| Saturday, 18th March 2023, 4:25 pm

'സിനിമയില്‍ ദിവസേനയാണ് പ്രതിഫലം, പറയാന്‍ ഭയമില്ല' ; പ്രതിഫലം വെളിപ്പെടുത്തി പവന്‍ കല്യാണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെലുങ്ക് സിനിമ ഇന്‍ഡസ്ട്രയിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടനാണ് പവന്‍ കല്യാണ്‍. സിനിമയില്‍ തനിക്ക് ലഭിക്കുന്ന പ്രതിദിന പ്രതിഫലം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് താരം.

ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് ദിവസേന രണ്ട് കോടിയാണ് തന്റെ പ്രതിഫലമെന്ന് നടന്‍ പറഞ്ഞു. അടുത്തിടെ ഒരു രാഷ്ട്രീയ റാലിക്കിടെ അണികളെ അഭിവാദ്യം ചെയ്യുമ്പോഴാണ് സിനിമയില്‍ താന്‍ വാങ്ങുന്ന പ്രതിഫലം എത്രയെന്ന് അദ്ദേഹം പറഞ്ഞത്.

”പണത്തോട് വലിയ ആഗ്രഹമുള്ള ആളല്ല ഞാന്‍. അത്തരത്തിലൊരു മനുഷ്യനല്ല. ആവശ്യം വന്നാല്‍ ഇതുവരെ സമ്പാദിച്ചതൊക്കെ എഴുതിക്കൊടുക്കും. ഒരു സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

ഭയമില്ലാതെ ഞാന്‍ പറയട്ടെ, ദിവസേന 2 കോടിയാണ് അതില്‍ എന്റെ പ്രതിഫലം. 20 ദിവസം ജോലി ചെയ്താല്‍ 45 കോടി എനിക്ക് കിട്ടും. എല്ലാ ചിത്രങ്ങള്‍ക്കും ഇത്രതന്നെ ലഭിക്കുമെന്നല്ല പറയുന്നത്. എന്റെ ശരാശരി പ്രതിഫലം ഇത്രയാണ്. നിങ്ങള്‍ എനിക്ക് നല്‍കിയ മൂല്യമാണ് അത്,” പവന്‍ കല്യാണ്‍ പറഞ്ഞു.

മുന്‍പ് ചിരഞ്ജീവിയുടെ പ്രജാ രാജ്യം പാര്‍ട്ടിയില്‍ പവന്‍ കല്യാണ്‍ പ്രവര്‍ത്തിച്ചിരുന്നു. 2014ല്‍ ജന സേനാ പാര്‍ട്ടി എന്ന പേരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി അദ്ദേഹം രൂപീകരിച്ചു. ഇപ്പോള്‍ പാര്‍ട്ടിയുടെ പ്രസിഡന്റാണ്.

പൃഥ്വിരാജും ബിജുമേനോനും ഒന്നിച്ചെത്തിയ ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ ഭീംല നായക് ആണ് പവന്‍ കല്യാണിന്റേതായി അവസാനം തിയേറ്ററുകളില്‍ എത്തിയ ചിത്രം.

content highlight: actor pawan kallyan reveals his remunaration

We use cookies to give you the best possible experience. Learn more