കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് നിവിന്‍ പോളി പ്രധാനവേഷത്തിലെത്തുന്ന തുറമുഖം റിലീസിന് ഒരുങ്ങുകയാണ്. ഏകദേശം മൂന്ന് തവണ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നു. ഇത്രയും നാള്‍ റിലീസ് വൈകാനുള്ള കാരണം നിര്‍മാതാവാണെന്ന് പറയുകയാണ് നിവിന്‍ പോളി.
ഒരു മലയാള സിനിമക്ക് താങ്ങാന്‍ പറ്റുന്ന ബഡ്ജറ്റില്‍ ചെയ്ത സിനിമയാണ് തുറമുഖമെന്നും ഇത്രയും വലിയ ഫിനാന്‍ഷ്യല്‍ പ്രശ്‌നങ്ങളിലേക്ക് ചിത്രത്തെ വലിച്ചിഴക്കേണ്ടതില്ലെന്നും നിവിന്‍ പോളി പറഞ്ഞു. തുറമുഖത്തിന്റെ പ്രസ് മീറ്റിലാണ് നിവിന്‍ പോളി നിര്‍മാതാവിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്.
”തുറമുഖം ഇത്രയധികം പ്രശ്‌നത്തിലേക്ക് പോവേണ്ട ഒരു സിനിമയല്ല. ഇതൊരു മുപ്പത്, നാല്‍പ്പത്, നൂറ് കോടിയുടെയൊന്നും പടമല്ല. ഒരു മലയാള സിനിമക്ക് താങ്ങാന്‍ പറ്റുന്ന ബഡ്ജറ്റില്‍ ചെയ്‌തൊരു സിനിമയാണ്. ഇത്രയും ഒരു ഫിനാന്‍ഷ്യല്‍ പ്രശ്‌നങ്ങളിലേക്ക് വലിച്ചിഴക്കേണ്ട ആവശ്യമൊന്നുമില്ലായിരുന്നു. വലിച്ചിഴച്ചവര്‍ അതിന് ഉത്തരം പറയേണ്ടതാണ്.
ഒരു നടനെന്ന നിലയില്‍ ഞാനും മറ്റ് ആക്ടേര്‍സും പൂര്‍ണമായും സിനിമക്ക് വേണ്ടി സഹകരിച്ചിട്ടുണ്ട്. ഒരു നിര്‍മാതാവ് എന്ന നിലയില്‍ ഇത്രയും വലിയൊരു സിനിമ ഏല്‍പ്പിക്കുമ്പോള്‍ അതിനോടുള്ള മാന്യത അദ്ദേഹം പുലര്‍ത്തേണ്ടതുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് അങ്ങനെയൊരു സഹകരണം ഉണ്ടായിട്ടില്ല.
മൂന്ന് പ്രാവശ്യവും റിലീസ് പ്ലാന്‍ ചെയ്യുമ്പോള്‍ ഞങ്ങള്‍ ചോദിക്കുന്നുണ്ട്, ഇത് റിലീസാകുമോയെന്ന്. അപ്പോഴും പടം റിലീസാവില്ലെന്ന് അദ്ദേഹത്തിനറിയാം. എന്നിട്ടും ഞങ്ങള്‍ ആക്ടേര്‍സിനെയും ബാക്കി ടെക്‌നീഷ്യന്‍സിനെയും ഇന്‍ര്‍വ്യൂവിന് വിടുകയും മീഡിയയേയും അതിന് വേണ്ടി ഉപയോഗിക്കുകയും ചെയ്യുക എന്ന് പറയുന്നത് നല്ല കാര്യമല്ല.
ഇറങ്ങാതെ നിന്ന സിനിമ അവസാനം ലിസ്റ്റിനാണ് എടുത്തത്. ലിസ്റ്റിന്‍ സിനിമ കണ്ടിരുന്നു. അങ്ങനെ ഇഷ്ടപെട്ടിട്ടാണ് ലിസ്റ്റിന്‍ സിനിമ എടുത്തത്. തുറമുഖം റിലീസ് ചെയ്യാന്‍ വേണ്ടി ലിസ്റ്റിന്‍ കുറേ ബുദ്ധിമുട്ടിയിട്ടുണ്ട്. വേറെ ആരും ഈ സിനിമക്ക് വേണ്ടി ഇത്രയും എഫേര്‍ട്ട് എടുത്തിട്ടില്ല,” നിവിന്‍ പോളി പറഞ്ഞു.
മാര്‍ച്ച് പത്തിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. നിമിഷ സജയന്‍, ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ജോജു ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. രാജിവ് രവിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
content highlight: actor nivin pauly about thuramukam producer