| Monday, 5th April 2021, 7:34 am

നടന്‍ പി. ബാലചന്ദ്രന്‍ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വൈക്കം: നടനും തിരക്കഥാകൃത്തുമായ പി.ബാലചന്ദ്രന്‍ അന്തരിച്ചു. കഴിഞ്ഞ കുറച്ചുനാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. പുലര്‍ച്ചെ അഞ്ച് മണിയോടെ വൈക്കത്തെ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം വൈകീട്ട് മൂന്നുമണിക്ക് വൈക്കത്ത് നടക്കും.

മലയാളത്തിലെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹം ഉള്ളടക്കം, അങ്കിള്‍ ബണ്‍, പവിത്രം, തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍, മാനസം, പുനരധിവാസം, പൊലീസ്, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയും സംഭാഷണവുമെഴുതി.

വക്കാലത്ത് നാരായണന്‍ കുട്ടി, ശേഷം, പുനരധിവാസം , ശിവം, ജലമര്‍മ്മരം, ട്രിവാന്‍ഡ്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ, കടല്‍ കടന്നൊരു മാത്തുക്കുട്ടി, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തു. മമ്മൂട്ടിയുടെ വണ്‍ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം.

2012-ല്‍ കവി പി. കുഞ്ഞിരാമന്‍ നായരുടെ ജീവിതത്തെ ആസ്പദമാക്കി ഇവന്‍ മേഘരൂപന്‍ എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു.

1989ലെ മികച്ച നാടകരചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് പി ബാലചന്ദ്രന് ‘പാവം ഉസ്മാന്‍’ നേടിക്കൊടുത്തു. കേരളസംസ്ഥാന പ്രൊഫഷണല്‍ നാടക അവാര്‍ഡ് 1989ല്‍ നേടി.’പ്രതിരൂപങ്ങള്‍’ എന്ന നാടകരചനക്കായിരുന്നു അത്. പുനരധിവാസം എന്ന ചിത്രത്തിന്റെ തിരക്കഥക്ക് 1999ലെ കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ് നേടി. മികച്ച നാടക രചനക്കുള്ള 2009ലെ കേരള സംഗീതനാടക അക്കാദമി അവാര്‍ഡും പി ബാലചന്ദ്രനായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Actor P Balachandran Died

We use cookies to give you the best possible experience. Learn more