| Wednesday, 9th November 2022, 1:52 pm

പണി കിട്ടി തുടങ്ങിയപ്പോഴാണ് എനിക്ക് ആ കാര്യം മനസിലായത്; സിനിമയിലെത്തിയെന്ന് വിചാരിച്ച് റിലാക്‌സ് ചെയ്യാന്‍ പാടില്ലായിരുന്നു: നിഷാന്ത് സാഗര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വലിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിന്റെ വെള്ളിത്തിരയിലെത്തുകയാണ് നടന്‍ നിഷാന്ത് സാഗര്‍. സിദ്ധാര്‍ത്ഥിന്റെ സംവിധാനത്തിലൊരുങ്ങിയ ചതുരം എന്ന ചിത്രത്തിലൂടെയാണ് നിഷാന്തിന്റെ തിരിച്ചുവരവ്.

2000ത്തില്‍ ലോഹിതദാസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ജോക്കര്‍ എന്ന ചിത്രത്തിലൂടെയാണ് നിഷാന്ത് സാഗര്‍ മലയാളത്തില്‍ അറിയപ്പെടുന്ന താരമായി മാറുന്നത്. തുടര്‍ന്നിങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ വേഷമിട്ട അദ്ദേഹം പക്ഷേ പൊടുന്നനെ സിനിമയില്‍ നിന്നും അപ്രത്യക്ഷനായി.

2008ല്‍, സണ്ണി ലിയോണിനൊപ്പം പൈറേറ്റ്‌സ് ബ്ലഡ് എന്ന ഒരു ഇന്‍ഡോ-അമേരിക്കന്‍ സിനിമയില്‍ അദ്ദേഹം അഭിനയിച്ചെങ്കിലും വിതരണ പ്രശ്നങ്ങള്‍ കാരണം ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്തിരുന്നില്ല.

സിനിമ തന്നില്‍ നിന്നും അകന്നുപോയതിനെ കുറിച്ചും അതിന്റെ കാരണത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നിഷാന്ത് സാഗര്‍. സിനിമയിലെത്തിയെന്ന് വിചാരിച്ച് ഒരിക്കലും നമ്മള്‍ റിലാക്‌സ് ചെയ്യാന്‍ പാടില്ലെന്നും തനിക്ക് അബദ്ധം പറ്റിയത് അവിടെയാണെന്നും നിഷാന്ത് സാഗര്‍ പറയുന്നു. പോപ്പര്‍‌സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ അടുത്തിടെ ഞാനൊരു യാത്ര പോയപ്പോള്‍ ഒരു കടയില്‍ കയറി. ആ കടയിലെ ചേട്ടന്‍, നിങ്ങളെ നേരിട്ട് കണ്ടതില്‍ വളരെ സന്തോഷമുണ്ടെന്നും പക്ഷേ സിനിമയില്‍ ഒന്നും കാണുന്നില്ലല്ലോയെന്നും ചോദിച്ചു. (ചിരി). ഇപ്പോള്‍ പടമൊന്നുമില്ലേയെന്ന് പുള്ളി വെറൈറ്റിയായിട്ട് ചോദിച്ചു.

സിനിമയില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നതിനെ കുറിച്ച് പറഞ്ഞാല്‍, വേണ്ടിയിരുന്ന ഒരു ബ്രേക്ക് തന്നെയാണ് എനിക്കുണ്ടായത്. നടനാകണം, സിനിമയിലെത്തണം എന്നത് വലിയൊരു ആഗ്രഹമുണ്ടായിരുന്നു. സ്‌കൂള്‍ കാലം മുതലേയുള്ള ആഗ്രഹം എന്ന് പറയാം. പക്ഷേ എത്തിക്കഴിഞ്ഞപ്പോള്‍ ഞാനൊന്ന് റിലാക്‌സ്ഡ് ആയി.

കാരണം നമ്മള്‍ ആഗ്രഹിച്ച സ്ഥലത്ത് നമ്മള്‍ എത്തിയല്ലോ. ഇനി ഓക്കെയാണ്. നമ്മുടെ പണിയൊക്കെ കഴിഞ്ഞു. ഇനി ഓരോ പടമൊക്കെ ചെയ്ത് ഇങ്ങനെ പോകാമെന്ന് കരുതി. പിന്നെ പതുക്കെ നമുക്ക് പണികിട്ടി തുടങ്ങിയപ്പോഴാണ് മനസിലായത് സിനിമയില്‍ എത്തിയെന്ന് വിചാരിച്ച് നമ്മള്‍ റിലാക്‌സ് ചെയ്യാന്‍ പാടില്ലായിരുന്നു എന്ന്.

അഭിനയം എന്ന ത്വര കൂടേണ്ടത് അപ്പോഴാണെന്നും മനസിലായി. നന്നായി പെര്‍ഫോം ചെയ്യണമെന്നും നിലനില്‍ക്കണമെന്നുമുള്ള തോന്നല്‍ വേണമായിരുന്നു. അതില്ലാത്തതുകൊണ്ട് ജീവിതത്തിലെ പല അവസ്ഥകളിലൂടേയും ഞാന്‍ കടന്നുപോയി. പിന്നെ നടന്നതെല്ലാം നല്ലതിന് എന്ന് പറയുമല്ലോ. അത് ഒരു തിരിച്ചറിവുകളായിരുന്നു. ഇപ്പോള്‍ രണ്ടാമതും സിനിമകള്‍ ചെയ്ത് തുടങ്ങുമ്പോള്‍ ഇത്രയും നാളത്തെ അനുഭവങ്ങള്‍ ഒരു മുതല്‍ക്കൂട്ടായി തോന്നുകയാണ്, നിഷാന്ത് സാഗര്‍ പറഞ്ഞു.

സിനിമയില്‍ അഭിനയിച്ച് ആളുകളെല്ലാം അറിഞ്ഞ് തുടങ്ങിയ സമയത്ത് എന്തൊക്കെയാണ് നടന്നുകൊണ്ടിരിക്കുന്നത് എന്ന് അറിയില്ലായിരുന്നു. ആളുകള്‍ തിരിച്ചറിയുക എന്നത് വലിയ സന്തോഷമായിരുന്നു. ഞാന്‍ വേറെ ഏതോ ലോകത്തായിരുന്നു. ആ ഫെയിം വല്ലാതെ എന്‍ജോയ് ചെയ്തുപോയി. ഇനിയും മുന്നോട്ട് കൊണ്ടുപോകാന്‍ എന്തൊക്കെ ചെയ്യണമെന്ന ബോധം അന്നുണ്ടായില്ല. അന്ന് എന്ത് നല്ല അവസ്ഥയായിരുന്നു എന്ന് ഇപ്പോള്‍ ഓര്‍ക്കുന്നുണ്ട്. അതിലേക്ക് എത്തണമെന്ന് ഇപ്പോഴുമുണ്ട്, നിഷാന്ത് സാഗര്‍ പറഞ്ഞു.

Content Highlight: Actor Nishant sagar on his Come Back on Movies

We use cookies to give you the best possible experience. Learn more