് പൂജപ്പുര രവി അഭിനയജീവിതം ആരംഭിച്ചത്. കലാനിലയം ഡ്രാമാവിഷന്‍ എന്നപ്രശസ്ത നാടക ട്രൂപ്പിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നു.

1970കളുടെ മധ്യത്തിലാണ് മലയാളം സിനിമയിലേക്ക് സജീവമായത്. ഏകദേശം 600 സിനിമകള്‍ അഭിനയിച്ചിട്ടുണ്ട്. 1990 കളില്‍ അദ്ദേഹം ടി.വി. സീരിയലുകളും ചെയ്തിരുന്നു.

ഹരിഹരന്റെ സംവിധാനത്തില്‍ എത്തിയ അമ്മിണി അമ്മാവനാണ് ആദ്യത്തെ സിനിമ. തുടക്കക്കാലത്ത് അദ്ദേഹം വളരെ ചെറിയ റോളുകളാണ് ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് മികച്ച ക്യാരക്ടര്‍ റോളുകളും അദ്ദേഹം കൈകാര്യം ചെയ്തു.

മുത്താരംകുന്ന് പി.ഒ, ഓടരുതമ്മാവാ ആളറിയാം, പൂരം തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ വേഷങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഗപ്പിയാണ് ഒടുവില്‍ അദ്ദേഹത്തിന്റേതായി പുറത്ത് വന്ന ചിത്രം.

 

Content Highlight: actor poojapura ravi passed away