കൊച്ചി: വോട്ടു ചെയ്യേണ്ടത് കൃഷ്ണകുമാറിനോ, സുരേഷ് ഗോപിക്കോ, സുരേന്ദ്രനോ, ശോഭയ്‌ക്കോ അല്ലെന്നും മറിച്ച് ഭാരതത്തെ രക്ഷിക്കണമെന്ന് പ്രതിജ്ഞയെടുത്ത നരേന്ദ്ര മോദിക്കാണെന്നും ബി.ജെ.പി സ്ഥാനാര്‍ത്ഥിയും നടനുമായ കൃഷ്ണകുമാര്‍.
മോദിയെ സംരക്ഷിച്ചില്ലെങ്കില്‍ നമ്മുടെ കാര്യം തീര്‍ന്നെന്നും നമ്മള്‍ എല്ലാവരും അദ്ദേഹത്തെ പ്രതിനിധാനം ചെയ്യുകയാണെന്നും നമുക്ക് അദ്ദേഹത്തെ സംരക്ഷിക്കണമെന്നുമായിരുന്നു കൃഷ്ണകുമാര്‍ പറഞ്ഞത്.
മോദിജിയെ ഓര്‍ത്തെങ്കിലും എല്ലാവരും വോട്ട് ചെയ്യണം. ഭാരതത്തിന്റെ മുക്കും മൂലയിലുമുള്ള ആളുകളുടെ പ്രശ്‌നം മനസിലാക്കുന്ന വ്യക്തിയാണ് അദ്ദേഹം. മുന്നൂറ്റമ്പതോളം പദ്ധതികള്‍ രാജ്യത്ത് കൊണ്ടുവന്നു. അതില്‍ ഏതാനും പദ്ധതികള്‍ മാത്രം കേരളത്തിലെത്തി.
പ്രധാനമന്ത്രിയുടെ പാര്‍പ്പിടത്തിനുള്ള പദ്ധതിയുണ്ട്. പക്ഷേ എന്തു ചെയ്യാന്‍, ലൈഫ് മിഷന്‍ എന്നൊരു പേരും മാറ്റി സ്വപ്നയെയും ശിവശങ്കറിനെയും കയറ്റി, വച്ചു. എന്നിട്ട് ആര്‍ക്കാണ് ലൈഫ് കിട്ടിയത്. ഇവിടെ ഭരിക്കുന്നവര്‍ക്കു മാത്രം. പാവപ്പെട്ടവര്‍ക്ക് ഈ ജന്മം ലൈഫ് കിട്ടില്ല. അങ്ങനെയാണ് ഓരോന്ന് ഉണ്ടാക്കി വച്ചിരിക്കുന്നത്. മെച്ചപ്പെട്ട ജീവിതം കിട്ടണമെന്നുണ്ടെങ്കില്‍ ഭാരതീയ ജനത പാര്‍ട്ടിക്കു മാത്രമേ അത് സാധിക്കൂ, കൃഷ്ണകുമാര്‍ പറഞ്ഞു.
സി.പി.ഐ.എമ്മിനെതിരെ രൂക്ഷവിമര്‍ശനമാണ് കൃഷ്ണകുമാര്‍ നടത്തിയത്. കമ്യൂണിസം കാന്‍സറാണെന്നായിരുന്നു കൃഷ്ണകുമാര്‍ പറഞ്ഞത്. അതിനെ ഇവിടെ നിന്നും എടുത്തുകളയണമെന്നും കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു.
എന്നെയും മക്കളെയും ഇവര്‍ കുറേ വിരട്ടി നോക്കി. അവിടെപ്പോലും ഒരു ചുക്കും സംഭവിച്ചില്ല. കുറച്ചുദിവസം എന്നെ ജോലിയില്‍ നിന്നും പുറത്താക്കി. എന്റെ മക്കളെയും ചിലപ്പോള്‍ പുറത്താക്കും, അതിനപ്പുറം ഇവര്‍ ഒന്നും ചെയ്യില്ല. ഇതെല്ലാം മോദി കാണുന്നുണ്ട്. അതിനപ്പുറത്ത് ദൈവം കാണുന്നുണ്ട്. ഭയക്കേണ്ട കാര്യമില്ല, ഇനി നമ്മുടെ കാലമാണ് വരാന്‍ പോകുന്നത്. ഈ കാട്ടാള ഭരണകൂടത്തെ താഴെ ഇറക്കണം. കോണ്‍ഗ്രസും ഇവരുടെ ഒപ്പമാണ്. അത് മനസിലാക്കണം, കൃഷ്ണകുമാര്‍ പറഞ്ഞു.
ബി.ജെ.പിയെക്കുറിച്ചും ഭാരതത്തെക്കുറിച്ചും നല്ലത് ഞാന്‍ സമൂഹമാധ്യമങ്ങളില്‍ എഴുതാറുണ്ട്. സൈബര്‍ കമ്മികളെ എനിക്ക് കലിയാണ്. എന്റെയും എന്റെ മക്കളുടെയും തൊഴില്‍ ഇല്ലാതാക്കാന്‍ ഇവര്‍ നോക്കും. ഇതിനപ്പുറം ഒന്നും ചെയ്യാന്‍ ഇവന്മാര്‍ക്കാകില്ല. കേരളം മാത്രമല്ല ഇവിടെ തമിഴ്‌നാടും ആന്ധ്രയും ഹിന്ദിയുമുണ്ട്. അവിടെയും പോയി അഭിനയിക്കും.
കേരളത്തില്‍ ജീവിക്കുന്ന മലയാളികളെക്കുറിച്ച് വളരെ വിഷമത്തോടെയാണ് കേരളത്തിനു പുറത്തുള്ള, പ്രത്യേകിച്ച് ബി.ജെ.പി ഭരിക്കുന്ന സ്ഥലത്തെ ആളുകള്‍ ചോദിക്കുന്നതെന്നായിരുന്നു കൃഷ്ണകുമാര്‍ പറഞ്ഞത്.
കോണ്‍ഗ്രസും കമ്യൂണിസ്റ്റും ഭരിക്കുന്ന നാട്ടില്‍ എങ്ങനെ ജീവിക്കുന്നുവെന്നാണ് അവര്‍ക്ക് അറിയേണ്ടത്. ഇവിടെ രണ്ടും അപകടമാണ്. എന്നാല്‍ കേരളത്തിനു പുറത്തുപോയാല്‍ രണ്ടും ഒന്നാണ്. ഇവിടെ ഇവര്‍ നമ്മളെ പറ്റിച്ചുകൊണ്ടിരിക്കുകയാണെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actor, Politician Krishnakumar Statement