'പാകിസ്ഥാന് നരകമല്ല' എന്ന പ്രസ്താവനയുടെ പേരില്‍ നടി രമ്യയ്‌ക്കെതിരെ രാജ്യദ്രോഹക്കേസ്
Daily News
'പാകിസ്ഥാന് നരകമല്ല' എന്ന പ്രസ്താവനയുടെ പേരില്‍ നടി രമ്യയ്‌ക്കെതിരെ രാജ്യദ്രോഹക്കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd August 2016, 9:52 am

remyaബംഗളുരു: പാകിസ്ഥാനെ പുകഴ്ത്തിയതിന് നടിയും കോണ്‍ഗ്രസ് നേതാവുമായ രമ്യയ്‌ക്കെതിരെ രാജ്യദ്രോഹക്കേസ്. അടുത്തിടെ നടന്ന സാര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാനായി പാകിസ്ഥാന്‍ സന്ദര്‍ശിച്ചു മടങ്ങിവന്നശേഷം രമ്യ നടത്തിയ പരാമര്‍ശങ്ങളാണ് കേസിനാധാരം.

” പാകിസ്ഥാന്‍ നരകമല്ല. അവിടുത്തെ ജനത നമ്മളെപ്പോലെ തന്നെയാണ്. അവര്‍ ഞങ്ങളെ നന്നായി സ്വീകരിച്ചു.” എന്നായിരുന്നു രമ്യയുടെ പ്രതികരണം.

“പാകിസ്ഥാനിലേക്കു പോകുന്നത് നരകത്തിലേക്കു പോകുന്നതിനു തുല്യമാണെന്ന പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന്റെ പ്രസ്താവനയോടു പ്രതികരിച്ചുകൊണ്ടായിരുന്നു രമ്യ ഇങ്ങനെ പറഞ്ഞത്.

ഈ പ്രസ്താവനയുടെ പേരില്‍ രമ്യയെ ദേശദ്രോഹി എന്നു മുദ്രകുത്തി ഹിന്ദുത്വവാദികള്‍ ആക്രമിക്കുകയായിരുന്നു. കര്‍ണാടകയിലെ മഡികേരിയില്‍ രമ്യയ്‌ക്കെതിരെ ഒരു അഭിഭാഷകന്‍ രാജ്യദ്രോഹക്കേസ് ഫയല്‍ ചെയ്യുകയും ചെയ്തു.

രമ്യ പാകിസ്ഥാനെ പുകഴ്ത്തിയതു കേട്ട് താന്‍ അതിശയിച്ചു പോയി എന്നാണ് പരാതി നല്‍കിയ അഭിഭാഷകന്‍ കട്‌നാമനെ വിറ്റല്‍ ഗൗഢ പറയുന്നത്.

2011 മുതല്‍ കോണ്‍ഗ്രസ് അംഗമായ രമ്യ മുന്‍ എം.എല്‍.എ കൂടിയാണ്.