| Tuesday, 22nd August 2023, 1:06 pm

സിനിമകളുടെ സെലക്ഷന്‍ പാളിയിട്ടുണ്ട്, ഇനിയും പാളും: നിവിന്‍ പോളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നമ്മള്‍ ചെയ്യുന്ന എല്ലാ സിനിമകളും നന്നായി വരണമെന്നില്ലെന്നും ഏതൊരു അഭിനേതാവിന്റെ കരിയറിലും ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകുമെന്നും നടന്‍ നിവിന്‍ പോളി. സിനിമകളുടെ സെലക്ഷന്‍ പാളിയിട്ടുണ്ടോ എന്ന ചോദ്യത്തിന് സെലക്ഷന്‍ പാളിയിട്ടുണ്ടെന്നും ഇനിയും പാളുമെന്നുമായിരുന്നു നിവിന്‍ പോളിയുടെ മറുപടി. ബോസ് ആന്‍ഡ് കോ സിനിമയുടെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു താരം.

‘സിനിമകളുടെ സെലക്ഷനൊക്കെ പാളിയിട്ടുണ്ട്. ഇനിയും പാളും. നമ്മള്‍ അങ്ങനെ ഭയങ്കര ബുദ്ധിയുള്ള ആളുകളൊന്നുമല്ലല്ലോ. നമ്മളോട് ഒരാള്‍ കഥ വന്നു പറയുന്നു. എനിക്ക് പേഴ്‌സണലി അത് ചെയ്യാന്‍ തോന്നുന്നു, ഞാന്‍ അത് ചെയ്യുന്നു. ചിലപ്പോള്‍ ആ സിനിമ വിജയിക്കും. ചിലപ്പോള്‍ പരാജയപ്പെടും.

ഒട്ടും വിജയിക്കില്ലെന്ന് വിചാരിച്ച സിനിമകള്‍ ചിലപ്പോള്‍ ഭയങ്കര ഹിറ്റായി മാറും. സെലക്ഷന്‍ എന്ന് പറയുന്ന ഒരു പ്രോസസില്‍ 100 ശതമാനം വിജയം നമുക്ക് പറയാന്‍ പറ്റില്ല. എനിക്ക് മനസിനിണങ്ങുന്ന സിനിമയോ നല്ല ടീമിന്റെ സിനിമയോ വരുമ്പോഴാണ് ഞാന്‍ ചെയ്യുന്നത്. അത് ആഗ്രഹിച്ചു ചെയ്യുന്നതാണ്.

സിനിമകള്‍ നന്നായാല്‍ സെലക്ഷന്‍ നന്നായി എന്ന് പറയും. സിനിമ മോശമാകുമ്പോള്‍ സെലക്ഷന്‍ തെറ്റിയെന്ന് പറയും. എന്നെ സംബന്ധിച്ച് മനസിന് ഇഷ്ടപ്പെടുന്ന, ആഗ്രഹിക്കുന്ന സിനിമകള്‍ ചെയ്തു പോകുമെന്നതാണ്.

ഭാഗ്യം കൊണ്ടു മാത്രം സിനിമയില്‍ വന്ന ആളാണ് താന്‍. പിന്നീട് തുടരെ നല്ല സിനിമകള്‍ കിട്ടി. നല്ല സംവിധായകരെ കിട്ടി. ഇതൊരു വലിയ ഉത്തരവാദിത്തമായി എനിക്ക് തോന്നി. മൂന്നോ നാലോ കൊല്ലം ഇവിടെ നിന്നാല്‍ പോര എന്ന തോന്നല്‍ എനിക്കുണ്ടായി.

എല്ലാ ജോണറിലുള്ള സിനിമകളും ഇവിടെ ചെയ്യുന്നവര്‍ ഉണ്ട്. എല്ലാം വിജയിക്കണമെന്നില്ല. വിജയം മാത്രം നോക്കി സിനിമയെ അപ്രോച്ച് ചെയ്യാനാവില്ല. നടനെന്ന നിലയില്‍ ഞാന്‍ വളര്‍ന്നു. അപ്പോള്‍ പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായ സിനിമകള്‍ കൊടുക്കാന്‍ സാധിക്കണം. എനിക്ക്
ഇംപ്രൂവ്‌മെന്റ് ഉണ്ടാവണം.

ഒന്നുകില്‍ ആളുകളെ ഹ്യൂമര്‍ ചെയ്ത് എന്റര്‍ടൈന്‍ ചെയ്യണം. അല്ലെങ്കില്‍ ഒരു മെസ്സേജ് കൊടുക്കുന്ന സിനിമകളാകണം. അല്ലെങ്കില്‍ ആക്ഷന്‍ ചെയ്യാന്‍ സാധിക്കണം. പല റോളുകള്‍ ചെയ്തായിരിക്കണം ഒരു ആക്ടര്‍ മുന്നോട്ട് പോകേണ്ടത്.

പിന്നെ തുടരെ തുടരെ സിനിമകള്‍ ചെയ്യുന്ന ആളല്ല ഞാന്‍. വര്‍ഷത്തില്‍ ഒരു പടം മാത്രം ചെയ്ത സമയമുണ്ട്. മനസിന് ഇണങ്ങുന്ന സിനിമകളാണ് ചെയ്തിട്ടുള്ളത്. എനിക്ക് എന്തെങ്കിലും ചെയ്യാനുണ്ടെന്ന് തോന്നിയ സിനിമകളാണ് അതെല്ലാം. ഇതിനയങ്ങോട്ടും തുടരെ സിനിമകള്‍ ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. ചെയ്യുന്നത് നന്നായി വന്നാല്‍ മതി. അതില്‍ തന്നെ എല്ലാം നന്നാവണമെന്നില്ല.

ചിലപ്പോള്‍ ചെയ്യുന്ന സിനിമകള്‍ എല്ലാം വിജയിക്കും. ചിലപ്പോള്‍ എല്ലാം പരാജയപ്പെടും. ഹിറ്റ്-ഫ്‌ളോപ്പ് എന്ന നിലയില്‍ പോകും. എല്ലാ ആക്ടേഴ്‌സിനും അങ്ങനെ തന്നെയാണ്. പഠിക്കാനുള്ളത് നമ്മള്‍ പഠിക്കുക. അടുത്ത പടത്തില്‍ ഇംപ്രൂവ് ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കുക.

ഇനി വരുന്ന സിനിമകളെല്ലാം പ്രതീക്ഷയുള്ളതാണ്. പക്ഷേ ഒരു സിനിമയുടെ റിസള്‍ട്ട് എന്താവണമെന്നത് പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത്. പോസിറ്റീവ് ആണെങ്കില്‍ സന്തോഷമായിരിക്കും. റിവ്യൂസില്‍ നിന്നെല്ലാം കാര്യങ്ങള്‍ മനസിലാക്കി ഇംപ്രൂവ് ചെയ്യും. ഇംപ്രൂവ് ചെയ്തും പാഠങ്ങള്‍ പഠിച്ചുമാണ് മുന്നോട്ട് പോകുന്നത്, നിവിന്‍ പോളി പറഞ്ഞു.

Content Highlight: Actor Nivin pauly about selection of movies and hits and flop

We use cookies to give you the best possible experience. Learn more