| Tuesday, 19th July 2022, 1:11 pm

ചില സിനിമകള്‍ ചെയ്തു തുടങ്ങിയ ശേഷമാണ് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഉദ്ദേശശുദ്ധി ശരിയല്ലെന്ന് മനസിലായത്: നിവിന്‍ പോളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കരിയറിന്റെ തുടക്കകാലത്ത് താന്‍ എങ്ങനെയായിരുന്നു ഒരു സിനിമ തെരഞ്ഞെടുത്തതെന്നും കമ്മിറ്റ് ചെയ്ത ശേഷം വേണ്ടെന്നു തോന്നിയ സിനിമകളെ കുറിച്ചുമൊക്കെ മനസുതുറന്ന് നടന്‍ നിവിന്‍ പോളി. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയാണ് കരിയറിനെ കുറിച്ചും തെരഞ്ഞെടുപ്പില്‍ പാളിപ്പോയ സിനിമകളെ കുറിച്ചും നിവിന്‍ സംസാരിച്ചത്.

എത്തരത്തിലുള്ള സിനിമയായിരിക്കണം ഇനി ചെയ്യേണ്ടത് എന്ന് ആലോചിക്കാറുണ്ടോ, അങ്ങനെ തന്നെയാണോ സിനിമ തെരഞ്ഞെടുക്കാറ് എന്ന ചോദ്യത്തിന് ഏത് ടൈപ്പ് സിനിമയാണ് എന്ന് ആദ്യമേ ചോദിക്കാറുണ്ടെന്നും സമീപകാലത്ത് ചെയ്യാത്ത സിനിമകള്‍ ആണെങ്കില്‍ മാത്രമേ തിരക്കഥ കേള്‍ക്കാറുള്ളൂവെന്നുമായിരുന്നു നിവിന്റെ മറുപടി. ‘ബേസിക് പ്ലോട്ട് ലൈനില്‍ ഇന്ററസ്റ്റിങ് ആയാല്‍ മാത്രമേ കഥ കേള്‍ക്കുള്ളൂ. വെറുതെ ഒരു കഥ എഴുതി വരുന്നവരെ നരേഷന്‍ തുടങ്ങി 15 മിനുട്ടില്‍ നമുക്ക് അറിയാന്‍ പറ്റും. അതുപോലെ അത്രയ്ക്ക് ഇന്‍വോള്‍വ്ഡ് ആയി എഴുതി വരുന്നവരേയും നമുക്ക് ജഡ്ജ് ചെയ്യാന്‍ സാധിക്കും. അവരുടെ ഒരു ആത്മാവ് അതിലുണ്ടാകും’, നിവിന്‍ പറഞ്ഞു.

കരിയറിന്റെ തുടക്കത്തില്‍ തിരക്കഥകള്‍ വരുമ്പോള്‍ വിനീതിനെ വിളിച്ചായിരുന്നു കാര്യങ്ങള്‍ ചോദിച്ചിരുന്നതെന്നും എല്ലാ സിനിമകള്‍ വരുമ്പോഴും വിനീതിനോട് ചോദിക്കുമായിരുന്നെന്നും തുടക്കത്തില്‍ കൃത്യമായ ഗൈഡന്‍സ് തന്നത് വിനീതാണെന്നും അഭിമുഖത്തില്‍ നിവിന്‍ പറയുന്നുണ്ട്.

1983 ആണ് ഞാന്‍ ഷൈന്‍ ചേട്ടനുമായി (എബ്രിഡ് ഷൈന്‍ )ചെയ്ത ആദ്യ സിനിമ. സ്‌ക്രിപ്റ്റ് പോലും കേള്‍ക്കാതെ ഞാന്‍ കമ്മിറ്റ് ചെയ്ത സിനിമയാണ് അത്. അഞ്ച് മിനുട്ട് മാത്രമേ കഥ പറഞ്ഞിട്ടുള്ളൂ. അപ്പോള്‍ തന്നെ ഓക്കെ പറഞ്ഞു. അതിന്റെ കാരണം ഷൈന്‍ ചേട്ടനാണ്. ഒരിക്കല്‍ വനിതയുടെ ഒരു ഫോട്ടോ ഷൂട്ടിന് വേണ്ടിയാണ് ആദ്യമായി ഷൈന്‍ ചേട്ടനെ കാണുന്നത്.

