സുരേഷ് ഗോപിയെ നായകനാക്കി നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് കാവല്‍. കഴിഞ്ഞ ദിവസമാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
1994ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ഷാജി കൈലാസ് ചിത്രം ‘കമ്മീഷണറി’ന്റെ ഭാഗമായിരുന്ന മൂന്ന് സിനിമാതാരങ്ങളുടെ മക്കള്‍ ഒരുമിക്കുന്നു എന്ന പ്രത്യേകതയും കാവലിനുണ്ട്. കമ്മീഷണറുടെ തിരക്കഥ രചിച്ച രണ്‍ജി പണിക്കറുടെ മകന്‍ നിതിന്‍ രണ്‍ജി പണിക്കറാണ് കാവലിന്റെ സംവിധായകന്‍.
ഒപ്പം കമ്മീഷണര്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ എക്കാലവും ഓര്‍മിക്കുന്ന വില്ലന്‍ കഥാപാത്രമായ മോഹന്‍ തോമസിനെ അവതരിപ്പിച്ച നടന്‍ രതീഷിന്റെ മകന്‍ പത്മരാജ് രതീഷ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കമ്മീഷണര്‍ സിനിമയുടെ ഭാഗമായിരുന്ന നടന്‍ രാജന്‍ പി. ദേവിന്റെ മകന്‍ ജുബില്‍ രാജന്‍ പി ദേവും കാവലില്‍ അഭിനയിച്ചിട്ടുണ്ട്.
സിനിമയില്‍ വരാനുള്ള ആഗ്രഹം ചെറുപ്പത്തില്‍ ഉണ്ടായതിനെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ നടന്‍ പത്മരാജ് രതീഷ്. കാവല്‍ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്മീഷണറിലെ അച്ഛന്റെ പ്രകടനം കണ്ടിട്ടാണ് സിനിമയില്‍ വരാന്‍ ആഗ്രഹമുണ്ടായതെന്നും വില്ലനായി വരണമെന്ന് തന്നെയായിരുന്നു ആഗ്രഹമെന്നുമാണ് താരം പറയുന്നത്.
”ചെറുപ്പത്തിലെ സിനിമാ ആഗ്രഹം ഉണ്ടായിരുന്നു. സിനിമയില്‍ അഭിനയിക്കണമെന്ന് അച്ഛനും പറഞ്ഞിട്ടുണ്ട്. പിന്നീട് തമിഴ്‌നാട്ടില്‍ നിന്നും ഞങ്ങള്‍ കേരളത്തിലേയ്ക്ക് മാറിത്താമസിച്ചപ്പോള്‍ അവസരങ്ങള്‍ വന്നുതുടങ്ങി.
ഞാന്‍ ആദ്യമായി കാണുന്ന അച്ഛന്റെ സിനിമ കമ്മീഷണര്‍ ആണ്. അപ്പൊ തുടങ്ങിയ ആഗ്രഹമാണ് ഒരു വില്ലനാവണം എന്നുള്ളത്. അങ്ങനെയാണ് സിനിമയില്‍ എത്തുന്നത്,” പത്മരാജ് പറഞ്ഞു.
കരിങ്കുന്നം സിക്‌സസ്, ഫയര്‍മാന്‍, അച്ഛാ ദിന്‍ എന്നീ സിനിമകളിലും പത്മരാജ് ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.