| Wednesday, 20th September 2023, 5:04 pm

മമ്മൂക്കയുടെ അടുത്ത് എത്തുമ്പോഴേക്കും ഞാന്‍ കൂനി കൂനി പോവുകയാണ്; 'നിന്റെ തോളിന് എന്ത് പറ്റിയെടാ' എന്നാണ് അദ്ദേഹം ആദ്യം ചോദിച്ചത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയോടുള്ള ആരാധനയെക്കുറിച്ച് സംസാരിക്കുകയാണ് നടൻ നിഷാന്ത് സാഗർ. ആദ്യമായി മമ്മൂട്ടിയെ കാണാൻ പോയപ്പോൾ താൻ കൂനിയാണ് പോയതെന്നും ‘നിന്റെ തോളിന് എന്ത് പറ്റിയെടാ’ എന്നാണ് മമ്മൂട്ടി ആദ്യം തന്നോട് ചോദിച്ചതെന്നും താരം പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നിഷാന്ത് പറഞ്ഞു. പട്ടാളം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിട്ട് താൻ താമസിച്ചിരുന്ന ഹോട്ടലിൽ മമ്മൂട്ടി എത്തിയപ്പോഴാണ് ആദ്യമായി അദ്ദേഹത്തെ കണ്ടതെന്നും താരം പറഞ്ഞു.

‘മമ്മൂക്ക പട്ടാളം ചെയ്യുന്ന സമയത്ത് ഞാൻ ശിങ്കാരി ബോലോനാ സിനിമ ചെയ്യുകയായിരുന്നു. ഞങ്ങൾ താമസിക്കുന്ന ഹോട്ടലിലാണ് പട്ടാളത്തിന്റെ പ്രൊമോഷൻ അറേഞ്ച് ചെയ്തിരുന്നത്.

ഞാൻ മമ്മൂക്കയുടെ അടുത്തേക്ക് ചെല്ലുകയാണ്. അടുത്തേക്ക് ചെല്ലുംതോറും ഞാൻ കൂനി കൂനി പോവുകയാണ്. അടുത്ത് എത്തിയപ്പോൾ മമ്മൂക്ക ആദ്യം ചോദിച്ചത് ‘നിന്റെ തോളിന് എന്ത് പറ്റിയെടാ’ എന്നാണ്(ചിരി). ഞാൻ ഒന്നുമില്ല മമ്മൂക്ക എന്ന് പറഞ്ഞു. നേരെ നില്ക്കാൻ പറ്റാറില്ല പിന്നെ എങ്ങനെയാ സംസാരിക്കുക.

മമ്മൂക്കയുടെ സിനിമയോടുള്ള പാഷൻ ഇങ്ങനെ കൂടി കൂടി വരികയല്ലേ. എനിക്കൊക്കെ എന്നോട് തന്നെ വെറുപ്പ് തോന്നാറുണ്ട്. മമ്മൂക്കയുടെ അത്രയും കൊതി എന്താ നമുക്ക് വരാത്തത് എന്ന് ഓർത്ത്. അടിപൊളി മനുഷ്യനല്ലേ അദ്ദേഹം,’നിഷാന്ത് പറഞ്ഞു.

ഫാന്റം സിനിമയുടെ ഡബ്ബിങ് സമയത്ത് മമ്മൂട്ടിക്ക് വന്ന ഒരു ഫോൺ കോളിനെക്കുറിച്ചും അതിൽ തന്റെ പേര് പരാമർശിച്ചതിനെക്കുറിച്ചും നിഷാന്ത് അഭിമുഖത്തിൽ പറഞ്ഞു.

ഒരിക്കൽ ഫാന്റം സിനിമയുടെ ഡബ്ബിങ് നടന്നുകൊണ്ടിരിക്കുകയാണ്. മമ്മൂക്ക ഡബ്ബ് ചെയ്യുന്ന സമയത്ത് അദ്ദേഹത്തിന് ഒരു കോൾ വരികയാണ്. ഏതോ തമിഴ് പടത്തിന്റെ കാര്യം സംസാരിക്കുന്ന കൂട്ടത്തിൽ എന്റെ പേരും മമ്മൂക്ക സംസാരിക്കുന്നത് ഡയറക്ടർ കേട്ടു.
ഡയറക്ടർ എന്നെ വിളിച്ച് പറഞ്ഞു ‘നിന്നെ ഏതോ തമിഴ് പരിപാടിക്ക് മമ്മൂക്ക മെൻഷൻ ചെയ്തിട്ടുണ്ട് അതുകൊണ്ട് നീ അദ്ദേഹത്തെ ഒന്ന് വിളിക്കണം’ എന്ന് .

രണ്ട് മൂന്ന് ആഴ്ച കഴിഞ്ഞിട്ടാണ് മമ്മൂക്കയെ വിളിക്കാനുള്ള ധൈര്യം എനിക്ക് കിട്ടുന്നത്. മമ്മൂക്കയുടെ നമ്പർ സംഘടിപ്പിച്ച് വിളിച്ചപ്പോൾ തന്നെ അദ്ദേഹം എന്നോട് പറയുന്നത് ‘ആ പരിപാടി പോയെടാ നമുക്ക് വേറെ നോക്കാം’ എന്നാണ്(ചിരി).
ഞാൻ അത്ഭുതപ്പെട്ടുപോയി എങ്ങനെ മമ്മൂക്കക്ക് മനസ്സിലായി അതിനാണ് ഞാൻ വിളിച്ചതെന്ന്. എനിക്കിപ്പോഴും അത്ഭുതമാണ് എങ്ങനെ മമ്മൂക്ക അത് മനസ്സിലാക്കി എന്നത്.

അതിന് ശേഷം ഇന്ന് വരെ മമ്മൂക്കയെ എനിക്ക് വിളിക്കാൻ പറ്റിയിട്ടില്ല. മമ്മൂക്കയെ ഞാൻ കണ്ടിട്ടുണ്ട്, കാണാൻ പോയിട്ടുണ്ട് പക്ഷെ എനിക്കിപ്പോഴും പേടിയാണ് മമ്മൂക്കയെ വിളിക്കാൻ. ആ പേടി ഞാൻ തന്നെ മാറ്റേണ്ടതാണ്,’നിഷാന്ത് സാഗർ പറഞ്ഞു.

Content Higjlight: Actor Nishant Sagar talks about his admiration for Mammootty

We use cookies to give you the best possible experience. Learn more