ന്യൂദല്‍ഹി: കോണ്‍ഗ്രസിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ബി.ജെ.പി നേതാവ് ഖുശ്ബു. മാനസിക വളര്‍ച്ചയില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന തന്റെ പ്രസ്താവനയിലാണ് മാപ്പ് പറഞ്ഞ് ഖുശ്ബു രംഗത്തെത്തിയത്.
കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയതിന് പിന്നാലെയാണ് ഖുശ്ബു ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. വാക്കുകള്‍ തെറ്റായി ഉപയോഗിച്ചതിനാണ് ഖുശ്ബു മാപ്പ് പറഞ്ഞിരിക്കുന്നത്. ഇത്തരത്തിലുള്ള പ്രയോഗം തന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നെന്നും അവര്‍ പറഞ്ഞു.
ഖുശ്ബുവിന്റെ പ്രസ്താവനയ്‌ക്കെതിരെ 30 പൊലീസ് സ്റ്റേഷനുകളില്‍ പരാതി ലഭിച്ചതിന് പിന്നാലെയാണ് മാപ്പ് ചോദിച്ചുകൊണ്ട് ഇവര്‍ രംഗത്തെത്തിയത്.
മാനസിക വളര്‍ച്ചയില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും കഴിവും ബുദ്ധിയുമുള്ള സ്ത്രീകളെ അംഗീകരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് കഴിഞ്ഞിട്ടില്ലെന്നുമാണ് ഖുശ്ബു സുന്ദര്‍ പറഞ്ഞത്.
കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ച് ബി.ജെ.പിയില്‍ അംഗത്വം നേടിയതിനു പിന്നാലെയാണ് ഖുശ്ബുവിന്റെ പ്രതികരണം. ചെന്നൈ എയര്‍പോര്‍ട്ടിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു കോണ്‍ഗ്രസിനെതിരെ ഖുശ്ബു തുറന്നടിച്ചത്.
‘ഞാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോട് വിധേയപ്പെട്ടു നിന്നവളാണ്. പക്ഷേ പാര്‍ട്ടി എനിക്ക് അര്‍ഹിക്കുന്ന ബഹുമാനം തന്നില്ല. കഴിവുള്ള സ്ത്രീകളെ അംഗീകരിക്കാന്‍ പാര്‍ട്ടി തയ്യാറല്ല. എന്നെ ഒരു നടിയായി മാത്രമേ കണ്ടിട്ടുള്ളു എന്നവര്‍ പറയുന്നതില്‍ നിന്ന് തന്നെ വ്യക്തമാണ്, എന്താണ് പാര്‍ട്ടി നേതാക്കളുടെ ചിന്താഗതിയെന്ന്’- എന്നും ഖുശ്ബു പറഞ്ഞിരുന്നു.
തിങ്കളാഴ്ചയാണ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് നടി ഖുശ്ബു ബി.ജെ.പിയില്‍ ചേര്‍ന്നത്. ബി.ജെ.പി വക്താവ് സംപിത് പത്രയുള്‍പ്പടെ പങ്കെടുത്ത ചടങ്ങിലായിരുന്നു ഖുശ്ബു പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
രാജ്യത്തെ ശരിയായ ദിശയിലേക്ക് കൊണ്ടുപോകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലുള്ള ഒരാളെ ആവശ്യമാണെന്ന് താന്‍ തിരിച്ചറിഞ്ഞിരിക്കുന്നു എന്നായിരുന്നു ബി.ജെ.പി അംഗത്വം എടുത്തതിന് പിന്നാലെ ഖുശ്ബു പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Actor-politician Khushbu Sundar issues apology over ‘mentally retarded’ remark