Film News
അൻപറിവ് എന്നെ വഴക്കുപറയുകയാണ്, ഉടൻ തന്നെ ക്യാമറാമാൻ ഗൂഗിളെടുത്ത് എന്റെ പേര് ടൈപ്പ് ചെയ്ത് പുള്ളിക്ക് കാണിച്ചുകൊടുത്തു
സഖാവ് എന്ന സിനിമയിൽ സ്റ്റണ്ട് മാസ്റ്റേഴ്സ് ആയ അൻപറിവുമൊത്തുള്ള വിശേഷങ്ങൾ പങ്കുവെക്കുകയാണ് നടൻ നിഷാന്ത് സാഗർ. അൻപറിവ് മാസ്റ്റേഴ്സ് പറയുന്ന പെട്ടെന്നുള്ള മൂവ്മെന്റ്സ് തനിക്ക് ക്യാച്ച് ചെയ്യാൻ പറ്റാതിരുന്നപ്പോൾ വഴക്ക് കേട്ടിട്ടുണ്ടെന്നും ആ സമയം ക്യാമറാമാൻ തന്റെ പേര് ഗൂഗിളിൽ അടിച്ച് അവർക്ക് കാണിച്ചു കൊടുത്തിരുന്നെന്നും താരം പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നിഷാന്ത് സാഗർ.
‘സഖാവ് എന്ന സിനിമയിൽ അൻപറിവ് മാസ്റ്റർ വർക്ക് ചെയ്തിട്ടുണ്ട്. പക്ഷേ എനിക്ക് തോന്നുന്നു വിക്രം ഒന്നും ഇറങ്ങാത്ത സമയമായതിനാൽ അവർ ഇവിടെ അത്ര ഫേമസ് അല്ലായിരുന്നു. പക്ഷേ അപ്പോഴും അവർ തമിഴിലെ വളരെ അറിയപ്പെടുന്ന മാസ്റ്റേഴ്സ് തന്നെ ആയിരുന്നു.
അതിൽ ഞാനും നിവിൻ പോളിയുമായിട്ടുള്ള ഒരു സ്ട്രഗിൾ പരിപാടിയുണ്ടായിരുന്നു. ഞാൻ കുറച്ച് നാൾ ഡിപ്രഷൻ അടിച്ചിട്ട് ടാബ്‌ലെറ്റ്സ് ഒക്കെ കഴിച്ച് നിൽക്കുന്ന സമയം ഉണ്ടായിരുന്നു. അതിൽനിന്നും കുറച്ചൊക്കെ ശരിയായി വരുന്ന സമയത്താണ് സഖാവ് ചെയ്യുന്നത്. പക്ഷേ ഞാൻ ആ സമയത്ത് ഒരു ഉണർവിലേക്ക് എത്തിയിട്ടില്ല. എനിക്ക് ആ സമയത്ത് ആരെങ്കിലും എന്തെങ്കിലും പറയുമ്പോൾ കൃത്യമായിട്ട് ക്യാച്ച് ചെയ്യാൻ ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നു.
ആ സ്ട്രഗിൾ സീനിന്റെ സമയത്ത് പറഞ്ഞു തരുന്നത് പെട്ടെന്നുള്ള മൂവ്മെന്റ്‌സാണ്. നമ്മൾ സ്ലോ ആയിട്ട് നിൽക്കുന്ന സമയത്ത് പെട്ടെന്ന് ക്യാച്ച് ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല. അതിൽ അൻപിനാണോ അറിവിനാണോ എന്നറിയില്ല, ഒരാൾക്ക് ഇത്തിരി ദേഷ്യം വന്നു. അവർക്ക് അറിയില്ലല്ലോ നമ്മൾ ഇങ്ങനെ ഒരു അവസ്ഥയിലിരിക്കുകയാണെന്ന്.
ആ സമയത്ത് എത്ര നേരമായി പറയുന്നു എന്ന രീതിയിൽ കുറച്ച് ദേഷ്യത്തിൽ എന്നോട് പറഞ്ഞു. ക്യാമറാമാൻ ആണെന്ന് തോന്നുന്നു, ഉടനെ തന്നെ അവരെ വിളിച്ച് ഗൂഗിൾ എടുത്തിട്ട് നിഷാന്ത് സാഗർ എന്ന് ടൈപ്പ് ചെയ്തിട്ട് കാണിച്ചു കൊടുത്തു(ചിരി). ‘തെറി പറയണ്ട ഇവിടുത്തെ ഒരു നടനൊക്കെയാണ്, കണ്ടാൽ പൊട്ടനെ പോലെ ഇരിക്കുന്നുണ്ടെങ്കിലും പുള്ളി കുറെ സിനിമയൊക്കെ ചെയ്തിട്ടുണ്ട്’ എന്നൊക്കെ പറഞ്ഞു.
അതിനു ശേഷം ഞാൻ ഓക്കെ ആവുന്നത് വരെ വളരെ ക്ഷമയോടുകൂടി എല്ലാം പറഞ്ഞു തരും. പക്ഷെ ഇത് ഞാൻ പിന്നെയാണ് അറിയുന്നത്. ഞാൻ നോക്കിയപ്പോൾ നേരത്തെയുള്ള ചൂടാവൽ പിന്നെയില്ല, പിന്നെ ഇത്തിരി ബഹുമാനമൊക്കെ തരുന്നു. അസിസ്റ്റന്റ് ഡയറക്ടർ പയ്യനാണ് എന്നോട് പറയുന്നത് ‘ചേട്ടനോട് അങ്ങനെ ചൂടായപ്പോൾ ഗൂഗിൾ എടുത്ത് കാണിച്ചു കൊടുത്തു’ എന്ന്,’ നിഷാന്ത് പറഞ്ഞു.
Content Highlight: Actor Nishant Sagar said that there were Anpariv masters in the movie Sakhaav