നിവിന് പോളിയെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത കനകം കാമിനി കലഹം റിലീസിന് ഒരുങ്ങുകയാണ്.
പ്രേക്ഷകര്‍ കുറേക്കാലമായി മിസ് ചെയ്യുന്ന, കാണാന്‍ കൊതിച്ച എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്നാണ് കനകം കാമിനി കലഹത്തെ കുറിച്ച് നിവിന്‍ പോളി പറയുന്നത്.
രതീഷ് എന്നോട് സ്‌ക്രിപ്റ്റ് പറഞ്ഞപ്പോള്‍ എനിക്ക് തോന്നിയത് ഈ കൊവിഡ് കാലത്ത് എല്ലാം മറന്ന് ആസ്വദിക്കാനുള്ള സിനിമയായിരിക്കും ഇതെന്നാണ്. കനകം കാമിനി കലഹം കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കുമെന്ന് ഉറപ്പാണ്.
വിചിത്രമായ കഥാപാത്രങ്ങളും വൈവിധ്യമായ നിരവധി സീനുകളും ധാരാളം നര്‍മമുഹൂര്‍ത്തങ്ങളും ചിത്രത്തിലുണ്ട്. പ്രേക്ഷകര്‍ കുറേക്കാലമായി മിസ് ചെയ്യുന്ന, കാണാന്‍ കൊതിച്ച എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്നും നിവിന്‍ പോളി കൂട്ടിച്ചേര്‍ത്തു.
മലയാളികള്‍ കാണാന്‍ ഇഷ്ടപ്പെടുന്ന നര്‍മവും അല്പം സസ്‌പെന്‍സും ഉള്‍പ്പെടുത്തിയാണ് കനകം കാമിനി കലഹം ഒരുക്കിയിരിക്കുന്നതെന്നാണ് സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ പറയുന്നത്.
കോമഡിയ്ക്ക് പ്രാധാന്യം നല്‍കുന്നതോടൊപ്പം തന്നെ നിരവധി ട്വിസ്റ്റുകള്‍ കൂടിയുള്ള സിനിമയായിരിക്കും ഇതെന്നും ഇതുവരെ കാണാത്ത കാഴ്ചകളായിരിക്കും ചിത്രം സമ്മാനിക്കുകയെന്നും രതീഷ് ബാലകൃഷ്ണ പൊതുവാള്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലൊന്നായ ഡിസ്‌നി+ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകരിലെത്തുന്നത്.
നിവിന്‍ പോളിയുടെ ബാനറായ പോളി ജൂനിയര്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മിച്ചത്. ഗ്രേസ് ആന്റണി, വിനയ് ഫോര്‍ട്ട് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ആദ്യചിത്രമായ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലൂടെ മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ സംവിധായകന്‍ കൂടിയാണ് രതീഷ് ബാലകൃഷ്ണ പൊതുവാള്‍.
ഒക്ടോബര്‍ 15 നാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ട്രെയിലറും റിലീസും പിന്നിട് പ്രഖ്യാപിക്കുമെന്നാണ് വിവരം.