ഒരു പോസിലിരിക്കുന്ന ഒരു സ്റ്റില്‍ പുള്ളി പലരീതിയില്‍ എടുത്തുകൊണ്ടിരിക്കുകയാണ്. ഒരു സ്റ്റില്‍ അത്രയൊന്നും എടുക്കേണ്ട കാര്യമില്ലല്ലോ. ഒരു പരിധിയില്‍ കൂടുതല്‍ എടുത്തപ്പോള്‍ എന്താണ് ഷൈന്‍ ചേട്ടാ ഇത് എന്ന് ചോദിച്ചു. അത്..ലൈറ്റ് ശരിയായില്ല എന്നൊക്കെയാണ് പുള്ളി പറയുന്നത്. ഒരു സ്റ്റില്ലിന് വേണ്ടി ഇത്രയും എഫര്‍ട്ട് എടുക്കുന്ന ആളാണല്ലോ എന്ന് അപ്പോള്‍ തോന്നി.

ഒന്നോ രണ്ടോ മണിക്കൂറുകൊണ്ട് പോകാമെന്ന് വിചാരിച്ച് വന്ന എന്നെ മണിക്കൂറുകളോളം നിര്‍ത്തിയാണ് ഫോട്ടോഷൂട്ട് തീര്‍ത്തത്. ഒരു ഫ്രെയ്മിന് വേണ്ടിയാണ് ഇത്രയേറെ കഷ്ടപ്പെടുന്നത്. ഇങ്ങനെയൊരാള്‍ ഒരു സിനിമയ്ക്ക് വേണ്ടി എങ്ങനെ വേണമെങ്കിലും കഷ്ടപ്പെടും എന്ന് തോന്നിയ മൊമന്റായിരുന്നു അത്.

കരിയറില്‍ പിന്നെ എപ്പോഴെങ്കിലും തിരക്കഥ മുഴുവന്‍ കേള്‍ക്കാതെ സിനിമ കമ്മിറ്റ് ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു നിവിന്റെ മറുപടി. എല്ലാം കേട്ട് ഓക്കെയായ ശേഷമാണ് സിനിമകള്‍ ചെയ്യാറ്. പക്ഷേ ചില സിനിമകള്‍ ചെയ്യുമ്പോള്‍ നമുക്കറിയാം ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഉദ്ദേശശുദ്ധി കറക്ട് അല്ല എന്ന്. അത്തരത്തില്‍ ഉള്ള സിനിമകള്‍ ഉണ്ട്. അതിന്റെ റിസള്‍ട്ട് ഇപ്പോഴും നമുക്ക് പല രീതിയിലും കാണാം.

ചില സിനിമകളൊക്കെ തുടങ്ങുന്നതിന് മുന്‍പ് തന്നെ ചില സംവിധായകരെ വാണ്‍ ചെയ്തിട്ടുണ്ട്. ഇത് കറക്ട് രീതിയിലല്ല പോകുന്നതെന്നും പിന്നീട് പണികിട്ടാന്‍ സാധ്യതയുള്ള പരിപാടിയാണ് സൂക്ഷിക്കണമെന്നും പറഞ്ഞിട്ടുണ്ട്. പിന്നെ നമ്മുടെ പ്രൊഡക്ഷന്‍ അല്ലാത്ത സിനിമകളില്‍ ഡയറക്ടറുടെ തീരുമാനമാണ് ബാക്കിയെല്ലാം, നിവിന്‍ പറഞ്ഞു.

Content Highlight: Actor Nivin Pauly about his wrong selection of movies

We use cookies to give you the best possible experience. Learn more