ചില സുഹൃത്തുക്കളുടെ സിനിമ വരുമ്പോള്‍ നോ പറയാന്‍ അറിയില്ലെന്നും പക്ഷേ അങ്ങനെയുള്ള റോളുകള്‍ ശ്രദ്ധിക്കപ്പെട്ടിട്ടുമുണ്ടെന്നും നടന്‍ നിവിന്‍ പോളി. അത് ആ സിനിമകളില്‍ ആ കഥാപാത്രത്തിന് അത്രത്തോളം പ്രധാന്യം ഉള്ളതുകൊണ്ടാണെന്നും നിവിന്‍ പറഞ്ഞു.
നമുക്ക് നല്ല സുഹൃത്തുക്കള്‍ ഉണ്ടാകുമ്പോള്‍ എപ്പോഴും നല്ലത് സംഭവിക്കും. സിനിമയിലും അങ്ങനെ തന്നെയാണ്. നല്ല കഥകള്‍ സംഭവിക്കുന്നതും അങ്ങനെയാണ്.
നമ്മുടെ സുഹൃത്തുക്കള്‍ ആകുമ്പോള്‍ ഒരു കഥാപാത്രത്തെ നല്ലതുപോലെ എക്പെരിമെന്റ് ചെയ്യുവാനുള്ള ഒരു സ്വാതന്ത്ര്യം അവിടെ ഉണ്ടാകും. പ്രേമവും തട്ടത്തിന്‍ മറയത്തും ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യവുമെല്ലാം അങ്ങനെ സംഭവിച്ച ചിത്രങ്ങളാണ്,’ നിവിന്‍ പോളി പറഞ്ഞു.
ഒരു സിനിമ പരാജയപ്പെടുമ്പോള്‍ അടുത്ത സിനിമയില്‍ ആ പരാജയം എങ്ങനെ വിജയമായി തീര്‍ക്കാം എന്നാണ് നമ്മള്‍ എല്ലാവരും നോക്കുന്നത് എന്നും ഒരു കഥാപാത്രത്തെ എത്രത്തോളം മികച്ചതാക്കാം എന്നതിലാണ് താന്‍ എപ്പോഴും കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത് എന്നും നിവിന്‍ പോളി പറഞ്ഞു.
നായകനായി കയ്യടി വാങ്ങുമ്പോള്‍ തന്നെ അതിഥി വേഷത്തിലും നെഗറ്റീവ് വേഷത്തിലുമൊക്കെ നിവിന്‍ എത്തുന്നുണ്ട്. താരമൂല്യം നോക്കാതെ ഈ വേഷങ്ങള്‍ ചെയ്യാന്‍ നിവിന്‍ നിര്‍ബന്ധിതനാകുന്നത് സൗഹൃദത്തിന്റെ പുറത്താണോ അതോ തിരക്കഥയ്ക്ക് പ്രാധാന്യം നല്‍കുന്നതുകൊണ്ടാണോ എന്ന ചോദ്യത്തിന് രണ്ടിനും ഒരേ പ്രധാന്യമാണ് കൊടുക്കുന്നത് എന്നായിരുന്നു നിവിന്റെ മറുപടി.