| Monday, 8th February 2021, 2:48 pm

'ഞാന്‍ കര്‍ഷക സമരത്തിനൊപ്പം'; പ്രതികരിക്കണോ വേണ്ടയോ എന്നുള്ളത് വ്യക്തിപരമായ തീരുമാനമാണ്; പാര്‍വതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: താന്‍ കര്‍ഷക സരമത്തിനൊപ്പമെന്ന് നടി പാര്‍വതി തിരുവോത്ത്. ഇത്തരം വിഷയങ്ങളെക്കുറിച്ച് അഭിനേതാക്കളും സെലിബ്രിറ്റികളും മാത്രമല്ല സംസാരിക്കേണ്ടത്. സംവിധായകരും എഴുത്തുകാരുമെല്ലാം സംസാരിക്കണം. എല്ലാവരുടെയും ശബ്ദം പ്രധാനമാണെന്നും മീഡിയാവണ്ണിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞു.

”പ്രതികരിക്കുന്ന ആളുകള്‍ ഏറ്റവും കൂടുതല്‍ ഉള്ളത് കേരളത്തിലാണ് എന്നാണ് എനിക്ക് തോന്നുന്നത്. നമ്മള്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കേണ്ടത് കുറേക്കൂടി സ്വാധീനമുള്ള ഇന്‍ഡസ്ട്രീസിനെയാണ്. അവര്‍ ഒരു ഗുണവുമില്ലാത്ത കാര്യങ്ങളാണ് ട്വിറ്ററിലൂടെ ചെയ്യുന്നത്.

ഇത് ഞാനൊരു തലപ്പത്ത് ഇരുന്ന് ബാക്കിയുള്ളവരെ ജഡ്ജ് ചെയ്യുന്നതല്ല. ഓരോരുത്തരുടെ വ്യക്തിപരമായ ചോയ്‌സ് ആണ് എത്രത്തോളം അവര്‍ മിണ്ടാതിരിക്കണം എന്നുള്ളത്. ഒരു പുതിയ വഴി വെട്ടിത്തെളിച്ച് മുന്‍പോട്ട് പോകണം എന്നുള്ളത് ഒരു പേഴ്‌സണല്‍ ചോയ്‌സാണ്.

അതിനെ സംബന്ധിച്ച് വരുന്ന എല്ലാ പ്രത്യാഘാതങ്ങളും ഏറ്റെടുക്കാന്‍ തയ്യാറുള്ള ആളുകൂടിയാണ് ഞാന്‍. അത് ചെയ്യണ്ട എന്നൊരാള്‍ തീരുമാനിച്ച് കഴിഞ്ഞാല്‍ നമുക്ക് ഫോഴ്‌സ് ചെയ്ത് ചെയ്യിപ്പിക്കാന്‍ സാധിക്കില്ല.

അവര്‍ ചെയ്യാത്തതുകൊണ്ടുള്ള പ്രത്യാഘാതങ്ങള്‍ കൂടി അനുഭവിക്കേണ്ടി വരുന്നത് നമ്മളെല്ലാവരും കൂടിയാണ്. എല്ലാവരും ഇതിനെക്കുറിച്ച് സംസാരിക്കണം.ആ ശബ്ദത്തിനെല്ലാം പ്രാധാന്യമുണ്ട്,” പാര്‍വതി പറഞ്ഞു.

വര്‍ത്തമാനം എന്ന സിനിമയുമായി ബന്ധപ്പെട്ട് മീഡിയവണ്‍ നടത്തിയ അഭിമുഖത്തിലായിരുന്നു പാര്‍വതിയുടെ പ്രതികരണം.

ആര്യാടന്‍ ഷൗക്കത്ത് തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്തത് സിദ്ധാര്‍ഥ് ശിവയാണ്. ജെ.എന്‍.യു സമരം പ്രമേയം ആയ സിനിമക്ക് കേരള സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചത് വിവാദം ആയിരുന്നു.

ചിത്രം ദേശവിരുദ്ധമാണെന്നും മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന് അനുമതി നിഷേധിച്ചിരുന്നത്.പാര്‍വതി തിരുവോത്തിനെ കൂടാതെ റോഷന്‍ മാത്യുവും സിദ്ദീഖുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബിജിപാല്‍ പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത് അളഗപ്പന്‍ നാരായണനാണ്. ആര്യാടന്‍ നാസര്‍, ബെന്‍സി നാസര്‍ എന്നിവരാണ് വര്‍ത്തമാനം നിര്‍മ്മിക്കുന്നത്.

കേരളത്തില്‍ നിന്ന് ദല്‍ഹിയിലേക്ക് ഉപരിപഠനത്തിന് എത്തുന്ന കഥാപാത്രത്തെയാണ് പാര്‍വതി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് നിര്‍മ്മാണം. നിവിന്‍ പോളി നായകനായ ‘സഖാവി’ന് ശേഷം സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘വര്‍ത്തമാനം’.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Congress: Actor Parvathy says she is with farmers

We use cookies to give you the best possible experience. Learn more