| Friday, 13th January 2017, 9:50 am

എന്തെങ്കിലും ഒക്കെ കിട്ടും എന്ന പ്രതീക്ഷയോടെ കാര്യങ്ങള്‍ ചെയ്യുന്ന നിങ്ങളെ പോലുള്ളവര്‍ക്ക് അലന്‍സിയറെ മനസ്സിലാവില്ല : സംഘികള്‍ക്ക് മറുപടിയുമായി പാര്‍വതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സംവിധായകന്‍ കമലിനെതിരായ സംഘപരിവാര്‍ ഭീഷണിക്കെതിരെ ഒറ്റയാള്‍ പ്രതിഷേധം നടത്തിയ നടന്‍ അലന്‍സിയറിന് പിന്തുണയുമായി നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ പാര്‍വതി.

കമല്‍ സാറിന്റെ പടത്തില്‍ റോളിനു വേണ്ടി അലന്‍ ഇത് ചെയ്തു എന്ന് പറയുന്നവരെ കുറിച്ചാണ് താന്‍ ചിന്തിക്കുന്നതെന്നും എന്തെങ്കിലും ഒക്കെ കിട്ടും എന്ന പ്രതീക്ഷയോടെ കാര്യങ്ങള്‍ ചെയ്യുന്ന നിങ്ങളെ പോലുള്ളവര്‍ക്ക് അദ്ദേഹത്തെ മനസ്സിലാവാന്‍ സാദ്ധ്യതയില്ലെന്നും പാര്‍വതി പറുന്നു.

ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ വാവിട്ട് കരഞ്ഞ്, അലറിക്കൊണ്ട് സെക്രട്ടേറിയറ്റിന്റെ ചുറ്റിലും ഓടിയ മനുഷ്യനാണ് ഈ അലന്‍സിയര്‍. നാടകക്കാരന്‍ ആയത് കൊണ്ട് അന്ന് അത് ആരും ചര്‍ച്ച ചെയ്തില്ല.

അസഹിഷ്ണുതയും അനീതിയും യഥാര്‍ത്ഥ കലാകാരന്റെ ചങ്ക് പൊളളിക്കും. അത് അവര്‍ കലയാക്കും. അലന്‍സിയര്‍ നാടകം ചെയ്തതിലൂടെ പറഞ്ഞത് ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ട് എന്നാണ്. ജീവന്റെ തുടിപ്പുകള്‍ ഈ മണ്ണില്‍ ശേഷിക്കുന്നു എന്നാണ്.


റോളിന് വേണ്ടി തന്തയെ മാറ്റി പറയുന്ന ആളല്ല അലന്‍. ചിലര്‍ക്കെങ്കിലും ഇത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. കാരണം ഒന്നിനും വേണ്ടി അല്ലാതെ ജീവിക്കുന്നവരെ അവര്‍ ഈ കാലയളവില്‍ കണ്ടിട്ടുണ്ടാവില്ലെന്നും പാര്‍വതി പറയുന്നു.

ഒരു കലാകാരനെ ഒരു വ്യക്തിക്കോ രാഷ്ട്രീയ പ്രസ്ഥാനത്തിനോ രാജ്യത്തിനോ നാടുകടത്താനാവില്ലെന്ന വിശ്വസിക്കുന്ന ആളാണ് താനെന്ന് അലന്‍സിയര്‍ പ്രതികരിച്ചിരുന്നു.

തന്റെ ചിന്തകള്‍ക്ക് എതിരായത് ഇവിടെ കാണിക്കണ്ട എന്നുപറയുന്നത് ഫാസിസമാണ്. അതേഫാസിസമാണ് അഭിപ്രായം പറഞ്ഞ ആളിനോട് അദ്ദേഹത്തിന്റെ മതത്തിന്റെ പേരില്‍ നാടുകടത്തിക്കളയാം എന്ന് ചിന്തിക്കുന്നതെന്നും അലസിയര്‍ പറഞ്ഞിരുന്നു.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു നേരെ കൈകടത്തുന്നതിനെ പ്രതിരോധിക്കുന്നവരെ, രാജ്യദ്രോഹി എന്നു വിളിച്ചും പാകിസ്ഥാനിലേക്കു പൊയ്‌ക്കോളൂ എന്നു പറയുന്ന അപകടകരമായ അവസ്ഥയോടായിരുന്നു അലന്‍സിയറിന്റെ ഒറ്റയാള്‍ പോരാട്ടം.

We use cookies to give you the best possible experience. Learn more