| Thursday, 1st April 2021, 11:35 am

'എത്രയോ നാളായി അവര്‍ രാജിവയ്ക്കൂ, രാജിവയ്ക്കൂ എന്നു പറയുന്നു, ഒന്ന് സമ്മതിച്ചുകൊടുത്തൂടെ.' എന്ന് പിണറായിയോട് ചോദിച്ചു; മറുപടി ഇങ്ങനെയായിരുന്നു: ഇന്നസെന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമൊത്തുള്ള ഒരു അനുഭവം പങ്കുവെക്കുകയാണ് നടനും മുന്‍ എം.പിയുമായ ഇന്നസെന്റ്. സംഗതി മറ്റൊന്നുമല്ല പ്രതിപക്ഷം നിരന്തരം ഉന്നയിക്കുന്ന മുഖ്യമന്ത്രിയുടെ രാജിക്കാര്യത്തെ കുറിച്ച് അദ്ദേഹത്തോട് സംസാരിച്ചപ്പോഴുണ്ടായ അനുഭവമാണ് ഇന്നസെന്റ് പങ്കുവെക്കുന്നത്.

‘മുഖ്യമന്ത്രി രാജിവയ്ക്കണം, മുഖ്യമന്ത്രി രാജിവയ്ക്കണം, ഇതുമാത്രമാണ് കോണ്‍ഗ്രസുകാര്‍ക്ക് പറയാനുള്ളത്. ഇത് കുറേ തവണ കേട്ടപ്പോള്‍ എനിക്കും തോന്നി, എന്നാല്‍ ഒന്നു രാജിവച്ചുകൂടെ. എത്ര തവണയായി അവര്‍ പറയുകയാണ്.’

‘എനിക്ക് പപ്പടം വേണം, പപ്പടം വേണം എന്നു പറഞ്ഞ് കുട്ടി കരഞ്ഞാല്‍ അത് കൊടുക്കുകയല്ലേ മര്യാദ. ഈ പിണറായി അത് ചെയ്തില്ല. അപ്പോള്‍ മുഖ്യമന്ത്രി മാറി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നായി, അതും മാറി വിജയന്‍ എന്നാക്കി.

ഒരു ദിവസം മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു, ‘എത്രയോ നാളുകളായി അവര്‍ ഇങ്ങനെ രാജിവയ്ക്കൂ, രാജിവയ്ക്കൂ എന്നു പറയുന്നു എന്നാല്‍ ഒന്ന് സമ്മതിച്ചുകൊടുത്തൂടെ.’ അപ്പോള്‍ അദ്ദേഹം പറഞ്ഞു, ‘ ഇന്നസെന്റേ, ഞാന്‍ രാജിവച്ചിട്ട് ഈ സ്ഥാനം അവരുടെ കയ്യില്‍ ഏല്‍പിച്ചാലുളള സ്ഥിതി ഒന്ന് ആലോചിച്ചു നോക്കിക്കേ.’ എന്നായിരുന്നു, ഇന്നസെന്റ് പറഞ്ഞു.

‘ഞാന്‍ എം.പിയായി, പാര്‍ലമെന്റില്‍ പോയി. എട്ടാം ക്ലാസിലും ഏഴാം ക്ലാസിലും മൂന്ന് കൊല്ലം തോറ്റ ആള് പാര്‍ലമെന്റില്‍ ചെല്ലുന്നു. എന്റെ വിചാരം ഏറ്റവും കുറവ് വിദ്യാഭ്യാസം ഉള്ള ആള്‍ ഞാനാണെന്നാണ്.

എന്നാല്‍ അവിടെ ചെന്നപ്പോഴാണ് മനസിലായത്, എന്നേക്കാള്‍ ബുദ്ധിയില്ലാത്തവരാണ് അവിടെ കൂടുതല്‍. എന്റെ സിനിമകളൊക്കെ കാണാറുണ്ടെന്ന് അവിടെയുള്ളവര്‍ എന്നോടു പറഞ്ഞു. റാം ജി റാവു സിനിമയൊക്കെ അവര്‍ക്കറിയാം.’, ഇന്നസെന്റ് പറഞ്ഞു.

കൊല്ലത്ത് മുകേഷിനെ എല്ലാവരും വിജയിപ്പിക്കണമെന്നും. അങ്ങനെ കേരളത്തിലൊരു തുടര്‍ഭരണം ഉണ്ടാകണമെന്നും ആ തുടര്‍ഭരണത്തിലൂടെ പിണറായി വിജയന്‍ സര്‍ക്കാര്‍ വീണ്ടും വരണമെന്നും ഇന്നസെന്റ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: Actor, Politician Innocent share Experience with Pinaryi Vijayan

We use cookies to give you the best possible experience. Learn more