തുറമുഖത്തെ സഹായിക്കാന്‍ വന്ന ലിസ്റ്റിന്‍ സ്റ്റീഫന്‍ ഒരുപാട് കുരുക്കില്‍പ്പെട്ടിട്ടുണ്ടെന്ന് നിവിന്‍ പോളി. ലിസ്റ്റിന്‍ ചിത്രത്തിന്റെ റിലീസിനായി പരിശ്രമിച്ചതുപോലെ മറ്റൊരാളും തയ്യാറാവില്ലെന്നും ബാക്കി എല്ലാവര്‍ക്കും ചിത്രം ഏറ്റെടുത്ത് നടത്താന്‍ പേടിയായിരുന്നുവെന്നും നിവിന്‍ പറഞ്ഞു.
താനുള്‍പ്പെടെ പലരും പ്രതിഫലം പോലും വേണ്ടെന്നുവെച്ചുവെന്നും ഒരു മലയാള സിനിമക്കും തുറമുഖത്തിന്റെ അവസ്ഥ ഉണ്ടാവാന്‍ പാടില്ലെന്നും നിവിന്‍ പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”ലിസ്റ്റിന്‍ സ്റ്റീഫന് അറിയാം എല്ലാ പ്രശ്നങ്ങളും. ഇപ്പോഴും ലിസ്റ്റിന്‍ ഓടിക്കൊണ്ടിരിക്കുകയാണ്. പടത്തിനെ സഹായിക്കാന്‍ വന്ന ലിസ്റ്റിനെ കുരുക്കില്‍ നിന്ന് കുരുക്കിലേക്ക് കൊണ്ടുപോയി ഇവിടെവരെ എത്തിച്ചിരിക്കുകയാണ്.
ലിസ്റ്റിന്‍ ആയതുകൊണ്ടാണ് ഇതിന്റെ പിറകെ നടന്ന് ഓരോന്ന് ചെയ്യുന്നത്. ബാക്കിയെല്ലാവര്‍ക്കും ഇതേറ്റുനടത്താന്‍ പേടിയാണ്. ഒരു കുരുക്കല്ല. ഒരെണ്ണം അഴിക്കുമ്പോള്‍ ബാക്കി പത്തെണ്ണം അപ്പുറത്തുകൂടിയിട്ട് പൂട്ടുകയാണ്. ഇതെല്ലാം പൈസയുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള വേറൊരു മനോഭാവമാണ്. സിനിമയെ സ്നേഹിക്കുന്ന ഒരാളും ഇങ്ങനെ ചെയ്യില്ല.
ഇത്രയും സാങ്കേതികവിദഗ്ധരേയും നടീനടന്മാരേയും ഒരുമിച്ച് കൊണ്ടുവരികയും അവരെ ഈ സിനിമയ്ക്കായി ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിഫലത്തിന്റെ കാര്യത്തില്‍പ്പോലും വിട്ടുവീഴ്ച ചെയ്തത് രാജീവേട്ടനോടുള്ള ഇഷ്ടം കൊണ്ടും അദ്ദേഹത്തിനൊപ്പം ജോലി ചെയ്യാനുള്ള ആഗ്രഹംകൊണ്ടുമാണ്. എന്നാല്‍ ഇതുപോലും കണക്കിലെടുക്കാതെയാണ് നിര്‍മാതാവ് നിന്നത്.
ഞാനുള്‍പ്പെടെ മിക്കവരും പ്രതിഫലം പോലും വേണ്ടെന്നുവച്ചു. ഇങ്ങനെയൊരു സാഹചര്യം നിലനില്‍ക്കേ അതിനേക്കാള്‍ ഇരട്ടി പൈസ സിനിമയ്ക്ക് ആയതിന് കാരണം എന്തോ ഫിനാന്‍ഷ്യല്‍ പരിപാടി ഇതിനുള്ളില്‍ നടന്നിട്ടുണ്ട് എന്നതിനാലാണ്.
മലയാളത്തില്‍ വേറൊരു സിനിമയ്ക്കും ഇതുപോലൊരവസ്ഥ ഉണ്ടാവാതിരിക്കാന്‍ ഉചിതമായ തീരുമാനങ്ങള്‍ ബന്ധപ്പെട്ടവരെടുക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. അത് സംഘടനകളുടെ ഭാഗത്തുനിന്ന് തീരുമാനിക്കേണ്ടതാണ്,” നിവിന്‍ പോളി പറഞ്ഞു.
മൂന്ന് തവണ റിലീസ് മാറ്റിവെച്ച ചിത്രമാണ് തുറമുഖം. പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ നാളെയാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്. അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, ദര്‍ശന രാജേന്ദ്രന്‍, ജോജു ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. 1920കളില്‍ പുതിയ കൊച്ചി തുറമുഖം നിര്‍മിക്കുന്ന കാലത്താണ് കഥ തുടങ്ങുന്നത്.
content highlight: actor nivin pauly about thuramukham