| Tuesday, 11th May 2021, 1:20 pm

പുതിയ സിനിമകളില്‍ നിന്ന് വിളിയൊന്നും വന്നിട്ടില്ല; ഞങ്ങളുടെ സിനിമകള്‍ ഇഷ്ടം പോലെയുണ്ടെന്നും റെഡിയായിരിക്കാനും ദിലീഷ് പോത്തന്‍ പറഞ്ഞിട്ടുണ്ട്: പി.എന്‍ സണ്ണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വര്‍ഷങ്ങള്‍ക്കിപ്പുറം ജോജി എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് പി.എന്‍ സണ്ണി. സ്ഫടികത്തിലെ തൊരപ്പന്‍ ബാസ്റ്റിന് ശേഷം ജോജിയിലെ പനച്ചേല്‍ കുട്ടപ്പനെന്ന കഥാപാത്രത്തെ ഉജ്ജ്വലമാക്കിയ പി.എന്‍ സണ്ണിയെ സംബന്ധിച്ച് ഇത് സ്വപ്‌നതുല്യമായ ഒരു തിരിച്ചുവരവാണ്.

സിനിമയിലേക്ക് തന്നെ തിരികെ കൊണ്ടുവന്നതിന് ശ്യാം പുഷ്‌കരനും ദിലീഷ് പോത്തനുമാണ് സണ്ണി നന്ദി പറയുന്നത്. ഇനി സിനിമയില്‍ അഭിനയിക്കാന്‍ കഴിയുമെന്ന് ഒട്ടും വിചാരിക്കാത്ത സമയത്താണ് അവര്‍ തന്നെ വിളിക്കുന്നതെന്നും സണ്ണി പറയുന്നു.

ജോജി കഴിഞ്ഞു പുതിയ സിനിമകളില്‍ നിന്ന് വിളി ഇതുവരെ വന്നില്ല. എന്നാല്‍ ഞങ്ങളുടെ സിനിമകള്‍ ഇഷ്ടം പോലെയുണ്ടെന്നും ചേട്ടന്‍ റെഡിയായിരിക്കണമെന്നുമാണ് ദിലീഷ് പോത്തന്‍ പറഞ്ഞിട്ടുള്ളതെന്നും പി.എന്‍ സണ്ണി പറയുന്നു.

പനച്ചേല്‍ കുട്ടപ്പനെ പോലെ തനിക്കും മൂന്നു മക്കളാണെന്നും പനച്ചേല്‍ കുട്ടപ്പനായി ഞാന്‍ അഭിനയിച്ചില്ലെന്നാണ് മക്കള്‍ പറയുന്നതെന്നും പി.എന്‍ സണ്ണി പറയുന്നത്. ഞാന്‍ അഭിനയിച്ചിട്ടില്ലെന്നാണ് അവര്‍ പറയുന്നത്. അവരെ വഴക്കു പറയുന്നതുപോലെയാണ് പനച്ചേല്‍ കുട്ടപ്പനെ കണ്ടപ്പോള്‍ അവര്‍ക്ക് തോന്നിയതെന്നും പറഞ്ഞു.

ജോജിയുടെ ഷൂട്ടിംഗ് കാണാന്‍ വന്ന വരില്‍ പലരും എന്റെ ഫിറ്റ്‌നെസ് ചോദിച്ചറിഞ്ഞിട്ടുണ്ടെന്നും അവിടേയും തനിക്ക് ശിഷ്യന്‍മാരുണ്ടായെന്നും സണ്ണി പറയുന്നു.

സ്ഫടികത്തിലെ തൊരപ്പന്‍ ബാസ്റ്റിന്‍ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടെങ്കിലും താന്‍ അധികം സിനിമകളിലൊന്നു തുടര്‍ന്ന് അഭിനയിച്ചില്ലെന്നും പൊലീസ് ജോലി വിടാനുള്ള മടിയായിരുന്നു അതിന് കാരണമെന്നും സണ്ണി പറയുന്നു. പിന്നെ ചാന്‍സ് ചോദിച്ച് പോകാനും സാധിച്ചില്ലെന്നും സണ്ണി പറയുന്നു.

സ്ഫടികത്തിന് ശേഷം നിരവധി അവസരങ്ങള്‍ തേടിയെത്തിയെങ്കിലും പലതും താന്‍ അറിഞ്ഞിരുന്നില്ലെന്നും മുന്‍പ് സണ്ണി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

‘തൊരപ്പന്‍ ബാസ്റ്റിന് ശേഷം നല്ല കഥാപാത്രങ്ങള്‍ എന്നെ തേടി വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. അന്ന് വീട്ടില്‍ ഫോണുണ്ടായിരുന്നില്ല. എന്നെ വിളിച്ചു കിട്ടണമെങ്കില്‍ പൊലീസ് സ്റ്റേഷനിലെ ഫോണ്‍ മാത്രമായിരുന്നു വഴി. അതിനാല്‍ തന്നെ പല സിനിമാക്കാരും ബന്ധപ്പെട്ടത് പൊലീസ് സ്റ്റേഷനിലേക്കായിരുന്നു.

പക്ഷേ പലപ്പോഴും അവര്‍ ബന്ധപ്പെടുമ്പോള്‍ ഞാന്‍ അവിടെ ഉണ്ടായിരുന്നില്ല. സ്റ്റേഷനിലെ തിരക്കുകള്‍ കാരണം എന്റെ സഹപ്രവര്‍ത്തകര്‍ സിനിമാക്കാര്‍ വിളിച്ച വിവരം പറയാന്‍ വിട്ടുപോകുകയും ചെയ്തു. അങ്ങനെ കുറച്ചവസരങ്ങള്‍ എനിക്ക് നഷ്ടപ്പെട്ടു. ഭദ്രന്‍ സാറിന്റെ ‘യുവതുര്‍ക്കി’യില്‍ ഒരു കഥാപാത്രം പറഞ്ഞുവെങ്കിലും സിനിമ മുഴുവനായി എഴുതിവന്നപ്പോള്‍ ആ കഥാപാത്രം ഇല്ലാതായി. പിന്നെ എനിക്കും സിനിമയോട് താത്പര്യം കുറഞ്ഞു,’ സണ്ണി പറയുന്നു.

സ്ഫടികത്തില്‍ അഭിനയിച്ച ദിവസങ്ങള്‍ തനിക്ക് ഒരു സ്വപ്നം പോലെയാണ് തോന്നിയതെന്നും എന്താണ് സംഭവിക്കുന്നതെന്ന് പോലും മനസിലാകാത്ത അവസ്ഥയായിരുന്നെന്നും സണ്ണി പറയുന്നു. പടം ഇറങ്ങിയപ്പോള്‍ അഭിനന്ദന പ്രവാഹമായിരുന്നു. കേരളത്തിലെങ്ങും സ്ഫടികം തരംഗമായി മാറി. ചിത്രത്തിന്റെ 150ാം ദിവസത്തിന്റെ ആഘോഷം കോട്ടയത്ത് നടന്നപ്പോള്‍ ജനത്തിരക്ക് കൊണ്ട് തനിക്കും കുടുംബത്തിനും തിയേറ്ററിലേക്ക് പ്രവേശിക്കാന്‍ കൂടി കഴിഞ്ഞില്ലെന്നും സണ്ണി പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor PN Sunny About Jojis Character and Upcoming Movie

We use cookies to give you the best possible experience. Learn more