| Monday, 18th July 2022, 2:02 pm

ഒന്നുമില്ലെങ്കില്‍ നമ്മുടെ കണ്‍ട്രോളില്‍ നില്‍ക്കുമല്ലോ; മറ്റൊരാളുടെ പടം പോയി പ്രൊഡ്യൂസ് ചെയ്യുന്നതിനേക്കാള്‍ സ്വന്തം സിനിമ തന്നെ ചെയ്യുന്നതാണ് എളുപ്പം: നിവിന്‍ പോളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിവിന്‍ പോളിയെ പ്രധാന കഥാപാത്രമാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന മഹാവീര്യര്‍ റിലീസിനൊരുങ്ങുകയാണ്. കോര്‍ട്ട് ഡ്രാമ ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തിനായുള്ള കാത്തിപ്പിലാണ് ആരാധകരും. വളരെ വ്യത്യസ്തമായ ലുക്കിലാണ് ചിത്രത്തില്‍ നിവിന്‍ എത്തുന്നത്. ചിത്രം പ്രൊഡ്യൂസ് ചെയ്തിരിക്കുന്നതും നിവിന്റെ നിര്‍മാണ കമ്പനിയായ പോളി ജൂനിയറാണ്. എന്തുകൊണ്ടാണ് അഭിനയിക്കുന്ന എല്ലാ ചിത്രവും സ്വന്തമായി നിര്‍മിക്കുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിവിനും എബ്രിഡ് ഷൈനും.

‘ പ്രൊഡക്ഷന്‍ എന്നത് ഞാന്‍ ഭയങ്കരമായി എന്‍ജോയ് ചെയ്യുന്ന പ്രോസസ് ആണ്. ഓരോ സിനിമ ചെയ്യുമ്പോഴും ഓരോ കാര്യങ്ങള്‍ പഠിക്കാം. ഡെയ്‌ലിയുള്ള ആ പ്രോസസ് എനിക്ക് ഭയങ്കര ഇഷ്ടമാണ്. അഭിനയിക്കുന്നതിനോടുള്ള ഇഷ്ടം പോലെ തന്നെ പ്രൊഡക്ഷന്‍ സൈഡും ഞാന്‍ ഇഷ്ടപ്പെടുന്നു.

പിന്നെ മറ്റൊരാളുടെ പടം പോയി പ്രൊഡ്യൂസ് ചെയ്യുന്നതിനേക്കാള്‍ എളുപ്പം നമ്മുടെ സിനിമ തന്നെ ചെയ്യുന്നതായിരിക്കും. അത് നമ്മുടെ കണ്‍ട്രോളില്‍ നില്‍ക്കുന്ന കാര്യം കൂടിയായിരിക്കും. ഇത് തീര്‍ച്ചയായും സ്‌ട്രെസ് ഫുള്‍ പ്രോസസാണ്. അതില്‍ തര്‍ക്കമില്ല. കാരണം ഇത് രണ്ടും കൂടി വരുമ്പോള്‍ അത് മാനേജ് ചെയ്യുക അത്ര എളുപ്പമുള്ള കാര്യമല്ല.

ഒരു ഭാഗത്ത് നമ്മള്‍ പ്രൊഡക്ഷന്റെ കാര്യം നോക്കണം. അതേസമയം തന്നെ നമ്മള്‍ ആക്ടര്‍ ആയി ഇരിക്കണം. ഡയരക്ടര്‍ ചോദിക്കുന്ന കാര്യം നമുക്ക് കൊടുക്കാന്‍ പറ്റണം. അതുകൊണ്ട് തന്നെ ഇതിന്റെ മാനേജ്‌മെന്റ് ഇത്തിരി വിഷയമുള്ള കാര്യമാണ്. ഷൈന്‍ ചേട്ടന്‍ ശരിക്കും ഇതിന് എതിരാണ്. എല്ലാം കൂടി എടുത്ത് തലയില്‍ വെക്കുന്നത് എന്തിനാണ്. പീസ്ഫുള്ളായിട്ട് ആക്ടിങ് മാത്രം ചെയ്തൂടെ എന്ന് ചോദിക്കാറുണ്ട്. പക്ഷേ എനിക്കിത് താത്പര്യമുള്ളതുകൊണ്ടാണ് ചെയ്യുന്നത്, നിവിന്‍ പറഞ്ഞു.

അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ കണക്ക് നോക്കാന്‍ പോകാറുണ്ടോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും എത്രയോ ദിവസം പോയിട്ടുണ്ട് എന്നായിരുന്നു നിവിന്റെ മറുപടി. എല്ലാ ദിവസവും കാലത്ത് കണക്ക് നോക്കിയിട്ടേ അഭിനയിക്കാന്‍ പോകുകയുള്ളൂവെന്നും നിവിന്‍ പറഞ്ഞു. (ചിരി).

ആക്ഷന്‍ ഹീറോ ബിജു ചെയ്യുന്ന സമയത്ത് താനാണ് നിവിനെ പ്രൊഡ്യൂസറാവാന്‍ നിര്‍ബന്ധിച്ചത് എന്നായിരുന്നു ഇതോടെ എബ്രിഡ് ഷൈന്‍ പറഞ്ഞത്.

ആ സമയത്ത് അത് പ്രൊഡ്യൂസ് ചെയ്യണോ അതോ അഭിനയിച്ചാല്‍ മാത്രം മതിയോ എന്നൊക്കെ നിവിന്‍ ആലോചിച്ചിരുന്നു. നിവിന്‍ അന്ന് തൊട്ട് ആ കാര്യത്തില്‍ കൃത്യമായി എക്‌സിക്യൂട്ട് ചെയ്ത് മുന്നോട്ടു പോകുന്ന ആളാണ്. ഡിറ്റര്‍മിനേഷനുള്ള പ്രൊഡ്യൂസറാണ് അദ്ദേഹം, എബ്രിഡ് ഷൈന്‍ പറഞ്ഞു.

Content Highlight: Actor Nivin pauly about Mahaveeryar movie and his owun production company

We use cookies to give you the best possible experience. Learn more