|

സ്വയം ബോഡി ഷേമിങ് നടത്തിയിട്ടും വണ്ണം കുറയ്ക്കണമെന്ന് ആഗ്രഹമില്ലേ; മറുപടിയുമായി നിവിന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വര്‍ഷങ്ങള്‍ക്കുശേഷം എന്ന സിനിമയില്‍ നിതിന്‍ മോളി എന്ന കഥാപാത്രമായി വന്ന് പ്രേക്ഷകരെ ഞെട്ടിച്ച താരമാണ് നിവിന്‍ പോളി. ഒരു സിനിമാ താരമായി എത്തി കിടിലന്‍ ഡയലോഗുകളും സെല്‍ഫ് ട്രോളുകളും കൊണ്ട് സിനിമയെ മറ്റൊരു ലെവലില്‍ എത്തിക്കാന്‍ നിവിന് സാധിച്ചിരുന്നു.

വളരെ കുറഞ്ഞ സ്‌ക്രീന്‍ ടൈം മാത്രമുള്ള ഒരു കഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ നിവിന്‍ അവതരിപ്പിച്ചത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നിവിന് നേരെ മലയാള സിനിമയില്‍ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ക്ക് നിതിന്‍ മോളി എന്ന കഥാപാത്രത്തിലൂടെ മറുപടി നല്‍കിക്കുകയായിരുന്നു വിനീത് എന്ന സംവിധായകന്‍.

തനിക്കെതിരെ വന്ന ബോഡി ഷെയിമിങ്ങുകള്‍ക്കെതിരെയും മലയാള സിനിമയിലെ നെപ്പോട്ടിസത്തെ കുറിച്ചുമൊക്കെ നിതിന്‍ മോളിയെന്ന കഥാപാത്രത്തെ കൊണ്ട് വിനീത് സംസാരിപ്പിച്ചു.

വര്‍ഷങ്ങള്‍ക്കുശേഷം സിനിമയില്‍ സ്വയം ബോഡി ഷേമിങ് നടത്തിയിട്ടും വണ്ണം കുറയ്ക്കണമെന്ന് ഒട്ടും ആഗ്രഹിക്കുന്നില്ലേ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നിവിന്‍ പോളി. അത്തരത്തില്‍ ഒരു ആഗ്രഹവും ഇല്ലെന്നും താന്‍ കണ്‍സിസ്റ്റന്‍സി പിടിക്കുകയാണെന്നുമായിരുന്നു നിവിന്റെ തഗ്ഗ് മറുപടി. മലയാളി ഫ്രം ഇന്ത്യ സിനിമയുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിവിന്‍.

‘ഞാന്‍ മുന്‍പും ഒരു കാര്യം പറഞ്ഞിരുന്നു. കണ്‍സിസ്റ്റന്‍സി എന്ന പരിപാടി ആക്ടേഴ്‌സ് മെയിന്റെയന്‍ ചെയ്യണമെന്ന്. ഒരു പടം തുടങ്ങി അത് തീര്‍ന്ന് പ്രൊമോഷന്‍ പരിപാടി വരുമ്പോഴും ആ കണ്‍സിസ്റ്റന്‍സി കീപ്പ് ചെയ്യേണ്ടതുണ്ട്. നമ്മളെ കഥാപാത്രമായിട്ട് ആളുകള്‍ക്ക് ഫീല്‍ ചെയ്യേണ്ടേ? എല്ലാ പടത്തിലും ഞാന്‍ ഈ കണ്‍സിസ്റ്റന്‍സി കീപ്പ് ചെയ്യുന്നു. അതാണ് ഒരു കുഴപ്പം (ചിരി). ഇനി ഒരു പത്ത് ദിവസം കഴിഞ്ഞാല്‍ ചിലപ്പോള്‍ ഇങ്ങനെയായിരിക്കില്ല. അടുത്തത് കമ്മിറ്റ് ചെയ്യുന്നതിനനുസരിച്ച് ഇരിക്കും അടുത്ത കണ്‍സിസ്റ്റന്‍സി,’ എന്നായിരുന്നു നിവിന്‍ പറഞ്ഞത്. ഇതോടെ അടുത്ത പടം ഇനി വല്ല അങ്കിള്‍ബണ്‍ പോലുള്ള എന്തെങ്കിലും പരിപാടി ആണോ എന്നായിരുന്നു നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ ട്രോള്‍.

അങ്ങനെയാണെങ്കില്‍ രക്ഷപ്പെട്ടെന്നും വീട്ടുകാരോട് ധൈര്യമായിട്ട് ഭക്ഷണം തരൂ എന്ന് പറയാമല്ലോ എന്നായിരുന്നു നിവിന്റെ മറുപടി.

മലയാളി ഫ്രം ഇന്ത്യയിലെ ആല്‍പ്പറമ്പില്‍ ഗോപിക്ക് എവിടെ നിന്നാണ് ആ വിഗ്ഗ് കിട്ടിയത് എന്ന ചോദ്യത്തിന് എന്റെ പൊന്നോ അത് ഓര്‍മിപ്പിക്കല്ലേ എന്നായിരുന്നു നിവിന്റെ മറുപടി.

‘നമ്മുടെ ഡി.ഒ.പിയുടെ ഒരു സ്റ്റൈല്‍ ആണ് അത്. അവന്റെ ഫോട്ടോ വേണേല്‍ ഞാന്‍ അയച്ചുതരാം. അത് വെച്ച് കഴിഞ്ഞപ്പോള്‍ എനിക്ക് എന്നെ തന്നെ തല്ലാന്‍ തോന്നി. എന്തു കോലം ആണെടാ ഇത് എന്ന് ഞാന്‍ ഡിജോയോട് ചോദിച്ചു.

വിഗ്ഗ് എന്നൊക്കെ പറഞ്ഞാല്‍ മനുഷ്യന് ചേരുന്ന സാധനം വേണ്ടേ എന്ന് ചോദിച്ചപ്പോള്‍ സെക്കന്റ് ഹാഫില്‍ വേറൊരു ടെറെയ്‌നില്‍ പോകുമ്പോള്‍ ആ വ്യത്യാസം ഫീല്‍ ചെയ്യണമെന്നായിരുന്നു ഡിജോ പറഞ്ഞത്.

എനിക്ക് നിവിന്‍ പോളിയെ വേണ്ട ആല്‍പ്പറമ്പില്‍ ഗോപിയെ മതി എന്നൊക്കെ പറഞ്ഞ് അവന്‍ നമ്മളെ കണ്‍വിന്‍സ് ചെയ്തു കളയും. കണ്‍വിന്‍സ് ചെയ്യുന്ന കാര്യത്തില്‍ ഇവന്‍ ഉസ്താദ് ആണ്. ഉസ്താദ് ആണെന്നും പറഞ്ഞാല്‍ പോര. പകുതി മീശ ഇല്ലാതെ വരെ ഇവന്‍ ചിലപ്പോള്‍ നമ്മളെ അഭിനയിപ്പിച്ചു കളയും.

ഒരു സൈഡില്‍ മീശ വളരാത്ത നാട്ടിന്‍പുറത്തുകാരനെ ചെയ്യാന്‍ മലയാള സിനിമയില്‍ ആരുണ്ട് എന്നൊക്കെ ചോദിച്ച് ഇവന്‍ കണ്‍വിന്‍സ് ചെയ്ത് കളയും (ചിരി),’ നിവിന്‍ പറഞ്ഞു.

Content Highlight:  Actor Nivin pauly about Body shaming